തദ്ദേശ തിരഞ്ഞെടുപ്പ്: പ്രചാരണപ്രവര്‍ത്തനങ്ങള്‍ സമാധാനപരമായിരിക്കണം; ചട്ടം ലംഘിച്ചാല്‍ കടുത്ത ശിക്ഷ;തിരഞ്ഞെടുപ്പ് കമ്മീഷണര്‍

ജാതിയെയോ സാമുദായിക വികാരങ്ങളെയോ മുന്‍നിര്‍ത്തി വോട്ടഭ്യര്‍ത്ഥിക്കാന്‍ പാടില്ല

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിനുള്ള പ്രചാരണപ്രവര്‍ത്തനങ്ങള്‍ തിരഞ്ഞെടുപ്പ് നിയമങ്ങളും മാതൃകാപെരുമാറ്റചട്ടവും പാലിച്ചുവേണം നടത്താനെന്ന് രാഷ്ട്രീയപാര്‍ട്ടികളോടും സ്ഥാനാര്‍ത്ഥികളോടും ആവശ്യപ്പെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍. സമാധാനപൂര്‍ണമായ പ്രചാരണ പ്രവര്‍ത്തനങ്ങളിലൂടെ തിരഞ്ഞെടുപ്പ് നീതിപൂര്‍വവും, നിഷ്പക്ഷവും, സുതാര്യവുമായി നടത്തുന്നതിന് എല്ലാ സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയപാര്‍ട്ടികളും സഹകരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അഭ്യര്‍ത്ഥിച്ചു.

മാതൃകാ പെരുമാറ്റചട്ടം, ഹരിതചട്ടപാലനം, മറ്റു തിരഞ്ഞെടുപ്പ് നിയമങ്ങള്‍ എന്നിവ എല്ലാവരും പാലിക്കുന്നുണ്ടോയെന്ന് പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കാന്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും തിരഞ്ഞെടുപ്പ് നിരീക്ഷകര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പട്ടിക പ്രസിദ്ധീകരിച്ചു കഴിഞ്ഞാല്‍ ഉടനേതന്നെ ബാലറ്റ് പേപ്പറും ബാലറ്റ് ലേബലുകളും അച്ചടിക്കുന്നതിനായി ബന്ധപ്പെട്ട പ്രസ്സുകളിലേയ്ക്ക് പട്ടിക വരണാധികാരികള്‍ അയയ്ക്കുന്നതാണ്. അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് പോസ്റ്റല്‍ ബാലറ്റ് വിതരണം ചെയ്യാന്‍ വരണാധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സ്ഥാനാര്‍ത്ഥികള്‍ പ്രചാരണത്തിനായി തുക ചെലവിടുന്നത് നിയമാനുസൃതമാണോയെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പട്ടിക പ്രസിദ്ധീകരിച്ചു കഴിഞ്ഞാലുടന്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗം വിളിക്കാന്‍ എല്ലാ റിട്ടേണിംഗ് ഓഫീസര്‍മാരോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും കമ്മീഷണര്‍ പറഞ്ഞു.

സ്ഥാനാര്‍ത്ഥികളും പാര്‍ട്ടികളും നടത്തുന്ന പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ചട്ടലംഘനമുണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഭിന്നതകളും തര്‍ക്കങ്ങളും ഉണ്ടാക്കുന്നതോ, പരസ്പരം വെറുപ്പ് സൃഷ്ടിക്കുന്നതോ, വിവിധ ജാതിക്കാര്‍, സമുദായങ്ങള്‍, മതക്കാര്‍, ഭാഷാവിഭാഗങ്ങള്‍ എന്നിവര്‍ക്കിടയില്‍ സംഘര്‍ഷം ഉണ്ടാക്കുന്നതോ ആയ ഒരു പ്രവര്‍ത്തനത്തിലും രാഷ്ട്രീയപാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും ഏര്‍പ്പെടാന്‍ പാടില്ല. അത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 3 വര്‍ഷം തടവോ, 10,000/ രൂപ പിഴയോ, അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കാവുന്നതാണ്.

മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെയും സ്ഥാനാര്‍ത്ഥികളെയും വിമര്‍ശിക്കുമ്പോള്‍, അത് അവരുടെ നയങ്ങള്‍, പരിപാടികള്‍, പൂര്‍വ്വകാലചരിത്രം, പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ ഒതുങ്ങി നില്‍ക്കണം. നേതാക്കളുടെയോ സ്ഥാനാര്‍ത്ഥികളുടെയോ പൊതുപ്രവര്‍ത്തനങ്ങളുമായി ബന്ധമില്ലാത്ത സ്വകാര്യ ജീവിതത്തെ വിമര്‍ശിക്കാന്‍ പാടില്ല. അടിസ്ഥാനരഹിതമായതോ വളച്ചൊടിച്ചതോ ആയ ആരോപണങ്ങളുടെയോ വസ്തുതകളുടെയോ അടിസ്ഥാനത്തില്‍ മറ്റ് കക്ഷികളെയും പ്രവര്‍ത്തകരെയും വിമര്‍ശിക്കരുത്.

