പി വി അന്‍വര്‍ വിഷയത്തില്‍ വി ഡി സതീശന്റെ പ്രസ്താവനയെക്കുറിച്ച് ഉടന്‍ പ്രതികരിക്കേണ്ടെന്ന നിലപാടില്‍ ലീഗ് നേതൃത്വം

അന്‍വറില്ലാതെ നിലമ്പൂരില്‍ നേടിയ ജയം രാഷ്ട്രീയനേട്ടമെന്ന വിലയിരുത്തലാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക്

മലപ്പുറം: പി വി അന്‍വറിന് മുന്നില്‍ വാതില്‍ തുറക്കേണ്ട എന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയില്‍ ഉടന്‍ പ്രതികരിക്കേണ്ടെന്ന നിലപാടില്‍ ലീഗ് നേതൃത്വം. വ്യാഴാഴ്ച പ്രവര്‍ത്തകസമിതി യോഗത്തിന് ശേഷം ആയിരിക്കും ലീഗ് വിഷയത്തില്‍ ഔദ്യോഗികമായി പ്രതികരിക്കുക. അതേസമയം, ബുധനാഴ്ച മലപ്പുറത്ത് മാധ്യമങ്ങളെ കാണുന്ന ജമാഅത്തെ ഇസ്ലാമി നേതൃത്വം അന്‍വര്‍ വിഷയത്തില്‍ നിലപാട് പറഞ്ഞേക്കുമെന്ന സൂചന പുറത്തുവരുന്നുണ്ട്.

അതേസമയം വിഷയത്തില്‍ പ്രതിപക്ഷ നേതാവിന്റെ നിലപാടിനെ പിന്തുണച്ച് കോണ്‍ഗ്രസില്‍ നിന്നും കൂടുതല്‍ നേതാക്കാള്‍ രംഗത്തെത്തിയിട്ടുണ്ട്. അന്‍വറില്ലാതെ നിലമ്പൂരില്‍ നേടിയ ജയം രാഷ്ട്രീയനേട്ടമെന്ന വിലയിരുത്തലാണ് നേതാക്കള്‍ക്ക്. അന്‍വറിന് വേണ്ടി വാദിച്ചവരുടെ പിന്തുണയും പ്രതിപക്ഷ നേതാവ് വി ഡി സതീശന് ലഭിക്കുന്ന കാഴ്ചയാണ് കാണുന്നത്. വിഷയം മറ്റന്നാള്‍ കെപിസിസി രാഷ്ട്രീയ കാര്യ സമിതിയിലും ചര്‍ച്ചയാകും.

നിലമ്പൂര്‍ തിരഞ്ഞെടുപ്പില്‍ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മണ്ഡലത്തില്‍ യുഡിഎഫിന് വിജയിക്കാന്‍ കഴിഞ്ഞത്. തിരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരമാണ് പ്രകടമായതെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. മറ്റ് സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച വോട്ടിനേക്കാള്‍ ഭൂരിപക്ഷം നേടിയാണ് ആര്യാടന്‍ ഷൗക്കത്ത് വിജയം നേടിയത്.

അന്‍വര്‍ വിഷയത്തില്‍ വിഡി സതീശന്റെ പ്രതികരണം ഇങ്ങനെ:

അന്‍വറിന് മുന്നില്‍ വാതിലടച്ചത് കൂട്ടായ തീരുമാന പ്രകാരമാണ്. ആ വാതില്‍ തുറക്കേണ്ടതായ സാഹചര്യം നിലവിലില്ല. ഇനി തീരുമാനം റിവ്യൂ കമ്മിറ്റിയാണ് എടുക്കേണ്ടത്. വിലപേശല്‍ രാഷ്ട്രീയത്തിന് വഴങ്ങില്ല. ആരുടെ മുന്നിലും കീഴടങ്ങാന്‍ പറ്റില്ല. പ്രശംസകളില്‍ വീഴില്ല. അന്‍വറിനോട് നോ പറഞ്ഞത് ബോധപൂര്‍വം എടുത്ത തീരുമാനമാണെന്നുമായിരുന്നു സതീശന്‍ പറഞ്ഞത്.

Related Articles
Next Story
Share it