അമീബിക് മസ്തിഷ്‌ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനിയും മരിച്ചു
മലപ്പുറം വണ്ടൂര്‍ തിരുവാലി എം.ശോഭന ആണ് മരിച്ചത്

കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മലപ്പുറം വണ്ടൂര്‍ തിരുവാലി കോഴിപ്പറമ്പ് ഇളയിടത്തുകുന്ന് എം.ശോഭന(56) ആണ് മരിച്ചത്. ഇതോടെ കഴിഞ്ഞ ഒരു മാസത്തിനിടെ സംസ്ഥാനത്ത് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. ശോഭനയുടെ മൃതദേഹം ഉച്ചയ്ക്ക് സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭര്‍ത്താവ്: വാപ്പാടന്‍ രാമന്‍. മകള്‍: അതുല്യ.
കഴിഞ്ഞ ആഴ്ച കോഴിക്കോട് ചികിത്സയിലിരിക്കെ വയനാട്ടിലെ ബത്തേരി സ്വദേശിയായ രതീഷ് മരിച്ചിരുന്നു. കോഴിക്കോട് ഓമശ്ശേരിയില്‍ നിന്നുള്ള ദമ്പതികളുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ്, മലപ്പുറം ചേറൂര്‍ കണ്ണമംഗലം സ്വദേശി കണ്ണേത്ത് റംല (52), കോഴിക്കോട് താമരശ്ശേരി സ്വദേശി അനയ (9) എന്നിവരാണ് മരിച്ച മറ്റുള്ളവര്‍.
നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഏഴും മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ മൂന്നു കുട്ടികളും ഉള്‍പ്പെടെ പത്തുപേരാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലുള്ളത്. ഇതില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഒരാളുടെ നില ഗുരുതരമാണ്. സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം വര്‍ധിച്ച സാഹചര്യത്തില്‍ രോഗം കണ്ടെത്തിയ പ്രദേശങ്ങളില്‍ ആരോഗ്യവകുപ്പ് ക്ലോറിനേഷന്‍ നടപടികളും ബോധവത്കരണവും ശക്തമാക്കിയിട്ടുണ്ട്.