ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ കെ സ്റ്റോറുകള്‍ സജീവമാക്കുമെന്ന് മന്ത്രി ജി ആര്‍ അനില്‍
വെളിച്ചെണ്ണയുടെ വില നിയന്ത്രിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പിലാക്കുമെന്നും മന്ത്രി

കാഞ്ഞങ്ങാട്: ഗ്രാമീണ മേഖലയില്‍ അടക്കം കുറഞ്ഞ വിലയില്‍ ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങളും ഡിജിറ്റല്‍ സേവനങ്ങളും ലഭ്യമാക്കുന്നതിന് കെ സ്റ്റോര്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുമെന്ന് ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. കാഞ്ഞങ്ങാട് ചേടീ റോഡില്‍ ആരംഭിച്ച സപ്ലൈകോ മാവേലി സൂപ്പര്‍ സ്റ്റോറിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പാചകവാതകവും മില്‍മ, ശബരി ഉല്‍പ്പന്നങ്ങളുമടക്കം കെ സ്റ്റോറുകള്‍ വഴി ലഭ്യമാകും. നിലവില്‍ സംസ്ഥാനത്തെ 390 റേഷന്‍ കടകളില്‍ 38 എണ്ണമാണ് റേഷന്‍ കടകളെ കൂടുതല്‍ സ്മാര്‍ട്ട് ആക്കുന്ന കെ സ്റ്റോറുകള്‍. വരും ദിവസങ്ങളില്‍ കെ സ്റ്റോറുകളുടെ സേവനങ്ങള്‍ കൂടുതല്‍ റേഷന്‍കടകളിലേക്ക് വ്യാപിപ്പിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനമെന്നും മന്ത്രി പറഞ്ഞു.
2016 മുതലിങ്ങോട്ട് നിരക്കില്‍ വലിയ വ്യത്യാസം വരാതെയാണ് വിവിധ സബ് സിഡി ഉല്‍പ്പന്നങ്ങള്‍ സപ്ലൈകോ സ്റ്റോറുകള്‍ വഴി പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നത്. റേഷന്‍ കടകളെ ആശ്രയിക്കുന്ന പൊതുജനങ്ങളുടെ എണ്ണം വര്‍ധിക്കുന്നുവെന്നത് ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ വില്‍ക്കപ്പെടുന്നുവെന്നതിനുള്ള തെളിവാണെന്നും മന്ത്രി പറഞ്ഞു. മറ്റു ചില സംസ്ഥാനങ്ങളില്‍ റേഷന്‍ കടകള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന സാഹചര്യമുണ്ടായപ്പോള്‍ കേരളം ഇവയെ കൂടുതല്‍ ജനകീയമാക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത് .
ഇതിന്റെ ഭാഗമായി കഴിഞ്ഞ നാലു വര്‍ഷത്തിനിടെ 34969 പുതിയ റേഷന്‍ കാര്‍ഡുകള്‍ ആണ് വിതരണം ചെയ്തത്. സപ്ലൈകോ വഴി മികച്ച ഗുണ നിലവാരത്തിലും വിലക്കുറവിലും ലഭിക്കുന്ന പതിമൂന്നിന ഉല്‍പ്പന്നങ്ങള്‍ വീണ്ടും വിലകുറച്ച് എത്തിക്കുന്നതിനും സര്‍ക്കാര്‍ മുന്‍കൈയെടുക്കുമെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ സ്ഥാപനങ്ങളും കേന്ദ്ര ഗവണ്‍മെന്റ് സ്ഥാപനങ്ങളും ഉല്‍പ്പന്നങ്ങള്‍ക്ക് ഈടാക്കുന്ന വിലയേക്കാള്‍ തുച്ഛമായ വിലയ്ക്ക് ഉല്‍പ്പന്നങ്ങള്‍ ഈ ഓണക്കാലത്ത് ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ ഉള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും മന്ത്രി പറഞ്ഞു. വെളിച്ചെണ്ണയുടെ വില നിയന്ത്രിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.
ഇ ചന്ദ്രശേഖരന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ് സണ്‍ കെ.വി. സുജാത ആദ്യവില്‍പ്പന നിര്‍വഹിച്ചു. കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയര്‍മാന്‍ ബില്‍ടെക് അബ്ദുള്ള, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ കെ. ലത, കെ.വി. സരസ്വതി, കെ. അനീശന്‍, കെ.വി. പ്രഭാവതി, നഗരസഭ കൗണ്‍സിലര്‍മാരായ എന്‍.വി. രാജന്‍, പള്ളിക്കൈ രാധാകൃഷ്ണന്‍, പി.വി. മോഹനന്‍, കെ. രവീന്ദ്രന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ, ഉമേശന്‍ വേളൂര്‍, എന്‍. ബാലകൃഷ്ണന്‍, വി. വെങ്കിടേഷ്, സി.കെ. വത്സലന്‍, യു.കെ. ജയപ്രകാശ്, ആനന്ദന്‍ എന്നിവര്‍ സംസാരിച്ചു. സപ്ലൈകോ ജനറല്‍ മാനേജര്‍ വി.കെ. അബ്ദുള്‍ ഖാദര്‍ സ്വാഗതവും ജില്ലാ സപ്ലൈ ഓഫീസര്‍ കെ.എന്‍. ബിന്ദു നന്ദിയും പറഞ്ഞു.