മുജീബ് അഹ്മദ് എ.ഐ.എഫ്.എം.പി ദേശീയ ഉപാധ്യക്ഷന്‍

ലക്‌നൗ: രാജ്യത്തെ പ്രസുടമകളുടെ അപക്‌സ് ബോഡിയായ ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഓഫ് മാസ്റ്റര്‍ പ്രിന്റേഴ്‌സ് (എ.ഐ.എഫ്.എം.പി.) ദേശീയ വൈസ് പ്രസിഡണ്ടായി ഉത്തരദേശം പബ്ലിഷറും കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗവുമായ മുജീബ് അഹ്മദ് തിരഞ്ഞെടുക്കപ്പെട്ടു. ഇത് കേരളത്തിന് തന്നെ ലഭിക്കുന്ന വലിയ നേട്ടങ്ങളിലൊന്നാണ്. എതിരില്ലാതെയാണ് മുജീബ് അഹ്മദ് തിരഞ്ഞെടുക്കപ്പെട്ടത്. നാമനിര്‍ദ്ദേശ പത്രിക നല്‍കിയിരുന്ന എതിര്‍ സ്ഥാനാര്‍ത്ഥി, ദേശീയ നേതൃത്വത്തില്‍ മുജീബ് അഹ്മദിന്റെ ആവശ്യം മനസിലാക്കി വോട്ടെടുപ്പിന് തൊട്ടുമുമ്പ് പിന്മാറുകയായിരുന്നു.
ലക്‌നൗവില്‍ ഇന്നലെ ചേര്‍ന്ന സംഘടനയുടെ 72-ാമത് വാര്‍ഷിക ജനറല്‍ബോഡി യോഗത്തിലാണ് കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര പ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളുടെ സംഘടനാ ചുമതലയുള്ള വൈസ് പ്രസിഡണ്ടായി മുജീബ് അഹ്മദ് തിരഞ്ഞെടുക്കപ്പെട്ടത്. വിവിധ സംസ്ഥാനങ്ങളിലുള്ള നൂറോളം പ്രിന്റേഴ്‌സ് അസോസിയേഷനുകളുടെ കേന്ദ്ര സംഘടനയാണ് ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഓഫ് മാസ്റ്റര്‍ പ്രിന്റേഴ്‌സ്. ഇതിന്റെ ഗവേണിംഗ് കൗണ്‍സില്‍ അംഗമായി 5 വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന മുജീബ് ആദ്യമായാണ് ദേശീയ നേതൃനിരയിലെത്തുന്നത്. കേരള സ്റ്റേറ്റ് സ്‌മോള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ (കെ.എസ്.എസ്.ഐ.എ) കാസര്‍കോട് ജില്ലാ സെക്രട്ടറി കൂടിയാണ് മുജീബ്. നേരത്തെ കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട്, കാസര്‍കോട് ജില്ലാ പ്രസിഡണ്ട്, നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് കാസര്‍കോട് ചാപ്റ്റര്‍ ജനറല്‍ കണ്‍വീനര്‍, ജെ.സി.ഐ. കാസര്‍കോട് പ്രസിഡണ്ട് തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. കാസര്‍കോട് ജില്ലയുടെ വിദ്യാഭ്യാസ, ആരോഗ്യ മേഖലകളുടെ വളര്‍ച്ചക്ക് വേണ്ടി നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കൂട്ടായ്മകളിലും സജീവമാണ്.
എ.ഐ.എഫ്.എം.പി പ്രസിഡണ്ടായി തെലുങ്കാന ഓഫ്‌സെറ്റ് പ്രിന്റേഴ്‌സ് അസോസിയേഷന്‍ പ്രതിനിധി സി. രവീന്ദര്‍ റെഡ്ഡിയും ജനറല്‍ സെക്രട്ടറിയായി ബോംബെ മാസ്റ്റര്‍ പ്രിന്റേഴ്‌സ് അസോസിയേഷന്‍ പ്രതിനിധി മെഹുല്‍ ദേശായിയും ട്രഷററായി ശിവകാശി മാസ്റ്റര്‍ പ്രിന്റേഴ്‌സ് അസോസിയേഷന്‍ പ്രതിനിധി സമ്പത്ത് കുമാറും തിരഞ്ഞെടുക്കപ്പെട്ടു.