മതവിദ്വേഷ പരാമര്‍ശം; പി.സി ജോര്‍ജ് കോടതിയില്‍ കീഴടങ്ങി

കോട്ടയം: ചാനല്‍ ചര്‍ച്ചയില്‍ മതവിദ്വേഷ പരാമര്‍ശം നടത്തിയ കേസില്‍ ബി.ജെ.പി നേതാവ് പി.സി ജോര്‍ജ് ഒടുവില്‍ ഈരാറ്റുപേട്ട മുന്‍സിഫ് കോടതിയില്‍ കീഴടങ്ങി. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയും തള്ളിയതിന് പിന്നാലെ പൊലീസ് അറസ്റ്റിലേക്ക് കടന്നതോടെയാണ് കീഴടങ്ങല്‍.
പി സി ജോര്‍ജിന്റെ അഭിഭാഷകന്‍ സിറിലും മരുമകള്‍ പാര്‍വതിയും എത്തിയതിന് പിന്നാലെയാണ് കീഴടങ്ങുന്നതിനായി ജോര്‍ജ് കോടതിയിലെത്തിയത്. നിയമം പാലിക്കുമെന്നും താന്‍ കീഴടങ്ങനാണ് വന്നതെന്നും ജോര്‍ജ് മാധ്യമങ്ങളോട് പ്രതികരിച്ചു. കേസില്‍ ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയും കോട്ടയം ജില്ലാ സെഷന്‍സ് കോടതിയും തള്ളിയിരുന്നു. തിങ്കളാഴ്ച ഹാജരാകാമെന്നാണ് പൊലീസിനെ അറിയിച്ചിരുന്നത്. എന്നാല്‍, പൊലീസ് നീക്കത്തിന് വഴങ്ങാതെ നാടകീയമായി ജോര്‍ജ് കോടതിയിലെത്തി കീഴടങ്ങുകയായിരുന്നു.
കഴിഞ്ഞ ജനുവരി ആറിന് ചാനല്‍ ചര്‍ച്ചയില്‍ പി സി ജോര്‍ജ് നടത്തിയ പരാമര്‍ശത്തിനെതിരെയാണ് ഈരാറ്റുപേട്ട പൊലീസ് കേസെടുത്തത്. മതസ്പര്‍ധ വളര്‍ത്തല്‍, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തയിരിക്കുന്നത്. ഈരാറ്റുപേട്ട യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റിയാണ് പരാതി നല്‍കിയത്. ചര്‍ച്ചക്കിടെ പി സി ജോര്‍ജ് മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് പരാതി.