തദ്ദേശ തിരഞ്ഞെടുപ്പ്; നേട്ടം കൊയ്ത് എല്‍.ഡി.എഫ്; വിജയിച്ചത് 17 ഇടത്ത്; 12 ഇടത്ത് യു.ഡി.എഫ്

തിരുവനന്തപുരം: സംസ്ഥാനത്തെ 28 തദ്ദേശ വാര്‍ഡുകളിലേക്ക് തിങ്കളാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്ത് എല്‍.ഡി.എഫ്. വയനാട് ഒഴികെയുള്ള ജില്ലകളിലെ 30 വാര്‍ഡുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. 15 ഇടത്ത് എല്‍ഡിഎഫും 12 ഇടത്ത് യു.ഡി.എഫും ജയിച്ചു. ഒരു സീറ്റില്‍ എസ്.ഡി.പി.ഐയും ഒരിടത്ത് സ്വതന്ത്രനും വിജയിച്ചു. ബിജെപിക്ക് ഒരിടത്തും വിജയിക്കാനായില്ല.
കാസര്‍കോട് ജില്ലയില്‍ മടിക്കൈ പഞ്ചായത്തിലെ കോളിക്കുന്ന്, കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ പള്ളിപ്പാറ വാര്‍ഡുകളില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതു കൂടി ചേര്‍ത്താല്‍ 17 സീറ്റാണ് എല്‍.ഡി.എഫ് നേടിയത്.
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടന്ന നാലു വാര്‍ഡുകളില്‍ സി.പി.ഐ, സി.പി.എം, കോണ്‍ഗ്രസ്, എസ്.ഡി.പി.ഐ എന്നിവ ഓരോ സീറ്റ് നേടി. ശ്രീവരാഹം വാര്‍ഡില്‍ സി.പി.ഐയുടെ ഹരികുമാര്‍ ആണ് വിജയിച്ചത്. ബിജെപിയാണ് രണ്ടാമത്. ഹരികുമാറിന് 1358 വോട്ടും ബിജെപിയിലെ ആര്‍.മിനിക്ക് 1346 വോട്ടും ലഭിച്ചു. കോണ്‍ഗ്രസിലെ സുരേഷ് കുമാറിന് 277 വോട്ടും കിട്ടി. കൊച്ചുപള്ളി വാര്‍ഡില്‍ കോണ്‍ഗ്രസിലെ സേവ്യര്‍ ജറോണ്‍ വിജയിച്ചു. സേവ്യറിന് 546 വോട്ടും സി.പി.എമ്മിലെ ജെ.സ്റ്റീഫീസന് 377 വോട്ടും ബിജെപിയിലെ ജയിംസ് റോക്കിക്ക് 34 വോട്ടും ലഭിച്ചു.
പാങ്ങോട് ഗ്രാമപഞ്ചായത്തില്‍ പുലിപ്പാറ വാര്‍ഡില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി മുജീബ് 226 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. ആകെ പോള്‍ ചെയ്ത 1,309 വോട്ടില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി.എന്‍.സീമക്ക് 448 വോട്ടും യുഡിഎഫ് സ്ഥാനാര്‍ഥി സബീന കരീമിന് 148 വോട്ടും ബിജെപി സ്ഥാനാര്‍ഥി അജയകുമാറിന് 39 വോട്ടുമാണ് ലഭിച്ചത്. പുളിന്‍കോടു വാര്‍ഡില്‍ സിപിഎമ്മിലെ സെയ്ദ് സബര്‍മതി 573 വോട്ട് നേടി വിജയിച്ചു. കോണ്‍ഗ്രസിലെ സുനി സോമന് 516 വോട്ടും ബിജെപിയിലെ രജിമോന് 219 വോട്ടുമാണ് ലഭിച്ചത്.
കൊല്ലം: ക്ലാപ്പന പഞ്ചായത്ത് പ്രയാര്‍ തെക്ക് രണ്ടാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജയാ ദേവി 277 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. കുലശേഖരപുരം ഗ്രാമപഞ്ചായത്ത് കൊച്ചു മാമൂട് പതിനെട്ടാം വാര്‍ഡില്‍ എല്‍ഡിഎഫിലെ സൂരജ് ശിശുപാലന്‍ 595 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.
