കേരളം ചുട്ടുപൊള്ളുന്നു; കഴിഞ്ഞ 24 മണിക്കൂറില്‍ ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് 3 ഇടങ്ങളില്‍

തിരുവനന്തപുരം: കനത്ത ചൂടില്‍ കേരളം ചുട്ടുപൊള്ളുന്നു. സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 3 ഇടങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത്. കൊട്ടാരക്കര, കോന്നി, മൂന്നാര്‍ എന്നിവിടങ്ങളിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ 10 തീവ്രതയില്‍ ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത്.

ഇവിടങ്ങളിലടക്കം 7 ഇടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് രേഖപ്പെടുത്തിയതായി കേരള ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ചങ്ങനാശേരി, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ 9 തീവ്രതയിലും തൃത്താല, പൊന്നാനി എന്നിവിടങ്ങളില്‍ 8 തീവ്രതയിലും ആണ് അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത്. അള്‍ട്രാവയലറ്റ് സൂചിക 11ന് മുകളില്‍ രേഖപ്പെടുത്തിയാല്‍ ഏറ്റവും ഗുരുതര സാഹചര്യമാണെന്നും ദുരന്തനിവാരണ അതോറിറ്റി പുറത്തിറക്കയിയ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

പകല്‍ 10 മണി മുതല്‍ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്.

മുന്നറിയിപ്പ്

തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാമെന്നും പൊതുജനങ്ങള്‍ സുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും കേരള ദുരന്ത നിവാരണ അതോറിറ്റി പുറത്തിറക്കിയ മുന്നറിയിപ്പില്‍ പറയുന്നുണ്ട്.

ചര്‍മരോഗങ്ങളുള്ളവര്‍, നേത്രരോഗങ്ങളുള്ളവര്‍, ക്യാന്‍സര്‍ രോഗികള്‍, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവര്‍ പ്രത്യേകം ജാഗ്രത പാലിക്കണം. പകല്‍ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോള്‍ തൊപ്പി, കുട, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

Related Articles
Next Story
Share it