ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി
കത്തോലിക്കാ സഭയുടെ 266 ാമത്തെ മാര്‍പ്പാപ്പ ആയിരുന്നു.

വത്തിക്കാന്‍: ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 88 വയസായിരുന്നു. വത്തിക്കാനിലെ വസതിയില്‍ പ്രാദേശിക സമയം പുലര്‍ച്ചെ 7:35 നായിരുന്നു അന്ത്യം. കത്തോലിക്കാ സഭയുടെ 266 ാമത്തെ മാര്‍പ്പാപ്പ ആയിരുന്നു. 11 വര്‍ഷം ആഗോള സഭയെ നയിച്ച പിതാവാണ് വിടവാങ്ങിയത്. മാര്‍പാപ്പയുടെ വിയോഗത്തില്‍ അനുശോചന പ്രവാഹമാണ്.
ന്യൂമോണിയ ബാധിതനായി ഗുരുതരാവസ്ഥയില്‍ 38 ദിവസം ആശുപത്രിയില്‍ കഴിഞ്ഞ ശേഷം മാര്‍ച്ച് 23 നാണ് മാര്‍പാപ്പ തിരിച്ചെത്തിയത്. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ അപ്രതീക്ഷിത രാജിപ്രഖ്യാപനത്തെ തുടര്‍ന്നാണ്, അര്‍ജന്റീനയിലെ ബ്യൂനസ് ഐറിസ് ആര്‍ച്ച് ബിഷപ്പായിരുന്ന കര്‍ദിനാള്‍ ജോര്‍ജ് മാരിയോ ബര്‍ഗോളിയോ 2013 മാര്‍ച്ച് 13ന് മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. ആഡംബരങ്ങളും സമ്പത്തുമെല്ലാം ഉപേക്ഷിച്ച് വിശപ്പിലും ദാരിദ്ര്യത്തിലും ജീവിതപ്രകാശം കണ്ടെത്തിയ അസീസ്സിയിലെ ഫ്രാന്‍സിസിന്റെ പേരാണ് അദ്ദേഹം സ്വീകരിച്ചത്.
സഭയ്ക്കുള്ളിലും പുറത്തും നവീകരണത്തിന്റെ വക്താവായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. ഭീകരതയും അഭയാര്‍ഥി പ്രശ്‌നവും മുതല്‍ ആഗോളതാപനം വരെയുള്ള കാര്യങ്ങളില്‍ അദ്ദേഹത്തിന്റെ നിലപാടുകള്‍ക്ക് ലോകം കാതോര്‍ത്തിരുന്നു. ലോകരാഷ്ട്രീയത്തില്‍ അദ്ദേഹം നിര്‍ണായകമായ ഇടപെടലുകള്‍ നടത്തി. ക്യൂബയും അമേരിക്കയും തമ്മിലുള്ള ശീതയുദ്ധത്തിന് അയവുവരുത്തുന്നതില്‍ പങ്കുവഹിച്ചു.
അഭയാര്‍ഥികളോടു മുഖം തിരിക്കാനുള്ള യൂറോപ്പിന്റെ പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ചു. ബാലപീഡനത്തിനെതിരെ അതിശക്തമായ നിലപാടെടുത്തു. ബാലപീഡനം, ലൈംഗിക കുറ്റകൃത്യങ്ങള്‍ എന്നിവയില്‍ ഉള്‍പ്പെട്ട വൈദികര്‍ക്കും മെത്രാന്മാര്‍ക്കുമെതിരെ അച്ചടക്ക നടപടിയെടുത്തു. സഭാഭരണത്തില്‍ വനിതകള്‍ക്കു പ്രാതിനിധ്യം നല്‍കുന്നതിലും ഭിന്നലൈംഗികവിഭാഗങ്ങളുടെ അവകാശങ്ങള്‍ അംഗീകരിക്കുന്നതിനും മുന്‍കൈയെടുത്തു. വധശിക്ഷ ഒഴിവാക്കണമെന്ന് ആഹ്വാനം ചെയ്തു.
അര്‍ജന്റീനയിലെ ബ്യുണസ് ഐറിസില്‍ 1936 ഡിസംബര്‍ ഏഴിന് ജനിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ത്ഥ പേര് ഹോര്‍ഗെ മരിയോ ബെര്‍ഗോളിയോ എന്നായിരുന്നു. 1958 ലാണ് ഈശോ സഭയില്‍ ചേര്‍ന്നത്. 1969 ഡിസംബര്‍ 13 ന് പൗരോഹിത്യം സ്വീകരിച്ചു. 2001 ഫെബ്രുവരി ഒന്നിന് കര്‍ദിനാള്‍ ആയി. 2013 മാര്‍ച്ച് 13 ന് മാര്‍പാപ്പ പദവിയിലെത്തി.
ഇന്ത്യന്‍ യാത്ര എന്ന ആഗ്രഹം സഫലമാകാതെയാണ് മാര്‍പ്പാപ്പയുടെ വിയോഗം. അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കാനുള്ള ആഗ്രഹം മാര്‍പാപ്പ പ്രകടിപ്പിച്ചിരുന്നു. പ്രധാനമന്ത്രി നേരിട്ട് ഫ്രാന്‍സിസ് മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.