ദേഹത്ത് പരിക്കുകളോ, മുറിവുകളോ ഇല്ല; നവീന്‍ ബാബു തൂങ്ങിമരിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; കൊലപാതകത്തിന് തെളിവില്ല
കണ്ണൂര്‍: എ.ഡി.എം നവീന്‍ ബാബുവിന്റെ മരണം തൂങ്ങിമരണമാണെന്നും ദേഹത്ത് സംശയകരമായ പരിക്കുകളോ മുറിവുകളോ ഇല്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ആന്തരികാവയവങ്ങളില്‍ അസ്വഭാവികതയില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുള്ളത്.
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കുടുംബം സംശയം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടം പുറത്ത് വന്നിരിക്കുന്നത്. നവീന്‍ ബാബുവിന്റെ തലയോട്ടിക്ക് പരിക്കില്ല. വാരിയെല്ലുകള്‍ക്ക് ക്ഷതമില്ല. ഇടത് ശ്വാസകോശത്തിന്റെ മുകള്‍ഭാഗം നെഞ്ചിന്റെ ഭാഗം ഭിത്തിയോട് ചേര്‍ന്ന നിലയിലാണയിരുന്നു. പേശികള്‍ക്കും പ്രധാന രക്തക്കുഴലുകള്‍ക്കും പരിക്കില്ല.കണ്ണുകള്‍ അടഞ്ഞിരിക്കുകയായിരുന്നു. മൂക്ക്, വായ, ചെവി എന്നിവയ്ക്ക് പരിക്കില്ല.ചുണ്ടിന് നീല നിറമായിരുന്നു, പല്ലുകള്‍ക്കും മോണകള്‍ക്കും കേടില്ല, നാവ് കടിച്ചിരുന്നു, വിരലിലെ നഖങ്ങള്‍ക്ക് നീല നിറമായിരുന്നു, ശരീരം അഴുകിയതിന്റെ ലക്ഷണങ്ങളില്ല, വയറും മൂത്രാശയവും ശൂന്യമായിരുന്നു. സുഷുമ്‌നാ നാഡിക്ക് പരിക്കില്ല. മൃതദേഹം തണുത്ത അറയില്‍ സൂക്ഷിച്ചിരുന്നില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
നവീന്‍ ബാബുവിനെ കൊലപ്പെടുത്തിയതാണെന്ന് സംശയിക്കാന്‍ കാരണങ്ങളില്ലെന്ന് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയില്‍ ഇന്നലെ നല്‍കിയ എതിര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരുടെ മൊഴി, സാക്ഷിമൊഴി, സാഹചര്യ തെളിവുകള്‍ തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ കൊലപാതകമാണെന്ന സംശയം ഉന്നയിക്കാനുള്ള കാരണമില്ലെന്നാണ് എതിര്‍ സത്യവാങ്മൂലത്തില്‍ പറയുന്നത്. പ്രതി പി.പി. ദിവ്യയുടെയും കണ്ണൂര്‍ കലക്ടറുടെയും നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയെന്നു പറയപ്പെടുന്ന പ്രശാന്തിന്റെയും കോള്‍ രേഖകള്‍ ശേഖരിച്ചു. കൂടാതെ, സി.സി.ടി.വി ദൃശ്യങ്ങളും ശേഖരിച്ചെന്നും കണ്ണൂര്‍ ടൗണ്‍ എസ്.എച്ച്.ഒ ശ്രീജിത് കൊടേരി നല്‍കിയ എതിര്‍സത്യവാങ്മൂലത്തില്‍ അറിയിച്ചു.
എന്നാല്‍ നവീന്‍ ബാബുവിന്റെ കുടുംബം പൊലീസിന്റെ ഈ വാദങ്ങള്‍ തള്ളി. മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് നടത്തിയതിനുശേഷമാണ് ബന്ധുക്കളെ അറിയിക്കുന്നതെന്നും പരിയാരത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തരുതെന്നും കോഴിക്കോട് നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നതായും ബന്ധു അനില്‍ പി. നായര്‍ പറഞ്ഞു. കോടതിയില്‍ പറയാനുള്ളത് പറഞ്ഞിട്ടുണ്ട്, കൊലപാതകമാണോ എന്നതിന് വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നവീന്‍ ബാബുവിന്റെ മരണം സംബന്ധിച്ച അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സി.ബി.ഐ നേരത്തെ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. എന്നാല്‍ പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നും സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്.
യാത്രയയപ്പ് ചടങ്ങിനിടെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് കഴിഞ്ഞ ഒക്ടോബര്‍ 15ന് എ.ഡി.എം നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്.