തദ്ദേശ തിരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണത്തിനുള്ള സമയപരിധി ബുധനാഴ്ച അവസാനിക്കും

ഒരു സ്ഥാനാര്‍ത്ഥിക്ക് 3 സെറ്റ് പത്രിക സമര്‍പ്പിക്കാം

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി ബുധനാഴ്ച അവസാനിക്കും. ഉച്ചകഴിഞ്ഞ് 3 മണി വരെ പത്രിക സമര്‍പ്പിക്കാം. ഒരു സ്ഥാനാര്‍ത്ഥിക്ക് 3 സെറ്റ് പത്രിക സമര്‍പ്പിക്കാം.

പത്രിക സമര്‍പ്പിക്കുന്നയാള്‍ക്ക് സ്വന്തമായോ / തന്റെ നിര്‍ദ്ദേശകന്‍ വഴിയോ പൊതുനോട്ടീസില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള സ്ഥലത്ത് ഫോറം 2 - ല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. സ്ഥാനാര്‍ത്ഥി ആ തദ്ദേശ സ്ഥാപനത്തിലെ ഏതെങ്കിലും വാര്‍ഡിലെ വോട്ടറായിരിക്കണം. പത്രിക സമര്‍പ്പിക്കുന്ന തീയതിയില്‍ 21 വയസ്സ് പൂര്‍ത്തിയായിരിക്കണം. സ്ഥാനാര്‍ത്ഥി ബധിര - മൂകനായിരിക്കരുത്. സ്ഥാനാര്‍ത്ഥിയെ നാമനിര്‍ദ്ദേശം ചെയ്യുന്നയാള്‍ അതേ വാര്‍ഡിലെ വോട്ടറായിരിക്കണം.

സംവരണ സീറ്റുകളില്‍ മത്സരിക്കുന്നവര്‍ ആ വിഭാഗത്തില്‍പ്പെട്ടവരായിരിക്കണം. പട്ടികജാതി, പട്ടികവര്‍ഗ്ഗ സംവരണവാര്‍ഡുകളില്‍ മത്സരിക്കുന്നവര്‍ അധികാരപ്പെട്ട ഉദ്യോഗസ്ഥനില്‍ നിന്നുള്ള ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. പത്രികയോടൊപ്പം അതത് സ്ഥാനങ്ങളിലേക്ക് നിശ്ചിത തുകയും കെട്ടിവയ്ക്കണം. ഗ്രാമപഞ്ചായത്തില്‍ 2000 രൂപയും, ബ്‌ളോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവിടങ്ങളില്‍ 4000 രൂപയും, കോര്‍പ്പറേഷന്‍, ജില്ലാപഞ്ചായത്ത് എന്നിവിടങ്ങളില്‍ 5000 രൂപയും ആണ് കെട്ടിവെയ്‌ക്കേണ്ടത്. പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് തുകയുടെ പകുതി മതി.

സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദശ പത്രികയോടൊപ്പം കെട്ടിവയ്‌ക്കേണ്ട തുക അതത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ അടച്ച്, അതിന്റെ രസീത് പത്രികയോടൊപ്പം വരണാധികാരിയ്ക്ക് സമര്‍പ്പിക്കാം. പണം നേരിട്ട് വരണാധികാരിയുടെ പക്കല്‍ ഏല്‍പ്പിച്ചും ട്രഷറിയില്‍ അടവാക്കിയും നിക്ഷേപിക്കാം.

സ്ഥാനാര്‍ത്ഥിയുടെ വിദ്യാഭ്യാസ യോഗ്യത, പത്രിക സമര്‍പ്പിക്കുന്ന സമയത്ത് സ്ഥാനാര്‍ത്ഥി ഉള്‍പ്പെട്ടിട്ടുള്ള ക്രിമിനല്‍ കേസുകള്‍, സ്ഥാനാര്‍ത്ഥിയുടെയും കുടുംബാംഗങ്ങളുടെയും ആസ്തിയും ബാധ്യതയും, സര്‍ക്കാരിനോ ഏതെങ്കിലും തദ്ദേശസ്ഥാപനത്തിനോ നല്‍കാനുള്ള കുടിശ്ശിക, അയോഗ്യതയുണ്ടായിട്ടുണ്ടെങ്കില്‍ അക്കാര്യം തുടങ്ങിയ വിവരങ്ങള്‍ പത്രികയോടൊപ്പം ഫോറം 2A യില്‍ സമര്‍പ്പിക്കണം.

ഒരാള്‍ക്ക് ഒരു തദ്ദേശസ്ഥാപനത്തിലെ ഒരു വാര്‍ഡില്‍ മാത്രമേ മത്സരിക്കാന്‍ പാടുള്ളൂ. എന്നാല്‍ ത്രിതല പഞ്ചായത്തുകളില്‍ വ്യത്യസ്ത തലങ്ങളില്‍ മത്സരിക്കാം. നാമനിര്‍ദ്ദേശ പത്രികയും 2A ഫോറവും പൂര്‍ണ്ണമായി പൂരിപ്പിക്കണം. സ്ഥാനാര്‍ത്ഥികള്‍ വരണാധികാരി മുമ്പാകെയോ അധികാരപ്പെട്ട ഉദ്യോഗസ്ഥര്‍ മുമ്പാകെയോ നിയമപ്രകാരം സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്ത് നിശ്ചിത ഫോറത്തില്‍ ഒപ്പുവച്ച് പത്രികയോടൊപ്പം സമര്‍പ്പിക്കണം.

Related Articles
Next Story
Share it