കണ്ണീരോർമ്മയായി മധുവിധു; അനുവും നിഖിലും വിവാഹിതരായത് നവംബർ 30ന്
പത്തനംതിട്ട : പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കൂടലിൽ മിനി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച നിഖിലും അനുവും വിവാഹിതരായത് രണ്ടാഴ്ച മുമ്പാണ് . നവംബർ 30 ന് നടന്ന വിവാഹ ചടങ്ങിൽ നാട്ടുകാരും ബന്ധുക്കളും ഒത്ത് ചേർന്നിരുന്നു. മലേഷ്യയിൽ മധുവിധു കഴിഞ്ഞ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മക്കളെ സ്വീകരിക്കാനാണ് ബിജുവും ഈപ്പനും ശനിയാഴ്ച രാത്രി തിരിച്ചത്. മക്കളെയും കൂട്ടി മടങ്ങവേ പുലർച്ചെ 4.10 ഓടെയാണ് അപകടമുണ്ടായത്. കാർ അമിത വേഗതയിൽ ആയിരുന്നുവെന്ന് ദൃക്ഷസാക്ഷികൾ പറഞ്ഞു. അയപ്പ ഭക്തർ സഞ്ചരിച്ച മിനി ബസ്സിൻ്റെ വലത് വശത്ത് ഇടിച്ച് കാർ പൂർണമായും തകർന്നു. വീട്ടിലേക്കെത്താൻ ഏഴ് കിലോ മീറ്റർ ബാക്കി നിൽക്കെയാണ് ദാരുണമായ അപകടം ഉണ്ടായത്.
കാറിന്റെ മുൻവശം ആകെ തകർന്ന നിലയിലായിരുന്നു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് ഇവരെ ഈപ്പൻ മത്തായി, നിഖിൽ, ബിജു എന്നിവർ സംഭവസ്ഥലത്ത് മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് അനു മരിച്ചത്. ഈപ്പൻ മത്തായിയുടെയും ബിജുവിന്റെയും നിഖിലിന്റെയും മൃതദേഹങ്ങൾ കോന്നി താലൂക്ക് ആശുപത്രിയിലാണ്. അനുവിന്റെ മൃതദേഹം പത്തനംതിട്ട സ്വകാര്യ ആശുപത്രിയിലും. പോസ്റ്റ്മോമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. കാനഡയിൽ എഞ്ചിനിയറാണ് നിഖിൽ . വിവാഹശേഷം ജോലിസ്ഥലത്തേക്ക് മടങ്ങാനിരിക്കുകയാണ് നിഖിൽ. ബസിലുണ്ടായിരുന്ന ഏതാനും തീർഥാടകർക്ക് പരിക്കേറ്റുവെന്നാണ് വിവരം. പരിക്ക് ഗുരുതരമല്ല.