ഭാവഗായകന് വിട : പി ജയചന്ദ്രൻ അന്തരിച്ചു

തൃശൂർ : മലയാളികളുടെ പ്രണയത്തിനും വിരഹത്തിനും ഗൃഗാതുരതയ്ക്കും തുടങ്ങി ഓരോ വൈകാരിക മുഹൂർത്തങ്ങൾക്കും പശ്ചാത്തല സംഗീതം ഒരുക്കിയ ഭാവഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു. 80 വയസ്സായിരുന്നു. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. അഞ്ച് പതിറ്റാണ്ട് നീണ്ട സംഗീത ജീവിതത്തിൽ അദ്ദേഹം കയ്യൊപ്പ് ചാർത്തിയ ഈണങ്ങൾ മലയാളികളുടെയും ഇതര ഭാഷയിലെ സംഗീത പ്രേമികകളുടെയും ഹൃദയത്തോട് ചേർത്ത് വെയ്ക്കുന്നവയാണ് . മലയാളം ,തമിഴ്, കന്നട , തെലുങ്ക് ,ഹിന്ദി എന്നീ ഭാഷകളിൽ അദ്ദേഹം പാടി.

മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി, അനുരാഗഗാനം പോലെ, രാജീവനയനേ നീയുറങ്ങൂ, രാസാത്തി ഉന്നെ കാണാതെ നെഞ്ചം , പ്രായം നമ്മില്‍ മോഹം നല്‍കി, നിന്‍ മണിയറയിലെ, മറന്നിട്ടുമെന്തിനോ, ഹര്‍ഷബാഷ്പം തൂകി, കാട്ടുകുറിഞ്ഞി പൂവും ചൂടി, ഉപാസന, കരിമുകില്‍ കാട്ടിലെ, തുടങ്ങി അദ്ദേഹം ആലപിച്ച നിരവധി ഗാനങ്ങൾ നിത്യഹരിതമായി നിലനിൽക്കും.

1944 മാർച്ച് 3 ന് എറണാകുളം ജില്ലയിലെ രവിപുരത്താണ് ജനനം.. പിന്നീട് ഇരിങ്ങാലക്കുടയിലേക്ക് താമസം മാറ്റി. ഗായകൻ യേശുദാസിന്റെ സുഹൃത്തായിരുന്ന ജ്യേഷ്ഠൻ സുധാകരൻ വഴിയാണ്ജയചന്ദ്രൻ ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് കടന്നു വരുന്നത്. 1965ൽ'കുഞ്ഞാലിമരയ്ക്കാര്‍' എന്ന പടത്തില്‍ പി ഭാസ്കരന്റെ രചനയായ 'ഒരുമുല്ലപ്പൂമാലയുമായ് 'എന്ന ഗാനം ചിദംബരനാഥിന്റെ സംഗീതത്തില്‍ പാടി. ആ ചിത്രം പുറത്തുവരുന്നതിനു മുന്നേ മദ്രാസില്‍ നടന്ന ഒരു ഗാനമേളയില്‍ ജയചന്ദ്രൻ പാടിയ രണ്ടു പാട്ടുകള്‍ കേട്ട സംവിധായകന്‍ എ വിന്‍സെന്റിന്റെ ശുപാര്‍ശ പ്രകാരം സംഗീത സംവിധായകന്‍ ജി ദേവരാജന്‍ പി ഭാസ്കരന്റെ രചനയായ 'മഞ്ഞലയില്‍മുങ്ങിത്തോര്‍ത്തി' എന്ന ഗാനം 'കളിത്തോഴന്‍' എന്ന ചിത്രത്തിനായി പാടിച്ചു. ഈ ചിത്രം 1967ല്‍ പുറത്തുവരികയും ​ഗാനം ഏറെ ശ്രദ്ധ നേടി.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it