കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കെട്ടിടം പൊളിഞ്ഞുവീണു; 2 പേര്‍ക്ക് പരിക്ക്

അപകട സമയത്ത് കെട്ടിടത്തോട് ചേര്‍ന്ന് നിന്നവര്‍ക്കാണ് പരിക്കേറ്റത്

കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കെട്ടിടം പൊളിഞ്ഞുവീണ് രണ്ടുപേര്‍ക്ക് പരിക്ക്. ഇവരുടെ പരിക്കു ഗുരുതരമല്ലെന്നാണ് വിവരം. അപകട സമയത്ത് കെട്ടിടത്തോട് ചേര്‍ന്ന് നിന്നവര്‍ക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെ പതിനൊന്നുമണിയോടെയാണ് സംഭവം. പതിനാലാം വാര്‍ഡിന്റെ ഒരു ഭാഗമാണ് തകര്‍ന്നത്. കെട്ടിടത്തില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നില്ലെന്നാണ് വിവരം. അപകടത്തില്‍പ്പെട്ട ഒരു കുട്ടിയെ രക്ഷപ്പെടുത്തിയെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഏറെ കാലപ്പഴക്കമുള്ള കെട്ടിടമാണ് പൊളിഞ്ഞത്. ഗാന്ധിനഗര്‍ പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

പത്താം വാര്‍ഡിനോട് ചേര്‍ന്നുള്ള മൂന്നുനില കെട്ടിടത്തിന്റെ ശുചിമുറിയാണ് ഇടിഞ്ഞുവീണതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാര്‍ അറിയിച്ചു. ഓര്‍ത്തോ പീഡിക്‌സിന്റെ സര്‍ജറി വിഭാഗമാണ് കെട്ടിടത്തില്‍ നേരത്തെ പ്രവര്‍ത്തിച്ചിരുന്നത്. താഴത്തെ രണ്ടു ശുചിമുറികളും പൂര്‍ണമായി ഉപയോഗിച്ചിരുന്നില്ല. 11, 14, 10 വാര്‍ഡുകളാണ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, അടച്ചിട്ട കെട്ടിടത്തിന്റെ ശുചിമുറിയുടെ ഭാഗമാണ് ഇടിഞ്ഞുവീണതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജും അറിയിച്ചു. കിഫ് ബിയില്‍നിന്നു പണം അനുവദിച്ചു പുതിയ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയായിരുന്നു. പുതിയ കെട്ടിടത്തിലേക്കു മാറാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയായിരുന്നുവെന്നും മന്ത്രി അറിയിച്ചു. മന്ത്രി വി.എന്‍. വാസവനും സ്ഥലത്തെത്തിയിട്ടുണ്ട്.

ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ ഖോബ്രഗഡെയും സ്ഥലത്തുണ്ട്. അഗ്‌നിരക്ഷാ സേനയും പൊലീസും പരിശോധന തുടരുകയാണ്.

Related Articles
Next Story
Share it