സാക്ഷരതാ പ്രവര്‍ത്തക പത്മശ്രീ കെവി റാബിയ അന്തരിച്ചു
അര്‍ബുദ ബാധിതയായി ഒരു മാസത്തോളമായി കോട്ടയ്ക്കലില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു

മലപ്പുറം: സാക്ഷരതാ പ്രവര്‍ത്തക പത്മശ്രീ കെവി റാബിയ(59) അന്തരിച്ചു. തിരൂരങ്ങാടി വെള്ളിലക്കാട് സ്വദേശിയും സാമൂഹിക പ്രവര്‍ത്തകയുമാണ്. അര്‍ബുദ ബാധിതയായി ഒരു മാസത്തോളമായി കോട്ടയ്ക്കലില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആശുപത്രിയില്‍ വച്ചായിരുന്നു മരണം സംഭവിച്ചത്.
തിരൂരങ്ങാടി വെള്ളിലക്കാട് കറിവേപ്പില്‍ മൂസക്കുട്ടി ഹാജിയുടെയും ബിയ്യാച്ചുട്ടി ഹജ്ജുമ്മയുടെയും മകളായി 1966 ഫെബ്രുവരി 25നായിരുന്നു ജനനം. 2022-ലാണ് റാബിയയെ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചത്. സാക്ഷരത രംഗത്തെ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച് ആയിരുന്നു രാജ്യം റാബിയയെ ആദരിച്ചത്. 2014-ല്‍ സംസ്ഥാന സര്‍ക്കാറിന്റെ 'വനിതാരത്നം' അവാര്‍ഡ് നേടി. 'സ്വപ്നങ്ങള്‍ക്ക് ചിറകുകളുണ്ട്'എന്ന കൃതിയാണ് റാബിയയുടെ ആത്മകഥ.
രോഗങ്ങളും ദുരിതങ്ങളും സൃഷ്ടിച്ച വെല്ലുവിളികള്‍ അതിജീവിച്ച് സമൂഹ നന്മയ്ക്കു വേണ്ടി മാറ്റിവച്ചതായിരുന്നു റാബിയയുടെ ജീവിതം. സമ്പൂര്‍ണ സാക്ഷരതാ യജ്ഞമാണ് റാബിയയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. ചന്തപ്പടി ജിഎല്‍പി സ്‌കൂള്‍, തിരൂരങ്ങാടി ഗവ ഹൈസ്‌ക്കൂള്‍, തിരൂരങ്ങാടി പിഎസ്എംഒ കോളേജ് എന്നിവടങ്ങളിലായിരുന്നു പഠനം. പുതിയ കാലത്തിനു മുന്നില്‍ കേരളം കാഴ്ചവച്ച അപൂര്‍വവും വിസ്മയകരവുമായ ജീവിതകഥയാണ് റാബിയയുടേത്.
പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് പോളിയോ ബാധിച്ച് അരയ്ക്ക് താഴെ തളര്‍ന്നുപോയത്. തിരുരങ്ങാടി പി.എസ്.എം.ഒ കോളേജില്‍ ആയിരുന്നു പ്രീഡിഗ്രി പഠനം. പഠനം അവിടെ വച്ച് നിര്‍ത്തുകയും ശാരീരിക അവശതകള്‍ കാരണം വീട്ടില്‍ തന്നെ കഴിയുകയുമായിരുന്നു. അവിടെ നിന്നാണ് സജീവമായി സാമൂഹിക വിദ്യാഭ്യാസ മേഖലയില്‍ ഇടപെടാന്‍ തുടങ്ങിയത്.
2000ല്‍ അര്‍ബുദം ബാധിച്ചെങ്കിലും കീമോതെറാപ്പി വിജയകരമായി നടത്തി. 38-ാം വയസ്സില്‍ കുളിമുറിയുടെ തറയില്‍ തെന്നിവീണ് നട്ടെല്ല് തകര്‍ന്നു. കഴുത്തിനു താഴെ ഭാഗികമായി തളര്‍ന്ന നിലയിലായിരുന്നു. അസഹനീയ വേദനയില്‍ കിടക്കുമ്പോഴും റാബിയ കളര്‍ പെന്‍സില്‍ ഉപയോഗിച്ച് നോട്ട് ബുക്കുകളുടെ പേജുകളില്‍ തന്റെ ഓര്‍മകള്‍ എഴുതാന്‍ തുടങ്ങി.
ഒടുവില്‍ 'നിശബ്ദ നൊമ്പരങ്ങള്‍' പുസ്തകം പൂര്‍ത്തിയാക്കി. ആത്മകഥ 'സ്വപ്നങ്ങള്‍ക്ക് ചിറകുകളുണ്ട്' ഉള്‍പ്പെടെ നാലു പുസ്തകം എഴുതിയിട്ടുണ്ട്. പുസ്തകത്തില്‍ നിന്നുള്ള റോയല്‍റ്റിയാണ് ചികിത്സാ ചെലവുകള്‍ക്ക് ഉപയോഗിച്ചിരുന്നത്.
നാഷണല്‍ യൂത്ത് അവാര്‍ഡ്, സംസ്ഥാന സാക്ഷരതാ മിഷന്‍ അവാര്‍ഡ്, യുഎന്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ്, കണ്ണകി സ്ത്രീ ശക്തി പുരസ്‌കാരം, തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചു. സഫിയ, ഖദീജ, നഫീസ, ആസിയ, ആരിഫ എന്നിവര്‍ സഹോദരിമാരാണ്. ഭര്‍ത്താവ് ബങ്കാളത്ത് മുഹമ്മദ്.