സംവിധായകൻ ഷാഫി അന്തരിച്ചു: വിടവാങ്ങിയത് സൂപ്പർ ഹിറ്റ് സിനിമകളുടെ അതികായൻ

കൊച്ചി: മലയാള സിനിമ സംവിധായകൻ ഷാഫി അന്തരിച്ചു. ആന്തരിക രക്തസ്രാവത്തെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. തലച്ചോറിലെ രക്‌തസ്രാവത്തിന് ശസ്ത്രക്രിയ നടത്തിയെങ്കിലും നില വഷളായതിനാൽ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. ഈ മാസം 16 നാണ് അദ്ദേഹത്തെ കടുത്ത തലവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചത്. ശനിയാഴ്ച രാത്രി 11:30 ഓടെയാണ് മരണം സ്ഥിരീകരിച്ചത്.

ഭാര്യ: ഷാമില. മക്കൾ: അലീമ, സൽമ. സംവിധായകനും തിരക്കഥാകൃത്തുമായ റാഫി ( റാഫി മെക്കാർട്ടിൻ )സഹോദരനാണ്. മൃതദേഹം ഇന്ന് രാവിലെ ഇടപ്പള്ളി ബി.ടി.എസ് റോഡിലെ വസതിയിൽ എത്തിക്കും. തുടർന്ന് രാവിലെ 9.30 മുതൽ ഒരുമണിവരെ മണപ്പാട്ടിപ്പറമ്പ് കൊച്ചിൻ സർവീസ് സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വയ്ക്കും. വൈകീട്ട് നാലിന് കറുകപ്പിള്ളി ജുമാമസ്ജിദ് ഖബർസ്താനിൽ ഖബറടക്കും.

എളമക്കര മൂത്തോട്ടത്ത് എം.പി. ഹംസയുടെയും നബീസയുടെയും മകനായി ജനിച്ച ഷാഫിയുടെ യഥാർഥ പേര് എം.എച്ച്. റഷീദ് എന്നാണ്. കുട്ടിക്കാലം മുതൽ കലാമേഖലകളിൽ കഴിവ് തെളിയിച്ചു. ബന്ധുവായ സംവിധായകൻ സിദ്ദീഖിന്റെയും സഹോദരൻ റാഫിയുടെയും പാതയിലൂടെയാണ് സിനിമയിലേക്ക് കടന്നുവന്നത്. സംവിധാനം ചെയ്ത 17 സിനിമകളിൽ ഏറെയും വമ്പൻ ഹിറ്റുകളായിരുന്നു.

2001-ൽ ജയറാം , സംയുക്ത വർമ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച വൺമാൻഷോ എന്ന ചിത്രത്തിലൂടെ ഷാഫി സ്വതന്ത്ര സംവിധായകനായി. പിന്നെ സംവിധാനം ചെയ്ത കല്യാണ രാമൻ മലയാളികളെ ഇന്നും ചിരിപ്പിച്ചു കൊണ്ടിരിക്കുന്നു. പിന്നെയും നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളൊരുക്കി. പുലിവാൽ കല്യാണം, തൊമ്മനും മക്കളും, മായാവി, ചട്ടമ്പിനാട്, ചോക്ലേറ്റ്, മേരിക്കുണ്ടൊരു കുഞ്ഞാട്, മേക്കപ്പ്മാൻ, ടു കൺട്രീസ്, ഷെർലക്ക് ടോംസ് തുടങ്ങി 18 ചിത്രങ്ങൾ സംവിധാനം ചെയ്തു. ഇതിൽ മജ എന്ന തമിഴ് ചിത്രവും ഉൾപ്പെടുന്നു. തൊമ്മനും മക്കളും എന്ന ചിത്രത്തിന്റെ റീമേക്ക് ആയിരുന്നു ഇത്

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it