മൊബൈല്‍ഫോണ്‍ എടുക്കാന്‍ 30 അടി താഴ്ചയുള്ള കിണറ്റില്‍ ഇറങ്ങിയ യുവാവിന് പറ്റിയത് എട്ടിന്റെ പണി; രക്ഷകരായി ഫയര്‍ ഫോഴ്‌സ്
കഷ്ടപ്പെട്ട് കിണറ്റില്‍ ഇറങ്ങിയെങ്കിലും ഫോണ്‍ കിട്ടിയില്ല

തിരുവനന്തപുരം: അബദ്ധത്തില്‍ വീണ മൊബൈല്‍ ഫോണ്‍ എടുക്കാന്‍ 30 അടി താഴ്ചയുള്ള കിണറ്റിലിറങ്ങിയ യുവാവ് പുറത്തുകടക്കാനാകാതെ കുടുങ്ങി. വക്കം പാട്ടിക്കവിള സ്വദേശി അഖിലാണ് (34) കിണറ്റില്‍ കുടുങ്ങിയത്. ഒടുവില്‍ ആറ്റിങ്ങലില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് അഖിലിനെ പുറത്തെടുത്തത്. കഴിഞ്ഞ ദിവസം വൈകിട്ടോടെയായിരുന്നു സംഭവം.
അഖിലും വീട്ടുകാരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും ഇതിനിടെ ഫോണ്‍ കിണറ്റില്‍ വീഴുകയുമായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഇതെടുക്കാനായി 30 അടിയോളം താഴ്ചയുള്ള കിണറ്റിലേക്ക് അഖില്‍ ഇറങ്ങിയെങ്കിലും തിരിച്ച് കയറാനായില്ല. ഇതോടെ സമീപവാസി ഫയര്‍ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. ആറ്റിങ്ങല്‍ യൂണിറ്റില്‍ നിന്നും ഫയര്‍ഫോഴ്‌സ് സംഘം എത്തി നെറ്റ് ഉപയോഗിച്ചാണ് അഖിലിനെ പുറത്തെത്തിച്ചത്.
വെള്ളത്തില്‍ വീണെങ്കിലും പരുക്കുകളോ ബോധക്ഷയമോ ഉണ്ടാകാതിരുന്നതിനാല്‍ ഫയര്‍ഫോഴ്‌സിന് പണി എളുപ്പമായി. ഉദ്യോഗസ്ഥര്‍ ഇട്ടുകൊടുത്ത നെറ്റില്‍ കയറി അതിവേഗം യുവാവിനെ പുറത്തെത്തിച്ചു. എന്നാല്‍ കഷ്ടപ്പെട്ട് കിണറ്റില്‍ ഇറങ്ങിയെങ്കിലും ഫോണ്‍ കിട്ടിയില്ലെന്നാണ് അഖിലിന്റെ നിരാശ. സ്റ്റേഷന്‍ ഓഫീസര്‍ അഖിലിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം നടത്തിയത്.

