കൊച്ചി വിമാനത്താവളത്തിന് സമീപം പുതിയ റെയില്‍വേ സ്റ്റേഷന്‍ വരുന്നു

തിരുവനന്തപുരം: കൊച്ചിയുടെ വികസന കുതിപ്പിനായി നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം പുതിയ റെയില്‍വേ സ്റ്റേഷന്‍ വരുന്നു. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്റെ ഇടപെടലിനെത്തുടര്‍ന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ നിര്‍ദേശപ്രകാരമാണ് പദ്ധതി നടപ്പില്‍ വരുത്തുന്നത്.
ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ആര്‍.എന്‍.സിങ് സ്ഥലം സന്ദര്‍ശിച്ച് എസ്റ്റിമേറ്റ് തയാറാക്കാന്‍ നിര്‍ദേശം നല്‍കി. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 19 കോടി രൂപയാണ് റെയില്‍വേ സ്റ്റേഷന്‍ നിര്‍മാണത്തിന്റെ ചെലവ്. എസ്റ്റിമേറ്റിന് അംഗീകാരമാകുന്നതോടെ കരാര്‍ ക്ഷണിച്ച് ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. എയര്‍പോര്‍ട്ട് യാത്രികര്‍ക്ക് വലിയ ആശ്വാസമാകുന്ന ദീര്‍ഘനാളത്തെ ആവശ്യമാണ് ഇപ്പോള്‍ യാഥാര്‍ഥ്യമാകുന്നത്.
കൊച്ചിന്‍ എയര്‍പോര്‍ട്ട് എന്ന പേരാണ് റെയില്‍വേ സ്റ്റേഷന് ശുപാര്‍ശ ചെയ്തിരിക്കുന്നതെന്ന വിവരവും പുറത്തുവരുന്നുണ്ട്. വന്ദേ ഭാരത് ട്രെയിനുകള്‍ക്കും ഇന്റര്‍സിറ്റി ട്രെയിനുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്കും പുതിയ റെയില്‍വേ സ്റ്റേഷനില്‍ സ്റ്റോപ്പ് ഉണ്ടാകും.
എയര്‍പോര്‍ട്ട് സ്റ്റേഷന്‍ യാഥാര്‍ഥ്യമാകുന്നതോടെ ട്രെയിനില്‍ എത്തുന്ന വിമാനത്താവളയാത്രികര്‍ക്ക് വലിയ ആശ്വാസമാകും. നിലവില്‍ ആലുവ റെയില്‍വേ സ്റ്റേഷനാണ് ഇവര്‍ യാത്രയ്ക്കായി ഉപയോഗിക്കുന്നത്. ഇവിടെ നിന്ന് ടാക്‌സിയില്‍ എയര്‍പോര്‍ട്ടിലേക്ക് പോകാന്‍ 600 രൂപയെങ്കിലും വേണം. വന്ദേ ഭാരത് പോലുള്ള ട്രെയിനുകള്‍ക്ക് ആലുവയില്‍ സ്റ്റോപ്പും ഇല്ല. വന്ദേ ഭാരതില്‍ വരുന്നവര്‍ എറണാകുളത്ത് ട്രെയിനിറങ്ങി എയര്‍പോര്‍ട്ടിലേക്ക് മറ്റുമാര്‍ഗങ്ങള്‍ തേടേണ്ട അവസ്ഥയാണ് നിലവിലുള്ളത്.
ഇ.അഹമ്മദ് കേന്ദ്രമന്ത്രിയായിരിക്കെ 2010 ല്‍ നെടുമ്പാശേരിയില്‍ റെയില്‍വേ സ്റ്റേഷന് തറക്കല്ലിട്ടിരുന്നെങ്കിലും പദ്ധതി മുന്നോട്ടുപോയില്ല. ബെന്നി ബഹനാന്‍ എംപി അടുത്ത കാലത്തും വിഷയം ലോക്‌സഭയില്‍ ഉന്നയിച്ചിരുന്നു. പുതിയ രൂപരേഖയില്‍ സ്റ്റേഷന്റെ സ്ഥാനം സോളര്‍ പാടത്തിന്റെ ഭാഗത്തേക്ക് നീക്കിയിട്ടുണ്ട്. ട്രാക്കിന് സമീപം ഇരുവശത്തും റെയില്‍വേയുടെ ഭൂമി ലഭ്യമാണ്.
അത്താണി ജംക്ഷന്‍ എയര്‍പോര്‍ട്ട് റോഡിലെ മേല്‍പാലം കഴിഞ്ഞാകും പ്ലാറ്റ് ഫോം തുടങ്ങുക. 24 കോച്ച് ട്രെയിനുകള്‍ നിര്‍ത്താനാകുന്ന 2 പ്ലാറ്റ് ഫോമുകളാണ് പദ്ധതിയിലുള്ളത്. പ്ലാറ്റ് ഫോമില്‍ നിന്ന് പുറത്തേക്കിറങ്ങുക റണ്‍വേയുടെ അതിര്‍ത്തിയിലുള്ള ചൊവ്വര നെടുവന്നൂര്‍ എയര്‍പോര്‍ട്ട് റോഡിലേക്കാണ്.
മേല്‍പാലത്തിന് താഴെയുള്ള റോഡിലൂടെ ഒന്നര കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വിമാനത്താവളത്തിലെത്തും. ഈ റൂട്ടില്‍ ഇലക്ട്രിക് ബസ് ഏര്‍പ്പെടുത്താമെന്ന് കൊച്ചി വിമാനത്താവള കമ്പനി അധികൃതര്‍ (സിയാല്‍) റെയില്‍വേയെ അറിയിച്ചിട്ടുണ്ട്.