അച്ചടി ഉല്‍പ്പന്നങ്ങള്‍ക്ക് 5% ജി.എസ്.ടി നിരക്ക് നടപ്പിലാക്കണം: കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍
ജി.എസ്.ടി 2 പ്രധാന സ്ലാബുകളായി യുക്തിസഹമാക്കാനുള്ള പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിലെ പ്രഖ്യാപനം വ്യാവസായിക മേഖലയ്ക്ക് ഉണര്‍വ്വ് പകരുമെന്നും അസോസിയേഷന്‍

കാസര്‍കോട്: അച്ചടി ഉല്‍പ്പന്നങ്ങള്‍ക്കും അനുബന്ധ സേവനങ്ങള്‍ക്കും അസംസ്‌കൃത വസ്തുക്കള്‍ക്കും ഏകീകൃത 5% ജി.എസ്.ടി നിരക്ക് നടപ്പിലാക്കണമെന്ന് കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ജി.എസ്.ടി 5%, 18% എന്നിങ്ങനെ രണ്ട് പ്രധാന സ്ലാബുകളായി യുക്തിസഹമാക്കാനുള്ള പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിലെ പ്രഖ്യാപനം വ്യാവസായിക മേഖലയ്ക്ക് ഉണര്‍വ്വ് പകരുമെന്നും അസോസിയേഷന്‍ വിലയിരുത്തി.
സംസ്ഥാന ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാലിന് സമര്‍പ്പിച്ച നിവേദനത്തില്‍ നിലവിലുള്ള നികുതി സമ്പ്രദായവുമായി ബന്ധപ്പെട്ടുള്ള അവ്യക്തതകള്‍ പരിഹരിക്കണമെന്നും അഭ്യര്‍ത്ഥിച്ചു. അച്ചടിച്ച എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും കടലാസിനും ഏകീകൃത 5% ജി.എസ്.ടി ഏര്‍പ്പെടുത്തുക, ഉള്ളടക്ക ഉടമസ്ഥാവകാശം പരിഗണിക്കാതെ എല്ലാ അച്ചടി കരാറുകളെയും 'സാധനങ്ങളുടെ വിതരണം' ആയി കണക്കാക്കുക, പുസ്തകങ്ങളുടെയും പത്രങ്ങളുടെയും കുറഞ്ഞ നികുതി നിരക്കുകള്‍ക്ക് അനുസൃതമായി നിര്‍മ്മാണ സേവനങ്ങളുടെ ജി.എസ്.ടി 18% ല്‍ നിന്ന് 5% ആയി കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അസോസിയേഷന്‍ ഉന്നയിച്ചിട്ടുണ്ട്.
നിലവിലെ ഉയര്‍ന്ന നികുതി ഭാരം ഉല്‍പാദനച്ചെലവ് വര്‍ദ്ധിപ്പിക്കുന്നതിന് കാരണമായി. അച്ചടിയുടെ ജി.എസ്.ടി 5% ആയി കുറയ്ക്കുന്നതിലൂടെ, ഉല്‍പ്പാദനച്ചെലവ് കുറയ്ക്കാനും അതിന്റെ നേട്ടം ഉപഭോക്താക്കള്‍ക്ക് കൈമാറാനും സാധിക്കും. നികുതിയിലെ കുറവ് അച്ചടിച്ച വസ്തുക്കളുടെ കയറ്റുമതി വര്‍ദ്ധിപ്പിക്കാനും ഇന്ത്യയുടെ ആഗോള മത്സരശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കും.
നികുതി ഏകീകരിക്കുന്നതിലൂടെ ചെലവുകള്‍ ചുരുക്കി ബിസിനസ് അഭിവൃദ്ധിപ്പെടുത്താനും മത്സരക്ഷമത കൂട്ടാനും അതുവഴി ദീര്‍ഘകാല നേട്ടങ്ങള്‍ക്കും മൊത്തത്തിലുള്ള നികുതി വരുമാനം വര്‍ധിക്കാനും വഴിയൊരുങ്ങും. ഈ വിഷയം ജി.എസ്.ടി കൗണ്‍സിലിന് മുന്നില്‍ കൊണ്ടുവരാനും അച്ചടി മേഖലയ്ക്ക് ഏകീകൃത 5% നിരക്ക് ഏര്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്യാനും കേരള സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ വേണമെന്ന് അസോസിയേഷന്‍ അഭ്യര്‍ത്ഥിച്ചു.