ആകെ ലഭിച്ച വോട്ട് 1106. എല്‍ഡിഎഫിന് 779, ബിജെപിക്ക് 184, യുഡിഎഫിന് 143. കൊട്ടാരക്കര മുനിസിപ്പാലിറ്റിയില്‍ കല്ലുവാതുക്കല്‍ ഡിവിഷനില്‍ സിപിഐയിലെ മഞ്ജു സാം 193 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. വാര്‍ഡ് അംഗമായിരുന്ന, സിപിഐയുടെ തന്നെ ഗ്രേസി സാമുവല്‍ അന്തരിച്ചതിനെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ് നടന്നത്. കൊട്ടാരക്കര ബ്ലോക്കിലെ കൊട്ടറ ഡിവിഷനില്‍ എല്‍ഡിഎഫ് വിജയിച്ചു.
തൃശ്ശൂര്‍: ചൊവ്വന്നൂര്‍ ഗ്രാമപ്പഞ്ചായത്ത്-മാന്തോപ്പ് മാന്തോപ്പ് എല്‍.ഡി.എഫ്. നിലനിര്‍ത്തി. സി.പി.എമ്മിലെ ഷഹര്‍ബാന്‍ 48 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
എറണാകുളം: മൂവാറ്റുപുഴ മുനിസിപ്പാലിറ്റി-ഈസ്റ്റ് ഹൈസ്‌കൂള്‍ ഡിവിഷനില്‍ യുഡിഎഫ് വിജയിച്ചു. കോണ്‍ഗ്രസിലെ മോര്‍ക്കുട്ടി ചാക്കോ 65 വോട്ടിന് സിപിഎമ്മിലെ റീന ഷെരീഫിനെ പരാജയപ്പെടുത്തി.
അശമന്നൂര്‍ ഗ്രാമപ്പഞ്ചായത്ത്-മതല തെക്ക് വാര്‍ഡില്‍ യുഡിഎഫ് വിജയിച്ചു. കോണ്‍ഗ്രസിലെ എന്‍.എം. നൗഷാദ് 40 വോട്ടുകള്‍ക്കാണ് ഇവിടെ വിജയിച്ചത്.
പൈങ്ങോട്ടൂര്‍ ഗ്രാമപ്പഞ്ചായത്ത്-പനങ്കര വാര്‍ഡില്‍ എല്‍ഡിഫ് സ്വതന്ത്രന്‍ അമല്‍രാജ് 166 വോട്ടുകള്‍ക്ക് വിജയിച്ചു.
പായിപ്ര ഗ്രാമപ്പഞ്ചായത്ത്-നിരപ്പ് വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി സുജാത ജോണ്‍ 162 വോട്ടുകള്‍ക്ക് വിജയിച്ചു.
ആലപ്പുഴ: ജില്ലയില്‍ മുട്ടാര്‍ പഞ്ചായത്തിലെ മിത്രക്കരി ഈസ്റ്റില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ബിന്‍സി ഷാബു 15 വോട്ടിനു വിജയിച്ചു. യുഡിഎഫിന്റെ സീറ്റിങ് സീറ്റ് ആയിരുന്ന ഇവിടെ യുഡിഎഫ് വാര്‍ഡ് അംഗം ലിനി ജോളി കൂറുമാറി എല്‍ഡിഎഫ് പിന്തുണയോടെ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു. ഇതിനെതിരെ യുഡിഎഫ് നല്‍കിയ പരാതിയില്‍ ലിനിക്ക് അയോഗ്യത കല്‍പിച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
കൂറുമാറിയ നിലവിലെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബോബന്‍ ജോസിനെയും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അയോഗ്യനാക്കിയെങ്കിലും ബോബന്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ്. കാവാലം പഞ്ചായത്തില്‍ പാലോടം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡി.മംഗളാനന്ദന്‍ 171 വോട്ടിന്റെ ഭൂരിപക്ഷത്തിലും വിജയിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥിക്ക് 199 വോട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ലൈല രാജുവിനു 174 വോട്ടും ബിജെപി സ്ഥാനാര്‍ഥി സ്വപ്ന സുദര്‍ശന് 71 വോട്ടും ലഭിച്ചു. മുണ്ടൂര്‍ 12-ാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ എല്‍എഡിഎഫ് സ്ഥാനാര്‍ഥി പ്രശോഭ് 346 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.
പത്തനംതിട്ട: ഉപതിരഞ്ഞെടുപ്പ് നടന്ന അയിരൂര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റായിരുന്ന തടിയൂര്‍ യുഡിഎഫ് പിടിച്ചെടുത്തു. കോണ്‍ഗ്രസിലെ പ്രീത നായര്‍ 116 വോട്ടിനാണു ജയിച്ചത്. പുറമറ്റം പഞ്ചായത്തിലെ ഗ്യാലക്‌സി നഗറില്‍ സിപിഎമ്മിലെ ശോഭിക ഗോപി 152 വോട്ടിനു വിജയിച്ചു. പത്തനംതിട്ട നഗരസഭയില്‍ കഴിഞ്ഞ തവണ യുഡിഎഫ് വിമത ജയിച്ച കുമ്പഴ നോര്‍ത്തില്‍ ഇത്തവണ എല്‍ഡിഎഫ് 3 വോട്ടിനു വിജയിച്ചു.
