പെരിയ ഇരട്ടക്കൊല കേസ്: പ്രതികളെ കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിച്ചു: സന്ദർശിച്ച് പി ജയരാജൻ
കണ്ണൂർ: പെരിയ ഇരട്ടക്കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട ഒമ്പത് പ്രതികളെ കണ്ണൂർ സെൻട്രൽ ജയിലിലെത്തിച്ചു. കെ വി കുഞ്ഞിരാമൻ ഉൾപ്പെടെയുള്ള പ്രതികളെയാണ് വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ നിന്ന് കണ്ണൂരിലെത്തിച്ചിരിക്കുന്നത്. കുറ്റവാളികളായ രജ്ഞിത്ത്, സുധീഷ് ശ്രീരാഗ്, അനിൽ കുമാർ, സജി, അശ്വിൻ, പീതാംബരൻ, സുബീഷ്, സുരേഷ് എന്നിവരെയാണ് ജയിൽ മാറ്റിയത്. കോടതി നിർദ്ദേശ പ്രകാരമാണ് മാറ്റമെന്ന് ജയിൽ അധികൃതർ പറഞ്ഞു.
ശിക്ഷിക്കപ്പെട്ട തങ്ങളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്ന് പ്രതികൾ തന്നെ ആവശ്യപ്പെട്ടിരുന്നു, ബന്ധുക്കൾക്കടക്കം വന്നുകാണാൻ ഇതാണ് നല്ലതെന്നും പ്രതികൾ പറഞ്ഞിരുന്നു. ഇത് വിചാരണ കോടതി അംഗീകരിച്ച സാഹചര്യത്തിലാണ് ജയിൽ മാറ്റം.
പി ജയരാജൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ ജയിലിന് മുന്നിൽ എത്തിച്ചേർന്നിരുന്നു. കോടതിവിധി അന്തിമമല്ലെന്നും കമ്യൂണിസ്റ്റുകാരെ തടവറ കാണിച്ച് പേടിപ്പിക്കണ്ട എന്നായിരുന്നു ജയരാജന്റെ പ്രതികരണം. പ്രതികളെ ജയിലിലെത്തിക്കുന്ന സമയം മുദ്രാവാക്യം വിളികളുമായി സിപിഎം പ്രവർത്തകർ ജയിലിന് പുറത്തുണ്ടായിരുന്നു.