സമൂഹ മാധ്യമത്തിലൂടെ അശ്ലീല പരാമര്‍ശം നടത്തി നടിമാരെ അപമാനിച്ചെന്ന പരാതി; യുട്യൂബര്‍ സന്തോഷ് വര്‍ക്കി അറസ്റ്റില്‍

ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്

കൊച്ചി: സമൂഹ മാധ്യമത്തിലൂടെ നടിമാരെ അപമാനിച്ചെന്ന പരാതിയില്‍ യുട്യൂബര്‍ സന്തോഷ് വര്‍ക്കി അറസ്റ്റില്‍. ആറാട്ടണ്ണന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഇയാളെ നടി ഉഷാ ഹസീനയുടെ പരാതിയിലാണ് എറണാകുളം നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

നടിമാര്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയെന്ന് കാട്ടി ചലച്ചിത്ര പ്രവര്‍ത്തകരായ നടി ഉഷ ഹസീന, ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വര്‍ എന്നിവരാണ് ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. സന്തോഷിന്റെ പരാമര്‍ശങ്ങള്‍ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും 40 വര്‍ഷമായി സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തന്നെ അതു വേദനിപ്പിച്ചെന്നും കര്‍ശന നടപടി സ്വീകരിക്കണമെന്നുമാണ് ഉഷ ഹസീന ആലപ്പുഴ ഡി.വൈ.എസ്.പിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നത്.

ഇതിന് മുമ്പും സമൂഹ മാധ്യമത്തിലൂടെ ഇയാള്‍ നടിമാര്‍ക്കെതിരെ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. നേരത്തെ നടി നിത്യാ മേനോനെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ശല്യം ചെയ്തതിന് ഇയാളെ പാലാരി വട്ടം പൊലീസ് താക്കീത് ചെയ്ത് പറഞ്ഞുവിട്ടിരുന്നു.

Related Articles
Next Story
Share it