പെരിയ ഇരട്ടക്കൊല കേസ്: 14 പ്രതികള്‍ കുറ്റക്കാര്‍; 10 പേരെ വെറുതെ വിട്ടു; ശിക്ഷ ജനുവരി 3ന് പ്രഖ്യാപിക്കും
എറണാകുളം : പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ 14 പ്രതികള്‍ കുറ്റക്കാരാണെന്ന് എറണാകുളം സി.ബി.ഐ കോടതി കണ്ടെത്തി. 10 പ്രതികളെ വെറുതെ വിട്ടു. ശിക്ഷിക്കപ്പെടുന്നവരില്‍ ആറ് പേര്‍ സിപിഎമ്മിന്റെ പ്രധാന നേതാക്കളാണ്. ഉദുമ മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമനും മുന്‍ ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളിയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ഉദുമ മുന്‍ ഏരിയ സെക്രട്ടറിയുമായ കെ മണികണ്ഠന്‍ എന്നിവരും കുറ്റക്കാരാണെന്ന് കണ്ടെത്തിയ 14 പേരില്‍ ഉള്‍പ്പെടുന്നു. 20 മാസത്തോളം നീണ്ട വിചാരണ നടപടികള്‍ക്കൊടുവിലാണ് കേസില്‍ സി.ബി.ഐ കോടതി ജഡ്ജ് എന്‍ ശേഷാദ്രിനാഥ് വിധി പ്രസ്താവിച്ചത്.
കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകന്‍ സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി മുന്‍ അംഗം എ പീതാംബരന്‍, കൊലപാതകം കൃത്യം നടത്തിയ സജി സി. ജോര്‍ജ് (സജി), കെ.എം. സുരേഷ്, കെ. അനില്‍ കുമാര്‍ (അബു), ജിജിന്‍, ആര്‍. ശ്രീരാഗ് (കുട്ടു), എ. അശ്വിന്‍ (അപ്പു), സുബീഷ് (മണി) എന്നിവര്‍ക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു. ടി. രഞ്ജിത്ത്, കെ. മണികണ്ഠന്‍ (ഉദുമ മുന്‍ ഏരിയ സെക്രട്ടറി, കാഞ്ഞങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്), എ. സുരേന്ദ്രന്‍ (വിഷ്ണു സുര), കെ.വി. കുഞ്ഞിരാമന്‍ (ഉദുമ മുന്‍ എംഎല്‍എ, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം), രാഘവന്‍ വെളുത്തോളി (മുന്‍ പാക്കം ലോക്കല്‍ സെക്രട്ടറി), കെ. വി. ഭാസ്‌കരന്‍ എന്നിവരാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ മറ്റുള്ളവര്‍.കൊലപാതകം, ഗൂഢാലോചന, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ വിവിധ കുറ്റങ്ങളാണ് ഒന്ന് മുതല്‍ 24 വരെയുള്ള പ്രതികള്‍ക്കെതിരെ ചുമത്തിയത്.
2019 ഫെബ്രുവരി 17ന് രാത്രിയിലാണ് കല്യോട്ടെ കൃപേഷ് എന്ന കിച്ചു(19), ശരത്ലാല്‍(23) എന്നിവരെ കൊലപ്പെടുത്തിയത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇരുവരെയും കല്യോട്ട് സ്‌കൂള്‍-ഏച്ചിലടുക്കം റോഡില്‍ തടഞ്ഞുനിര്‍ത്തി മാരകായുധങ്ങളുമായി വന്ന സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ ആദ്യം ലോക്കല്‍ പൊലീസും തുടര്‍ന്ന് ക്രൈംബ്രാഞ്ചുമാണ് അന്വേഷണം നടത്തിയത്. 14 പേര്‍ക്കെതിരെയാണ് ക്രൈംബ്രാഞ്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. എന്നാല്‍ ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്നും ചില സി.പി.എം നേതാക്കള്‍ക്ക് കൊലപാതകവുമായി ബന്ധമുണ്ടെന്നും സി.ബി.ഐ അന്വേഷണം നടത്തണമെന്നും വ്യക്തമാക്കി കൃപേഷിന്റെയും ശരത്ലാലിന്റെയും മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ക്രൈംബ്രാഞ്ച് കുറ്റപത്രം റദ്ദാക്കിയാണ് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിന് അപ്പീല്‍ നല്‍കിയിരുന്നു. ക്രൈംബ്രാഞ്ച് കുറ്റപത്രം നിലനിര്‍ത്തി സിംഗിള്‍ ബെഞ്ചിന്റെ വിധി ഡിവിഷന്‍ ബെഞ്ച് അംഗീകരിക്കുകയായിരുന്നു. ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹരജി നല്‍കിയിരുന്നു. എന്നാല്‍ സുപ്രീംകോടതി സര്‍ക്കാരിന്റെ ഹരജി തള്ളുകയും സി.ബി.ഐ അന്വേഷണമെന്ന ഹൈക്കോടതി ഉത്തരവ് അംഗീകരിക്കുകയുമായിരുന്നു.