ബിരിയാണിക്ക്‌ സാലഡ് കിട്ടിയില്ല; കൊല്ലത്ത് കൂട്ടത്തല്ല്‌; 4 പേര്‍ക്ക് പരിക്ക്

തലയ്ക്ക് പരിക്കേറ്റ എല്ലാവരും ആശുപത്രിയില്‍

കൊല്ലം: വിവാഹ സല്‍ക്കാരത്തിനുശേഷം ബിരിയാണിയില്‍ സാലഡ് കിട്ടിയില്ലെന്ന് പറഞ്ഞ് കേറ്ററിങ് തൊഴിലാളികള്‍ തമ്മിലുണ്ടായ തര്‍ക്കം കൂട്ടത്തല്ലില്‍ കലാശിച്ചു. സംഭവത്തില്‍ 4 പേര്‍ക്ക് പരിക്കേറ്റു. എല്ലാവര്‍ക്കും തലയ്ക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച ഉച്ചയോടെ തട്ടാമല പിണയ്ക്കല്‍ ഭാഗത്തെ ഓഡിറ്റോറിയത്തിലാണ് സംഭവം.

വിവാഹത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം ബിരിയാണി വിളമ്പിയ ശേഷം കേറ്ററിങ് തൊഴിലാളികള്‍ ആഹാരം കഴിക്കാനായി തയാറെടുത്തു. ഇവര്‍ പരസ്പരം ബിരിയാണി വിളമ്പി. എന്നാല്‍ ചിലര്‍ക്ക് സാലഡ് കിട്ടിയില്ല. ഇതാണ് തര്‍ക്കത്തിന് കാരണമായത്. അധികം വൈകാതെ തന്നെ അത് സംഘര്‍ഷത്തിലെത്തുകയായിരുന്നു. ഇരു വിഭാഗങ്ങളായി തിരിഞ്ഞ് ഇവര്‍ ഭക്ഷണം വിളമ്പിയ പാത്രങ്ങളുമായി ഏറ്റുമുട്ടി. തലയ്ക്ക് പരിക്കേറ്റ നാലുപേരെയും കൂട്ടിക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പിന്നാലെ ചേരിതിരിഞ്ഞ് ആക്രമിച്ച രണ്ടു കൂട്ടരും ഇരവിപുരം പൊലീസില്‍ പരാതിയുമായി എത്തി. രണ്ടു കൂട്ടരെയും പൊലീസ് സ്റ്റേഷനിലേക്ക് അനുനയത്തിനായി വിളിപ്പിച്ചിട്ടുണ്ട്. അടിയുണ്ടാക്കിയവര്‍ക്ക് എതിരെ കേസെടുക്കുമെന്ന് ഇരവിപുരം എസ്.എച്ച്.ഒ ആര്‍.രാജീവ് അറിയിച്ചു.

Related Articles
Next Story
Share it