കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മാപ്പിളപ്പാട്ട് ഗായകന്‍ ഫൈജാസ് മരിച്ചു

തലശ്ശേരി: കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മാപ്പിളപ്പാട്ട് ഗായകന്‍ ഫൈജാസ് ഉളിയില്‍(38)മരിച്ചു. മൈസൂരു സംസ്ഥാനാന്തര പാതയില്‍ പുന്നാട് അര്‍ദ്ധരാത്രി 12 മണിയോടെയാണ് അപകടം സംഭവിച്ചത്.
ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന ചക്കരക്കല്ല് സ്വദേശികള്‍ സഞ്ചരിച്ച കാറും മട്ടന്നൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ഫൈജാസ് സഞ്ചരിച്ച കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ ഫൈജാസ് സഞ്ചരിച്ച കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നതായി പൊലീസ് അറിയിച്ചു.
വാഹനത്തിനുള്ളില്‍ കുടുങ്ങിക്കിടന്ന ഫൈജാസിനെ പൊലീസും ഇരിട്ടിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും ഏറെ നേരത്തെ പരിശ്രമത്തിനോടുവിലാണ് പുറത്തെടുത്ത് മട്ടന്നൂരിലെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ചക്കരക്കല്ല് സ്വദേശികള്‍ സഞ്ചരിച്ച കാറില്‍ 5 പേരാണ് ഉണ്ടായിരുന്നത്. ഇവരെ പരുക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പതിവായി അപകടങ്ങള്‍ നടക്കുന്ന സ്ഥലമാണ് ഇതെന്ന് പ്രദേശവാസികള്‍ പറയുന്നു. കീഴൂര്‍ക്കുന്നിനും പുന്നാടിനുമിടയില്‍ നേരെയുള്ള റോഡും ഇറക്കവുമാണ്. ഇവിടെ വാഹനങ്ങള്‍ അമിതവേഗതയിലാണ് സഞ്ചരിക്കാറുള്ളത്. ഇതിന് മുന്‍പും പ്രദേശത്തുണ്ടായ അപകടങ്ങളില്‍ മരണം സംഭവിച്ചിട്ടുണ്ട്.