PROTEST | സമരം 50 ദിവസം പിന്നിട്ടിട്ടും മുഖംതിരിച്ച് സര്‍ക്കാര്‍; ഒട്ടും പിന്നോട്ടില്ലാതെ തലമുണ്ഡനം ചെയ്തും, മുടി മുറിച്ചും പ്രതിഷേധം കടുപ്പിച്ച് ആശാ വര്‍ക്കര്‍മാര്‍

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ആശാ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന സമരത്തിന് ഇന്ന് അമ്പത് ദിവസമായി. ഇത്രയും നാള്‍ സമരം ചെയ്തിട്ടും മുഖം തിരിക്കുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. ഇതില്‍ പ്രതിഷേധിച്ച് 50 ാം ദിവസം സമരം കടുപ്പിച്ചിരിക്കുകയാണ് ആശാ വര്‍ക്കര്‍മാര്‍.

രാവും പകലുമില്ലാതെ എല്ലാ പ്രതിബന്ധങ്ങളേയും അതിജീവിച്ചാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ ഇവര്‍ സമരം ചെയ്യുന്നത്. ഉപരോധമിരുന്നും നിരാഹാരമനുഷ്ടിച്ചും ആവശ്യങ്ങള്‍ അധികാരികളിലേക്ക് എത്തിക്കാന്‍ എല്ലാ വഴിയിലൂടെയും ശ്രമിച്ചു. എന്നാല്‍ അതെല്ലാം കണ്ടില്ലെന്ന് നടിക്കുന്നവരുടെ മുന്നിലേക്ക് കടുത്ത നിലപാടുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് ആശമാരുടെ നീക്കം.

അവകാശപ്പോരാട്ടത്തെ അവഗണിക്കുന്ന സര്‍ക്കാറിന് മുന്നിലേക്ക് മുടി മുറിച്ചെറിഞ്ഞും തലമുണ്ഡനം ചെയ്തുമാണ് ഇവര്‍ സമരം കടുപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തെ മറ്റ് കേന്ദ്രങ്ങളിലും ആശ പ്രവര്‍ത്തകര്‍ മുടിമുറിച്ച് പ്രതിഷേധത്തില്‍ പങ്കാളികളായി. വളരെ വൈകാരികമായിട്ടായിരുന്നു മുടി മുറിക്കല്‍ പ്രതിഷേധത്തില്‍ ആശാപ്രവര്‍ത്തകര്‍ പങ്കെടുത്തത്.

ഈ പ്രതിഷേധം കണ്ടിട്ടെങ്കിലും മനമലിഞ്ഞ് സര്‍ക്കാര്‍ തങ്ങളെ പരിഗണിക്കണമെന്നാണ് ഇവര്‍ ഒന്നടങ്കം പറയുന്നത്. മുദ്രാവാക്യം വിളികളോടെയായിരുന്നു പ്രതിഷേധം. സമരം ആരംഭിച്ചതിന് ശേഷം സര്‍ക്കാരുമായി ഒന്നിലേറെ തവണ ചര്‍ച്ച നടത്തിയെങ്കിലും എല്ലാം പരാജയമായിരുന്നു. പലവിധത്തിലുള്ള അധിക്ഷേപ പരാമര്‍ശങ്ങളും സമരം ചെയ്യുന്ന ആശാ പ്രവര്‍ത്തകര്‍ക്ക് നേരിടേണ്ടി വന്നു.

ബിജെപി അങ്കമാലി മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ എ വി രഘു, സന്ദീപ് ശങ്കര്‍ എന്നിവരും തല മുണ്ഡനം ചെയ്ത് പ്രതിഷേധത്തില്‍ പങ്കാളികളായി. ബിജെപി പ്രവര്‍ത്തകയായ സുപ്രിയയും മുടി മുറിച്ച് പ്രതിഷേധിച്ചു. ഇവരുടെ ഒരു മാസത്തെ ഓണറേറിയം ആശ വര്‍ക്കര്‍മാര്‍ക്ക് നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.

ആലപ്പുഴയിലും ആശവര്‍ക്കര്‍മാര്‍ മുടി മുറിച്ച് പ്രതിഷേധിച്ചു. തലവടിയില്‍ 17 ആശാവര്‍ക്കര്‍മാര്‍ മുടി മുറിച്ചു. തിരുവനന്തപുരത്തെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് മുടി മുറിച്ച് പ്രതിഷേധിച്ചതെന്ന് ആശാവര്‍ക്കര്‍മാര്‍ വ്യക്തമാക്കി.

Related Articles
Next Story
Share it