ഓണം: സപ്ലൈകോയുടെ ശബരി ബ്രാന്‍ഡില്‍ 5 പുതിയ ഉത്പന്നങ്ങള്‍ കൂടി വിപണിയിലിറക്കി
ചലച്ചിത്രതാരം റിമ കല്ലിങ്കലിന് ഉല്‍പ്പന്നങ്ങള്‍ നല്‍കിക്കൊണ്ട് മന്ത്രി ജി ആര്‍ അനില്‍ ആദ്യ വില്പന നിര്‍വഹിച്ചു

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് സപ്ലൈകോയുടെ ശബരി ബ്രാന്‍ഡില്‍ അഞ്ചു പുതിയ ഉത്പന്നങ്ങള്‍ കൂടി വിപണിയിലിറക്കി. എറണാകുളം ബോള്‍ഗാട്ടി പാലസില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്രതാരം റിമ കല്ലിങ്കലിന് ഉല്‍പ്പന്നങ്ങള്‍ നല്‍കിക്കൊണ്ട് മന്ത്രി ജി ആര്‍ അനില്‍ ആദ്യ വില്പന നിര്‍വഹിച്ചു.
അരിപ്പൊടി(പുട്ടുപൊടി, അപ്പം പൊടി), പായസം മിക്‌സ്(സേമിയ / പാലട 200 ഗ്രാം പാക്കറ്റുകള്‍), പഞ്ചസാര, ഉപ്പ് (കല്ലുപ്പ്, പൊടിയുപ്പ്), പാലക്കാടന്‍ മട്ട(വടിയരി, ഉണ്ടയരി) എന്നിവയാണ് ശബരി ബ്രാന്‍ഡിലെ പുതിയ ഉത്പന്നങ്ങള്‍. പൊതുവിപണിയേക്കാള്‍ വിലക്കുറവില്‍ ഗുണ മേന്മ ഉറപ്പാക്കികൊണ്ടാണ് സപ്ലൈകോ പുതിയ ഉത്പന്നങ്ങള്‍ എത്തിക്കുന്നതെന്ന് ചടങ്ങില്‍ സംസാരിക്കവെ മന്ത്രി പറഞ്ഞു.
കിലോയ്ക്ക് 88 രൂപ വിലയുള്ള പുട്ടുപൊടിയും അപ്പം പൊടിയും, 46 രൂപയ്ക്കാണ് സപ്ലൈകോ നല്‍കുന്നത്. പുട്ടുപൊടിയും അപ്പം പൊടിയും ചേര്‍ന്നുള്ള കോംബോ ഓഫറിന് 88 രൂപയാണ് വില. 20 രൂപ പരമാവധി വില്പന വിലയുള്ള കല്ലുപ്പ് 12 രൂപയ്ക്കും പൊടിയുപ്പ് 12.50 നും 60 രൂപ എംആര്‍പിയുള്ള പഞ്ചസാര 50 രൂപയ്ക്കും ശബരി ബ്രാന്റില്‍ ലഭ്യമാകും.
സേമിയ/ പാലട പായസം മിക്‌സിന്റെ വില 200 ഗ്രാമിന് 42 രൂപയാണ്. സപ്ലൈകോ ശബരി ബ്രാന്‍ഡില്‍ പുറത്തിറക്കിയ പാലക്കാടന്‍ മട്ട വടിയരി പത്ത് കിലോയ്ക്ക് 599 രൂപ, ഉണ്ട അരി 506 രൂപ, പാലക്കാടന്‍ മട്ട വടിയരി 5 കിലോയ്ക്ക് 310രൂപ, ഉണ്ട അരി 262 രൂപ എന്നിങ്ങനെയാണ് പുതിയ ശബരി ഉത്പന്നങ്ങളുടെ വില.
സപ്ലൈകോ മാനേജിങ് ഡയറക്ടര്‍ ഡോ. അശ്വതി ശ്രീനിവാസ് ഐ.എ.എസ്, ജനറല്‍ മാനേജര്‍ വി.എം ജയകൃഷ്ണന്‍, അഡിഷണല്‍ ജനറല്‍ മാനേജര്‍ വി കെ അബ്ദുല്‍ ഖാദര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.