പെരിയ ഇരട്ട കൊലക്കേസ് : പത്ത് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം
കൊച്ചി: കല്ല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസില്‍ പത്ത് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം. ഒന്ന് മുതല്‍ 8 വരെയുള്ള പ്രതികള്‍ക്കും 10,15 പ്രതികള്‍ക്കുമാണ് കൊച്ചി സിബിഐ കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്. രണ്ടുലക്ഷം രൂപയും പിഴയായി പ്രതികൾ അടക്കണം. മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമനടക്കം നാല് സിപിഎം നേതാക്കള്‍ക്ക് അഞ്ച് വര്‍ഷം തടവ് ശിക്ഷയും വിധിച്ചു.
ഇരട്ട ജീവപര്യന്തം - പ്രതികൾ
ഒന്നാം പ്രതി എ പീതാംബരന്‍, രണ്ടാം പ്രതി സജി സി ജോര്‍ജ് , മൂന്നാം പ്രതി കെ.എം സുരേഷ് , നാലാം പ്രതി കെ.അനില്‍ കുമാര്‍ ,അഞ്ചാം പ്രതി ഗിജിന്‍ , ആറാം പ്രതി ആര്‍ ശ്രീരാഗ്, ഏഴാം പ്രതി എ അശ്വിന്‍ , എട്ടാം പ്രതി സുബീഷ് , പത്താം പ്രതി ടി രഞ്ജിത്ത്, പതിനഞ്ചാം പ്രതി എ സുരേന്ദ്രന്‍
2019 ഫെബ്രുവരി 17ന് രാത്രിയിലാണ് കല്യോട്ടെ കൃപേഷ് എന്ന കിച്ചു(19), ശരത്‌ലാല്‍(23) എന്നിവരെ കൊലപ്പെടുത്തിയത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇരുവരെയും കല്യോട്ട് സ്‌കൂള്‍-ഏച്ചിലടുക്കം റോഡില്‍ തടഞ്ഞുനിര്‍ത്തി മാരകായുധങ്ങളുമായി വന്ന സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ ആദ്യം ലോക്കല്‍ പൊലീസും തുടര്‍ന്ന് ക്രൈംബ്രാഞ്ചുമാണ് അന്വേഷണം നടത്തിയത്. 14 പേര്‍ക്കെതിരെയാണ് ക്രൈംബ്രാഞ്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. എന്നാല്‍ ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്നും ചില സി.പി.എം നേതാക്കള്‍ക്ക് കൊലപാതകവുമായി ബന്ധമുണ്ടെന്നും സി.ബി.ഐ അന്വേഷണം നടത്തണമെന്നും വ്യക്തമാക്കി കൃപേഷിന്റെയും ശരത്‌ലാലിന്റെയും മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ക്രൈംബ്രാഞ്ച് കുറ്റപത്രം റദ്ദാക്കിയാണ് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിന് അപ്പീല്‍ നല്‍കിയിരുന്നു. ക്രൈംബ്രാഞ്ച് കുറ്റപത്രം നിലനിര്‍ത്തി സിംഗിള്‍ ബെഞ്ചിന്റെ വിധി ഡിവിഷന്‍ ബെഞ്ച് അംഗീകരിക്കുകയായിരുന്നു. ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹരജി നല്‍കിയിരുന്നു. എന്നാല്‍ സുപ്രീംകോടതി സര്‍ക്കാരിന്റെ ഹരജി തള്ളുകയും സി.ബി.ഐ അന്വേഷണമെന്ന ഹൈക്കോടതി ഉത്തരവ് അംഗീകരിക്കുകയുമായിരുന്നു.