പയ്യാമ്പലത്ത് കടലില്‍ കുളിക്കാനിറങ്ങിയ 3 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

കര്‍ണാടക സ്വദേശികളായ അഫ്‌നാന്‍, റഹാനുദ്ദീന്‍, അഫ്‌റാസ് എന്നിവരാണ് മരിച്ചത്‌

കണ്ണൂര്‍: പയ്യാമ്പലത്ത് കടലില്‍ കുളിക്കാനിറങ്ങിയ മൂന്ന് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. കര്‍ണാടക സ്വദേശികളും ബെംഗളൂരുവിലെ മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥികളുമായ അഫ്‌നാന്‍, റഹാനുദ്ദീന്‍, അഫ്‌റാസ് എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് ദാരുണമായ അപകടം നടന്നത്.

കടലില്‍ കുളിക്കുന്നതിനിടെ ഇവര്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു എന്നാണ് വിവരം. സംഘത്തില്‍ 8 പേരുണ്ടായിരുന്നു. ഇവര്‍ പയ്യാമ്പലത്തെ റിസോര്‍ട്ടില്‍ താമസിച്ചുവരികയായിരുന്നു. ഞായറാഴ്ച രാവിലെ റിസോര്‍ട്ടിന് മുന്നിലെ കടലില്‍ ഇവര്‍ കുളിക്കാന്‍ ഇറങ്ങുകയായിരുന്നു. അഫ്‌റാസാണ് ആദ്യം കടലില്‍ ഇറങ്ങിയത്. ഒഴുക്കില്‍പ്പെട്ടതോടെ മറ്റു 2 പേര്‍ രക്ഷിക്കാന്‍ ഇറങ്ങി. മൂന്നുപേരും ഒഴുക്കില്‍പ്പെട്ടതോടെ കൂട്ടത്തിലുള്ളവര്‍ നാട്ടുകാരെയും മത്സ്യത്തൊഴിലാളികളെയും വിവരം അറിയിച്ചു.

ഇതോടെ ഫയര്‍ഫോഴ്‌സും പൊലീസും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഒരാള്‍ മരിച്ചനിലയിലും മറ്റുള്ളവര്‍ അത്യാസന്ന നിലയിലുമായിരുന്നു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഈ ഭാഗങ്ങളില്‍ അപകട സാധ്യതയുള്ളതിനാല്‍ സാധാരണയായി ആരും കുളിക്കാനിറങ്ങാറില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.

Related Articles
Next Story
Share it