'ആക്രമിക്കാന്‍ ശ്രമിച്ചാല്‍ വീട്ടില്‍ കയറി അടിച്ച് തലപൊട്ടിക്കും'; സിപിഎമ്മിനെതിരെ ഭീഷണിയുമായി പിവി അന്‍വര്‍

മലപ്പുറം: സിപിഎമ്മിനെതിരെ ഭീഷണി പ്രസംഗവുമായി പിവി അന്‍വര്‍. അടിച്ചാല്‍ തിരിച്ചടിക്കുമെന്നാണ് അദ്ദേഹത്തിന്റെ ഭീഷണി. തന്നെയും യു.ഡി.എഫ് പ്രവര്‍ത്തകരേയും ആക്രമിക്കാന്‍ ശ്രമിച്ചാല്‍ വീട്ടില്‍ കയറി അടിച്ച് തലപൊട്ടിക്കുമെന്നും മദ്യവും മയക്കുമരുന്നും കൊടുത്ത് പ്രവര്‍ത്തകരെ വിടുന്ന സിപിഎം നേതാക്കള്‍ക്കുള്ള സൂചനയാണ് ഇതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ആക്രമിക്കാനായി പറഞ്ഞുവിടുന്നവര്‍ക്കായിരിക്കും അടിയെന്നും അന്‍വര്‍ ചൂണ്ടിക്കാട്ടി. ഒളിച്ച് നിന്ന് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനല്ല മറിച്ച് മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കാനാണ് പഠിച്ചതെന്നും അന്‍വര്‍ പറഞ്ഞു. ഒളിച്ച് നിന്ന് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനല്ല മറിച്ച് മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കാന്‍ തന്നെയാണ് പഠിച്ചിട്ടുള്ളതെന്നും അന്‍വര്‍ പറഞ്ഞു. ചുങ്കത്തറയില്‍ നടന്ന പൊതുയോഗത്തിലാണ് അന്‍വറിന്റെ മുന്നറിയിപ്പ്.

ചുങ്കത്തറയിലെ വനിതാ പഞ്ചായത്തംഗത്തിന്റെ ഭര്‍ത്താവിനെ സിപിഎം ഏരിയ സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്നും കുടുംബം അടക്കം പണിതീര്‍ത്തുകളയുമെന്ന് വോയിസ് മെസ്സേജ് അയച്ചുവെന്നും ഭീഷണിക്കെതിരെ പൊലീസില്‍ പരാതി നല്‍കുമെന്നും അന്‍വര്‍ പറഞ്ഞു. ഇവിടെ എല്ലാവര്‍ക്കും രാഷ്ട്രീയം പറയാനും പങ്കുവയ്ക്കാനുമുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും അത് തടയുന്നവരെ നേരിടുമെന്നും അന്‍വര്‍ മുന്നറിയിപ്പ് നല്‍കി.

'പ്രവര്‍ത്തകരെ മദ്യം കൊടുത്ത് വിട്ട നേതാക്കന്മാരോട് ചെറിയ അഭ്യര്‍ത്ഥന പറയുകയാണ്. നിങ്ങള്‍ മദ്യം കൊടുത്തും മയക്കുമരുന്ന് കൊടുത്തും യുഡിഎഫിന്റെ പ്രവര്‍ത്തകരുടേയും എന്റേയും നെഞ്ചത്തേക്ക് പറഞ്ഞുവിട്ടാല്‍ വീട്ടില്‍ കയറി തലപൊട്ടിക്കും. തടിക്ക് ബോധമുണ്ടായിരിക്കണം. അതില്‍ ഒരു തര്‍ക്കവുമില്ല. നിങ്ങള്‍ ആക്രമിച്ച് ഒരുപാട് ആളുകളെ ഇവിടെ കീഴ്‌പ്പെടുത്തിയിട്ടുണ്ട്.

ഞങ്ങള്‍ തലക്കേ അടിക്കുള്ളൂ. ഇതിന് വേണ്ടി ഇവരെ പറഞ്ഞുവിടുന്ന തലകളുണ്ടല്ലോ, അത്രമാത്രമേ എനിക്ക് സൂചിപ്പിക്കാനൂള്ളൂ. ഒളിച്ച് നിന്ന് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനല്ല ഞാന്‍ പഠിച്ചിട്ടുള്ളത്. മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കാന്‍ തന്നെയാണ് പഠിച്ചിട്ടുള്ളത്' - പിവി അന്‍വര്‍ പ്രസംഗത്തില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം മലപ്പുറം ചുങ്കത്തറ പഞ്ചായത്തില്‍ അവിശ്വാസപ്രമേയവുമായി ബന്ധപ്പെട്ട നാടകീയ രംഗങ്ങള്‍ നടന്നിരുന്നു. നേരത്തെ യുഡിഎഫിന്റെ ഭരണം അന്‍വര്‍ എല്‍ഡിഎഫിന് പിടിച്ച് വാങ്ങിക്കൊടുത്തിരുന്നു. ഇപ്പോള്‍ വീണ്ടും അവിശ്വാസപ്രമേയത്തിലൂടെ എല്‍ഡിഎഫിന്റെ ഭരണം യുഡിഎഫിന് പിടിച്ചു വാങ്ങിക്കൊടുത്തിരിക്കുകയാണ് അന്‍വര്‍. ഇതിന് പിന്നാലെയാണ് സിപിഎമ്മിന് നേരെ ഭീഷണി സന്ദേശവുമായി രംഗത്തെത്തിയത്.

Related Articles
Next Story
Share it