മമ്മൂട്ടി പൂര്‍ണ ആരോഗ്യവാന്‍; ആശംസകള്‍ അറിയിച്ച് താരങ്ങള്‍
സെപ്റ്റംബറില്‍ മഹേഷ് നാരായണന്‍ സിനിമയില്‍ ജോയിന്‍ ചെയ്യുമെന്ന് അടുത്ത വൃത്തങ്ങള്‍

നടന്‍ മമ്മൂട്ടിക്ക് കാന്‍സര്‍ ബാധിച്ചുവെന്ന വാര്‍ത്ത ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. പലര്‍ക്കും ഈ വാര്‍ത്ത വിശ്വസിക്കാന്‍ പോലും പ്രയാസമായിരുന്നു. എന്നിരുന്നാലും താരവുമായി ബന്ധപ്പെട്ടവര്‍ തന്നെ വാര്‍ത്ത സ്ഥിരീകരിച്ച് രംഗത്തെത്തി.
എന്നാല്‍ ഇപ്പോള്‍ മമ്മൂട്ടി അസുഖം ഭേദമായി പൂര്‍ണ ആരോഗ്യവാനാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ചികിത്സയ്ക്കായി സിനിമയില്‍ നിന്ന് അവധിയെടുത്ത് ചെന്നൈയിലേക്ക് പോയ താരം പൂര്‍ണ ആരോഗ്യവാനാണെന്ന് ഡോക്ടര്‍മാര്‍ തന്നെ സാക്ഷ്യപ്പെടുത്തി. ചൊവ്വാഴ്ച രാവിലെയോടെയാണ് എല്ലാ ടെസ്റ്റുകളുടെയും ഫലങ്ങള്‍ പുറത്തു വന്നത്. ഉടന്‍ തന്നെ കേരളത്തിലേക്ക് മടങ്ങിയെത്തുന്ന അദ്ദേഹം സെപ്റ്റംബറില്‍ മഹേഷ് നാരായണന്‍ സിനിമയില്‍ ജോയിന്‍ ചെയ്യുമെന്ന് താരത്തോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. മമ്മൂട്ടി സുഖം പ്രാപിച്ചുവെന്ന വാര്‍ത്തയ്ക്ക് പിന്നാലെ നിരവധി താരങ്ങളാണ് ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയത്.
സമൂഹ മാധ്യമത്തില്‍ മമ്മൂട്ടിക്ക് മുത്തം കൊടുക്കുന്ന പഴയൊരു ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് മോഹന്‍ലാല്‍. മോഹന്‍ലാല്‍ ഒന്നും എഴുതിയിട്ടില്ലെങ്കിലും മമ്മൂട്ടിയുടെ രോഗ വിമുക്തിയില്‍ സന്തോഷം പ്രകടിപ്പിച്ചുള്ള പോസ്റ്റാണ് ഇത് എന്നാണ് വ്യക്തമാകുന്നത്. നിരവധി പേരാണ് മമ്മൂട്ടിക്ക് ആശംസകള്‍ നേര്‍ന്ന് ഫോട്ടോയ്ക്ക് കമന്റുകളുമായി എത്തിയത്.
'ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാര്‍ഥനയ്ക്ക് ഫലം കണ്ടു, ദൈവമേ നന്ദി, നന്ദി, നന്ദി', മമ്മൂട്ടിയുടെ രോഗമുക്തിയെക്കുറിച്ച് നിര്‍മാതാവ് ആന്റോ ജോസഫ് സമൂഹമാധ്യമത്തില്‍ എഴുതിയതിങ്ങനെ.
'സന്തോഷത്തില്‍ നിറഞ്ഞ കണ്ണുകളോടെ കൈകൂപ്പി നിങ്ങളുടെ മുന്നില്‍ ഞാന്‍ നില്‍ക്കുന്നു. പ്രാര്‍ത്ഥിച്ചവര്‍ക്കും, കൂടെ നിന്നവര്‍ക്കും, ഒന്നുമുണ്ടാവില്ല എന്ന് പറഞ്ഞു ആശ്വസിപ്പിച്ചവര്‍ക്കും പറഞ്ഞാല്‍ തീരാത്ത സ്‌നേഹത്തോടെ പ്രിയപ്പെട്ടവരെ...നന്ദി' മമ്മൂട്ടിയുടെ സന്തതസഹചാരിയായ ജോര്‍ജ് കുറിച്ചതിങ്ങനെ.
മലയാള സിനിമയിലെ പ്രമുഖര്‍ ആന്റോ ജോസഫിന്റെ പോസ്റ്റിന് താഴെ ആശംസകളും പ്രാര്‍ത്ഥനയുമായി എത്തിയിട്ടുണ്ട്. എക്കാലത്തെയും വലിയ വാര്‍ത്തയെന്നായിരുന്നു നടി മാല പാര്‍വതിയുടെ കമന്റ്. ഇത്രയും ആളുകള്‍ ഒരുമിച്ച് പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവത്തിന് കേള്‍ക്കാതിരിക്കാന്‍ പറ്റില്ലല്ലോ എന്ന് സംവിധായകന്‍ കണ്ണന്‍ താമരകുളവും കമന്റ് ചെയ്തു.
മമ്മൂട്ടിയുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്ന നടന്‍ രമേശ് പിഷാരടിയും സന്തോഷം പങ്കുവച്ചിട്ടുണ്ട്. 'എല്ലാം ഓകെ ആണ്' എന്നാണ് അദ്ദേഹത്തിന്റെ പോസ്റ്റ്.
മമ്മൂട്ടി ഉടന്‍ തന്നെ സിനിമകളില്‍ സജീവമാകുമെന്ന് അദ്ദേഹത്തിന്റെ പിആര്‍ഒ റോബര്‍ട്ട് കുര്യാക്കോട് പറഞ്ഞു. ചിത്രീകരണങ്ങളില്‍ മാത്രമാണ് ഇക്കാലയളവില്‍ അദ്ദേഹം സജീവമല്ലാതിരുന്നതെന്നും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലടക്കം സജീവമായിരുന്നുവെന്നും റോബര്‍ട്ട് കുര്യാക്കോസ് വ്യക്തമാക്കി.