ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ നിയന്ത്രണം; ഒരു ദിവസം 75,000 പേര്‍ക്ക് മാത്രമായിരിക്കും ദര്‍ശനം
സ്‌പോട്ട് ബുക്കിംഗ് 5000 പേര്‍ക്ക് മാത്രമായി ചുരുക്കുന്നു

കൊച്ചി: ശബരിമലയില്‍ നിലപാട് കടുപ്പിച്ച് ഹൈക്കോടതി. കഴിഞ്ഞദിവസം ശബരിമലയില്‍ അനിയന്ത്രിതമായ ഭക്തജന പ്രവാഹം ഉണ്ടാവുകയും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സാധിക്കാതിരിക്കുകയും ചെയ്ത സംഭവം ഏറെ വിവാദമായിരുന്നു. തുടര്‍ന്നാണ് വിഷയത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. ബുധനാഴ്ച വിഷയം പരിഗണിച്ച കോടതി തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയായിരുന്നു.
ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം സ്‌പോട്ട് ബുക്കിംഗ് 5000 പേര്‍ക്ക് മാത്രമായി ചുരുക്കുന്നു. ഒരു ദിവസം 75,000 പേര്‍ക്ക് മാത്രമായിരിക്കും ശബരിമല ദര്‍ശനം അനുവദിക്കുക. തിങ്കളാഴ്ച വരെ ആയിരിക്കും നിയന്ത്രണം. കാനനപാത വഴിയും 5000 പേര്‍ക്ക് മാത്രം പാസ് അനുവദിച്ചാല്‍ മതിയെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ചൊവ്വാഴ്ച ഇരുപതിനായിരം പേര്‍ക്കായിരുന്നു സ്‌പോട്ട് ബുക്കിംഗ് അനുവദിച്ചത്. വെര്‍ച്വല്‍ ബുക്കിംഗ് ഷെഡ്യൂള്‍ സമയത്തിന് 6 മണിക്കൂര്‍ മുമ്പും 18 മണിക്കൂറിന് ശേഷവും മാത്രമായിരിക്കും സ്‌പോട്ട് ബുക്കിംഗ് അനുമതി. ഈ സമയപരിധിക്കപ്പുറമുള്ള വെര്‍ച്വല്‍ ക്യു ബുക്കിംഗും ഇനി അംഗീകരിക്കില്ല.

