പൈലറ്റ് ശുചിമുറിയില്‍ പോയ സമയത്ത് നിയന്ത്രണം ഏറ്റെടുത്ത സഹപൈലറ്റ് ബോധരഹിതനായി; വിമാനം തനിയെ പറന്നത് 10 മിനിറ്റ്; സ്പാനിഷ് വിമാന അതോറിറ്റി പുറത്തുവിട്ടത് ഞെട്ടിക്കുന്ന വിവരങ്ങള്‍

സംഭവ സമയത്ത് വിമാനത്തില്‍ 199 യാത്രക്കാരും 6 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.

ബര്‍ലിന്‍: പൈലറ്റ് ശുചിമുറിയില്‍ പോയ സമയത്ത് നിയന്ത്രണം ഏറ്റെടുത്ത സഹപൈലറ്റ് ബോധരഹിതനായി. ഇതേ തുടര്‍ന്ന് വിമാനം ആകാശത്ത് തനിയെ പറന്നത് 10 മിനിറ്റ്. 2024 ഫെബ്രുവരി 17ന് നടന്ന സംഭവത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ സ്പാനിഷ് വിമാന അതോറിറ്റിയുടെ അന്വേഷണത്തിനിടെയാണ് പുറത്തുവന്നത്.

ലുഫ് താന്‍സ എയര്‍ലൈന്‍സിന്റെ വിമാനമാണ് ആളില്ലാതെ 10 മിനിറ്റ് നേരം ആകാശത്ത് പറന്നത്. സംഭവ സമയത്ത് വിമാനത്തില്‍ 199 യാത്രക്കാരും 6 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ജര്‍മനിയിലെ ഫ്രാങ്ക് ഫര്‍ട്ടില്‍ നിന്ന് സ്‌പെയിനിലെ സെവില്ലിലേക്ക് പോകുകയായിരുന്നു ലുഫ്താന്‍സ വിമാനം.

പൈലറ്റ് ശുചിമുറിയില്‍ പോയ സമയത്ത് കോക്ക് പിറ്റില്‍ വച്ച് സഹപൈലറ്റ് ബോധരഹിതനാകുകയായിരുന്നു. തുടര്‍ന്ന് 10 മിനിറ്റ് നേരം പൈലറ്റിന്റെ നിയന്ത്രണത്തിലല്ലാതെ എയര്‍ബസ് എ321 വിമാനം പറന്നു. സഹപൈലറ്റ് അബോധാവസ്ഥയിലായെങ്കിലും വിമാനം ഓട്ടോ പൈലറ്റ് മോഡിലേക്ക് മാറിയിരുന്നു. ടേക്ക് ഓഫ് ചെയ്യുന്ന സമയത്തുതന്നെ വിമാനം ഓട്ടോ പൈലറ്റ് മോഡിലേക്ക് മാറുന്നതാണ് രീതി.

ശുചിമുറിയില്‍ നിന്ന് തിരികെ വന്ന പൈലറ്റ് കോക് പിറ്റിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. ഇതോടെ ക്രൂ അംഗങ്ങള്‍ സഹപൈലറ്റിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

ഒടുവില്‍, അടിയന്തിര ഘട്ടത്തില്‍ വാതില്‍ തുറക്കാന്‍ അനുവദിക്കുന്ന കോഡ് ടൈപ്പ് ചെയ്താണ് പൈലറ്റ് കോക് പിറ്റിലേക്കു പ്രവേശിച്ചത്. തുടര്‍ന്ന് വിമാനം മാഡ്രിഡില്‍ അടിയന്തരമായി ലാന്റിങ് നടത്താന്‍ പൈലറ്റ് തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് അബോധാവസ്ഥയിലായ സഹപൈലറ്റിനെ ആശുപത്രിയിലേക്ക് മാറ്റി.

Related Articles
Next Story
Share it