തദ്ദേശ ഉപതിരഞ്ഞെടുപ്പ്: നേട്ടം കൊയ്ത് യു.ഡി.എഫ്; മൂന്ന് പഞ്ചായത്തുകള്‍ നഷ്ടപ്പെട്ട് എല്‍.ഡി.എഫ്
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ നേട്ടവുമായി യു.ഡി.എഫ്. മൂന്ന് പഞ്ചായത്തുകളില്‍ യു.ഡി.എഫ് അട്ടിമറി വിജയം നേടി. ഇതോടെ എല്‍.ഡി.എഫിന് മൂന്ന് പഞ്ചായത്തുകളില്‍ ഭരണം കൈവിട്ടു. സംസ്ഥാനത്തെ 11 ജില്ലകളിലായി 31 തദ്ദേശ സ്ഥാപനങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് 17 ഇടത്തും എല്‍.ഡി.എഫ് 11 ഇടത്തും ബി.ജെ.പി മൂന്നിടത്തും വിജയിച്ചു.
തൃശ്ശൂരിലെ നാട്ടിക, പാലക്കാട്ടെ തച്ചമ്പാറ, ഇടുക്കിയിലെ കരിമണ്ണൂര്‍ എന്നീ പഞ്ചായത്തുകളിലാണ് എല്‍.ഡി.എഫിന് ഭരണം നഷ്ടമായത്. ഡിസംബര്‍ 10ന് ആണ് തിരഞ്ഞെടുപ്പ് നടന്നത്. ഒരു ജില്ലാ പഞ്ചായത്ത് ഡിവിഷന്‍, 11 ജില്ലകളിലായി നാല് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍, മൂന്ന് നഗരസഭാ കൗണ്‍സില്‍, 23 ഗ്രാമ പഞ്ചായത്ത് വാര്‍ഡ് എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. മലപ്പുറം മഞ്ചേരി നഗരസഭയിലെ കരുവമ്പ്രം വാര്‍ഡ് സിപിഎമ്മില്‍ നിന്ന് കോണ്‍ഗ്രസ് പിടിച്ചെടുത്തു. 42 വര്‍ഷമായി സിപിഎം തുടര്‍ച്ചയായി ജയിക്കുന്ന വാര്‍ഡായിരുന്നു ഇത്. ഇരട്ട പദവിയുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് വാര്‍ഡ് മെമ്പറെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യയാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. അതേസമയം മലപ്പുറം ആലങ്കോട് പഞ്ചായത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥിരം കുത്തകയായിരുന്ന പെരുമുക്ക് വാര്‍ഡ് എല്‍.ഡി.എഫ് പിടിച്ചെടുത്തു.