കള്ളന്‍മാര്‍ ജാഗ്രതൈ..!! ഒരു നാടിവിടെ ഉണര്‍ന്നിരിപ്പുണ്ട്... മോഷണം തടയാന്‍ നാട്ടുകാരുടെ ഡിഫന്‍സ് ടീം
''ഒരിക്കലും മോഷ്ടാവിനെ ശാരീരകമായി നേരിടുക എന്നതല്ല ഡിഫന്‍സ് ടീം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. കള്ളനെ പിടികൂടിയ ശേഷം നിയമത്തിന് മുന്നില്‍ ഏല്‍പ്പിക്കുക എന്നതാണ്.'' വാര്‍ഡ് അംഗം അരവിന്ദ് ശങ്കര്‍ ഉത്തരദേശം ഓണ്‍ലൈനിനോട് പറഞ്ഞു.
കോട്ടയം: 'രാത്രിയിലോ പകലോ ഇവിടുത്തെ വീടുകളിലും കടകളിലും മോഷണം നടത്താമെന്ന കുല്‍സിത ചിന്താഗതിയുമായി വരുന്നവര്‍ ഓര്‍ത്തുവെച്ചോ.. കാര്യം സാധിച്ച് വെറുതെ അങ്ങ് പോകാമെന്ന് വിചാരിക്കേണ്ട. നല്ല ഇലവെട്ടി വിളമ്പി പതിനാറ് കറിയും ചേര്‍ത്ത് തീറ്റിച്ചിട്ടേ വിടു' കോട്ടയം കല്ലറ ഗ്രാമ പഞ്ചായത്തിലെ നാലാം വാര്‍ഡായ ഗ്രാമ പഞ്ചായത്ത് ഭാഗം വാര്‍ഡിലെ പ്രധാന സ്ഥലത്ത് മലയാളത്തിലും തമിഴിലും ഹിന്ദിയിലും പ്രത്യക്ഷപ്പെട്ട ഈ ബോര്‍ഡ് ഇനി നാട്ടില്‍ വിലസിനടക്കുന്ന കള്ളന്‍മാര്‍ക്ക് മുന്നറിയിപ്പായി മാറും. മോഷണം തുടര്‍ക്കഥയായ ഇവിടെ കള്ളന്‍മാരെ തുരത്താന്‍ നാടൊന്നാകെ ഒന്നിച്ചിരിക്കുകയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്ന് തവണയാണ് പ്രദേശത്ത് മോഷണം നടന്നത്. രാത്രി 11നും പിന്നെ പുലര്‍ച്ചെ രണ്ടിനും നാലിനും ഇടയിലും.നൈറ്റ് പട്രോളിംഗിലുള്ള പൊലീസും പിന്നെ നാട്ടുകാരും രാത്രിയില്‍ വിവരം അറിഞ്ഞ് ഓടിയെത്തുമ്പോഴേക്കും കള്ളന്‍ സ്ഥലം വിട്ടുകാണും. ഇതിനെ തുടര്‍ന്നാണ് വാര്‍ഡില്‍ ഡിഫന്‍സ് ടീമിനെ രൂപീകരിക്കാന്‍ ഗ്രാമ പഞ്ചായത്ത് ഭാഗം മെമ്പറും കളരിപ്പയറ്റ് അധ്യാപകന്‍ കൂടിയായ അരവിന്ദ് ശങ്കര്‍ ഡിഫന്‍സ് ടീമിനെ രൂപീകരിക്കാന്‍ ആലോചിക്കുന്നത്.
പ്രദേശത്തെ രാഷ്ട്രീയ സംഘടനകളെയും മറ്റ് സന്നദ്ധ സംഘടനകളെയും ചേര്‍ത്ത് യോഗം വിളിച്ച് ആദ്യം വിഷയം ചര്‍ച്ച ചെയ്തു. വാര്‍ഡിലെ റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥരും സൈനികരും എന്തിന് കുടുംബശ്രീ അംഗങ്ങള്‍ വരെ ഡിഫന്‍സ് ടീം രൂപീകരിക്കാന്‍ പിന്തുണയുമായി രംഗത്തെത്തി. വാര്‍ഡില്‍ ആകെ 275 വീടുകളാണ് ഉള്ളത്. ഇതിനായി 78 പേരടങ്ങുന്ന ടീമിനെ സജ്ജമാക്കി. പ്രാഥമിക ശുശ്രൂഷ നല്‍കാന്‍ അറിയുന്നവര്‍ മുതല്‍ ആയോധന കലകള്‍ പഠിച്ചവര്‍ വരെ കൂട്ടത്തിലുണ്ട്. ഏത് പാതിരാത്രിയിലും സഹായത്തിനായി ഓടിയെത്താന്‍ ഇവര്‍ തയ്യാറാവും. ആദ്യഘട്ടത്തില്‍ എല്ലാ വീടുകളിലും കയറി ബോധവല്‍കരിച്ചു. ഒപ്പം സ്വീകരിക്കേണ്ട മുന്‍കരുതല്‍ മാര്‍ഗങ്ങളും. എല്ലാ രാത്രികളിലും സംഘത്തിലെ മൂന്ന് പേര്‍ നാട്ടില്‍ ഉണര്‍ന്നിരിപ്പുണ്ടാവും. ഇതില്‍ സ്ത്രീകളും ഉണ്ട്.
''ഒരിക്കലും മോഷ്ടാവിനെ ശാരീരകമായി നേരിടുക എന്നതല്ല ഡിഫന്‍സ് ടീം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. കള്ളനെ പിടികൂടിയ ശേഷം നിയമത്തിന് മുന്നില്‍ ഏല്‍പ്പിക്കുക എന്നതാണ്..'' ഗ്രാമപഞ്ചായത്ത് ഭാഗം വാര്‍ഡ് അംഗം അരവിന്ദ് ശങ്കര്‍ ഉത്തരദേശം ഓണ്‍ലൈനിനോട് പറഞ്ഞു.