മതവിദ്വേഷ പരാമര്‍ശക്കേസില്‍ പി.സി. ജോര്‍ജിന് ജാമ്യം

കോട്ടയം: മതവിദ്വേഷ പരാമര്‍ശക്കേസില്‍ മുന്‍ പൂഞ്ഞാര്‍ എം.എല്‍.എയും ബി.ജെ.പി. നേതാവുമായ പി.സി. ജോര്‍ജിന് ജാമ്യം. ഈരാറ്റുപേട്ട മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം നല്‍കിയത്. ജാമ്യത്തെ പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നെങ്കിലും കോടതി പരിഗണിച്ചില്ല.

കഴിഞ്ഞദിവസം വാദം കേട്ട കോടതി വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. റിമാന്‍ഡിലായ ജോര്‍ജ് ഇസിജി വേരിയേഷനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. 48 മണിക്കൂര്‍ നിരീക്ഷണമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. നിലവില്‍ ജോര്‍ജിന്റെ ആരോഗ്യം തൃപ്തികരമാണ്. ആരോഗ്യനില മെച്ചപ്പെട്ടതിന് ശേഷം ജയിലിലേക്ക് മാറ്റുന്ന കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്താനിരിക്കെയാണ് കോടതി ജാമ്യം അനുവദിച്ചത്.

ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ അത്യന്തം വിദ്വേഷപരമായ പരാമര്‍ശം നടത്തിയെന്നതിന്റെ പേരിലായിരുന്നു പിസി ജോര്‍ജിനെതിരെ കേസെടുത്തത്. പിസി ജോര്‍ജിന്റെ ആരോഗ്യ പ്രശ്‌നം കണക്കിലെടുത്താണ് കോടതി ജാമ്യം പരിഗണിച്ചത്. ആഞ്ജിയോ ഗ്രാം ഉള്‍പ്പെടെയുള്ളവ ചെയ്യേണ്ടതുണ്ട് എന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് അടക്കം കോടതിയില്‍ ഹാജരാക്കിയിരുന്നു. പൊലീസ് റിപ്പോര്‍ട്ടും കോടതി പരിഗണിച്ചു.

കേസ് നടപടിക്രമങ്ങളടക്കം പൂര്‍ത്തിയായതാണ്. മൊഴി രേഖപ്പെടുത്തി, തെളിവുകളടക്കം ശേഖരിച്ചു. അതുകൊണ്ട് തന്നെ ജാമ്യം നല്‍കേണ്ടത് എതിര്‍ക്കേണ്ടതില്ല എന്നായിരുന്നു കോടതിയുടെ നിരീക്ഷണം. അല്‍പ്പസമയത്തിനകം തന്നെ ജാമ്യ ഉത്തരവ് ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് പാല സബ് ജയിലിലേക്ക് കൊണ്ടുപോകും. അതിന് ശേഷം പിസി ജോര്‍ജ് നിലവില്‍ റിമാന്‍ഡില്‍ കഴിയുന്ന കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും. ഉച്ചയോടെ പുറത്തിറങ്ങാനാകുമെന്നാണ് വിവരം.

Related Articles
Next Story
Share it