സംസ്ഥാനത്ത് ഗുരുതര സാഹചര്യം, വേനല്‍ കടുത്തു; 2 ജില്ലകളില്‍ റെഡ് അലര്‍ട്ട്, യുവി ഇന്‍ഡക്സ് 11ന് മുകളില്‍

തിരുവന്തപുരം: സംസ്ഥാനത്ത് വേനല്‍ കടുത്തതോടെ പല ജില്ലകളിലും അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് വര്‍ധിക്കുകയാണ്. കൊടും ചൂടിന് ആശ്വാസമായി വേനല്‍ മഴയെത്തിയെങ്കിലും കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഉയര്‍ന്ന തോതിലുള്ള അള്‍ട്രാ വയലറ്റ് രശ്മികളുടെ സാന്നിധ്യമാണ് രേഖപ്പെടുത്തിയത്.

ഈ ജില്ലകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. ഇടുക്കി, കൊല്ലം ജില്ലകളിലാണ് റെഡ് അലര്‍ട്ട്. ഈ ജില്ലകളില്‍ യുവി ഇന്‍ഡക്‌സ് 11ന് മുകളിലെത്തി. കൊല്ലത്ത് കൊട്ടാരക്കരയിലും, ഇടുക്കിയില്‍ മൂന്നാറിലുമാണ് യുവി ഇന്‍ഡക്‌സ് 11 രേഖപ്പെടുത്തിയത്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. യുവി ഇന്‍ഡക് 8 മുതല്‍ 10 വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുന്നത്. പത്തനംതിട്ടയിലെ കോന്നിയിലും, ആലപ്പുഴയിലെ ചെങ്ങന്നൂരിലും യുവി ഇന്‍ഡകസ് 10 ആണ്.

കോട്ടയം ചങ്ങനാശ്ശേരിയിലും പാലക്കാട് തൃത്താലയിലും 9ഉം, മലപ്പുറം പൊന്നാനിയില്‍ 8ഉം യുവി ഇന്‍ഡക്‌സ് രേഖപ്പെടുത്തി. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോളിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. 6 മുതല്‍ 7 വരെ യുവി ഇന്‍ഡക്‌സ് ഉള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിക്കുന്നത്.

തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം എന്നതിനാല്‍ പൊതുജനങ്ങള്‍ സുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

പകല്‍ 10 മണി മുതല്‍ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആ സമയങ്ങളില്‍ കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

പുറം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, കടലിലും ഉള്‍നാടന്‍ മല്‍സ്യബന്ധനത്തിലും ഏര്‍പ്പെടുന്ന മത്സ്യത്തൊഴിലാളികള്‍, ജലഗതാഗതത്തില്‍ ഏര്‍പ്പെടുന്നവര്‍, ബൈക്ക് യാത്രക്കാര്‍, വിനോദസഞ്ചാരികള്‍, ചര്‍മരോഗങ്ങളുള്ളവര്‍, നേത്രരോഗങ്ങളുള്ളവര്‍, ക്യാന്‍സര്‍ രോഗികള്‍, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങള്‍ തുടങ്ങിയവര്‍ പ്രത്യേകം ജാഗ്രത പാലിക്കണം.

പകല്‍ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോള്‍ തൊപ്പി, കുട, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കാന്‍ ശ്രമിക്കുക. ശരീരം മുഴുവന്‍ മറയുന്ന കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതായിരിക്കും ഉചിതമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Related Articles
Next Story
Share it