കോട്ടയം: രാമപുരം പഞ്ചായത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ടി.ആര്‍. രജിത 236 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ബിജെപി സ്ഥാനാര്‍ഥി കെ.ആര്‍.അശ്വതി രണ്ടാമതെത്തി. എല്‍ഡിഎഫ് സ്വതന്ത്രയായി മത്സരിച്ച കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥി മോളി ജോഷി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചു വിജയിച്ച ഷൈനി സന്തോഷ് എതിര്‍പക്ഷത്തേക്കു കൂറുമാറിയിരുന്നു. ഷൈനിയെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അയോഗ്യയാക്കിയതിനെ തുടര്‍ന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്.
ഇടുക്കി: വാത്തിക്കുടി ഗ്രാമപ്പഞ്ചായത്തിലെ ദൈവംമേട് വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ബിനു (കേരള കോണ്‍ഗ്രസ് എം) ഏഴു വോട്ടിന് വിജയിച്ചു.
പാലക്കാട്: മുണ്ടൂര്‍ പഞ്ചായത്തിലെ 12-ാം വാര്‍ഡായ കീഴ്പാടത്ത് ഉപതെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥി പി ബി പ്രശോഭ് വിജയിച്ചു.
കോഴിക്കോട്: പുറമേരി പഞ്ചായത്ത് 14 ാം വാര്‍ഡ് കുഞ്ഞല്ലൂര്‍ യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് സ്ഥാനാര്‍ഥി പുതിയോട്ടില്‍ അജയനാണ് വിജയിച്ചത്. ഇടതുശക്തികേന്ദ്രമായ ഇവിടെ 20 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയത്.
മലപ്പുറം: കരുളായി പഞ്ചായത്തിലെ ചക്കിട്ടാമല വാര്‍ഡില്‍ യുഡിഎഫിന് മികച്ച വിജയം. കഴിഞ്ഞ തവണ 68 വോട്ടിനു ജയിച്ച വാര്‍ഡില്‍ ഇത്തവണ ലീഗ് സ്ഥാനാര്‍ഥി വിപിന്‍ ജയിച്ചതു 397 വോട്ടിന്റെ ഭൂരിപക്ഷത്തിന്. നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തിലുള്‍പ്പെടുന്ന പഞ്ചായത്താണു കരുളായി. തിരുനാവായ പഞ്ചായത്തിലെ എടക്കുളം സീറ്റ് യുഡിഎഫ് എല്‍ഡിഎഫില്‍ നിന്നു പിടിച്ചെടുത്തു. കഴിഞ്ഞ തവണ 2 വോട്ടിനു തോറ്റ സീറ്റ് 260 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു കോണ്‍ഗ്രസിലെ അബ്ദുല്‍ ജബ്ബാര്‍ പിടിച്ചെടുത്തത്.
കണ്ണൂര്‍: പന്ന്യന്നൂര്‍ പഞ്ചായത്ത് മൂന്നാം വാര്‍ഡ് താഴെ ചമ്പാടില്‍ സിപിഎമ്മിന്റെ ശരണ്യ സുരേന്ദ്രന്‍ 499 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ചു. വാര്‍ഡ് അംഗവും പന്ന്യന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന സിപിഎമ്മിലെ അശോകന്‍ അന്തരിച്ചതിനെ തുടര്‍ന്നായിരുന്നു ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
കാസര്‍കോട്: മടിക്കൈ ഗ്രാമപ്പഞ്ചായത്ത്- കോളിക്കുന്ന് വാര്‍ഡില്‍ എല്‍ഡിഎഫ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.കോടോം ബേളൂര്‍ഗ്രാമപ്പഞ്ചായത്ത്-അയറോട്ട് വാര്‍ഡില്‍ എല്‍ഡിഎഫിലെ സൂര്യ ഗോപാലന്‍ 100 വോട്ടുകള്‍ക്ക് വിജയിച്ചു.
കയ്യൂര്‍ ചീമേനി ഗ്രാമപ്പഞ്ചായത്ത്-പള്ളിപ്പാറ വാര്‍ഡില്‍ എല്‍ഡിഎഫ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.