ജാതിയെയോ സാമുദായിക വികാരങ്ങളെയോ മുന്‍നിര്‍ത്തി വോട്ടഭ്യര്‍ത്ഥിക്കാന്‍ പാടില്ല. ആരാധനാലയങ്ങള്‍, മതസ്ഥാപനങ്ങള്‍ എന്നിവ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയായി ഉപയോഗിക്കരുത്. ഏതെങ്കിലും സ്ഥാനാര്‍ത്ഥിക്കോ, സമ്മതിദായകനോ അവര്‍ക്ക് താല്‍പര്യമുള്ള വ്യക്തികള്‍ക്കോ എതിരെ സാമൂഹികബഹിഷ്‌ക്കരണം, സാമൂഹിക ജാതിഭ്രഷ്ട് തുടങ്ങിയ ഭീഷണികള്‍ ഉയര്‍ത്താന്‍ പാടില്ല . വോട്ടര്‍മാര്‍ക്ക് പണമോ മറ്റ് പാരിതോഷികങ്ങളോ നല്‍കുക, വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുക എന്നിവ കുറ്റകരമാണ്.

ഒരു വ്യക്തിയുടെ രാഷ്ടീയാഭിപ്രായങ്ങളോടും പ്രവര്‍ത്തനങ്ങളോടും മറ്റു രാഷ്ട്രീയകക്ഷികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും എത്ര തന്നെ എതിര്‍പ്പുണ്ടായാലും സമാധാനപരമായും സ്വസ്ഥമായും സ്വകാര്യജീവിതം നയിക്കുന്നതിനുള്ള അയാളുടെ അവകാശത്തെ മാനിക്കേണ്ടതാണ്. വ്യക്തികളുടെ അഭിപ്രായങ്ങളിലും പ്രവര്‍ത്തനങ്ങളിലും പ്രതിഷേധം രേഖപ്പെടുത്തുന്നതിനായി അവരുടെ വീടുകള്‍ക്ക് മുമ്പില്‍ പ്രകടനങ്ങള്‍ സംഘടിപ്പിക്കുക, പിക്കറ്റു ചെയ്യുക തുടങ്ങിയ രീതികള്‍ ഒരു കാരണവശാലും അവലംബിക്കരുത്.

സ്ഥലം, കെട്ടിടം, മതില്‍ തുടങ്ങിയവ ഉടമസ്ഥന്റെ അനുവാദം കൂടാതെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കൊടിമരം നാട്ടുന്നതിനോ ബാനറുകള്‍ കെട്ടുന്നതിനോ, പരസ്യം ഒട്ടിക്കുന്നതിനോ, മുദ്രാവാക്യങ്ങള്‍ എഴുതുന്നതിനോ ഉപയോഗിക്കരുത്.

സര്‍ക്കാര്‍ ഓഫീസുകളിലും അവയുടെ കോമ്പൗണ്ടിലും പരിസരത്തും, മറ്റു പൊതു ഇടങ്ങളിലും ചുവര്‍ എഴുതാനോ, പോസ്റ്റര്‍ ഒട്ടിക്കാനോ, ബാനര്‍, കട്ടൗട്ട് എന്നിവ സ്ഥാപിക്കാനോ പാടില്ല. പൊതു ഇടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ളവ നീക്കം ചെയ്യാന്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ നോട്ടീസ് ലഭിച്ചിട്ടും നീക്കം ചെയ്തില്ലെങ്കില്‍ അവ നീക്കം ചെയ്യുകയും അതിനുള്ള ചെലവ് ബന്ധപ്പെട്ട സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് ചെലവില്‍ ചേര്‍ക്കുകയും ചെയ്യാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ബന്ധപ്പെട്ട നിയമവ്യവസ്ഥകളും കോടതി ഉത്തരവുകളും പാലിച്ചായിരിക്കണം പൊതുയോഗം, ജാഥ എന്നിവ സംഘടിപ്പിക്കേണ്ടത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മൈതാനങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കാന്‍ പാടില്ല. പ്രചാരണത്തിന് ഉപയോഗിക്കുന്ന ഉച്ചഭാഷിണി, വാഹനം എന്നിവയ്ക്ക് ആവശ്യമായ അനുമതി ബന്ധപ്പെട്ട അധികാരികളില്‍ നിന്നും വാങ്ങിയിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും കമ്മീഷണര്‍ നിര്‍ദ്ദേശിച്ചു.

Related Articles
Next Story
Share it