കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; വോട്ടെടുപ്പ് 2 ഘട്ടങ്ങളിലായി; പെരുമാറ്റച്ചട്ടം നിലവില്‍ വന്നു
ആദ്യഘട്ട വോട്ടെടുപ്പ് ഡിസംബര്‍ ഒമ്പതിനും രണ്ടാം ഘട്ട വോട്ടെടുപ്പ് ഡിസംബര്‍ 11നും നടക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് മാതൃകാ പെരുമാറ്റച്ചട്ടം ഇന്നുമുതല്‍ നിലവില്‍ വന്നു. ജാതി മതത്തിന്റെ പേരില്‍ വോട്ട് ചോദിക്കരുതെന്നും ഔദ്യോഗിക സ്ഥാനം പ്രചാരണത്തിന് ഉപയോഗിക്കരുതെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട പരാതി പരിഗണിക്കാന്‍ ജില്ലാ തല സമിതിയെ നിയോഗിക്കും. മാധ്യമങ്ങള്‍ക്കും പെരുമാറ്റച്ചട്ടം ബാധകമാണ്.
കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. കേരളത്തില്‍ രണ്ടു ഘട്ടങ്ങളിലായിട്ടായിരിക്കും തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ട വോട്ടെടുപ്പ് ഡിസംബര്‍ ഒമ്പതിനും രണ്ടാം ഘട്ട വോട്ടെടുപ്പ് ഡിസംബര്‍ 11നും നടക്കും. നവംബര്‍ 14ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കും. നാമനിര്‍ദേശ പത്രിക നവംബര്‍ 21 വരെ നല്‍കാം. തിരഞ്ഞെടുപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
മട്ടന്നൂര്‍ നഗരസഭ ഒഴികെയുള്ള 1199 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മട്ടന്നൂരില്‍ തിരഞ്ഞെടുപ്പ് പിന്നീട് നടക്കും. തിരഞ്ഞെടുപ്പ് ഇപ്പോള്‍ നടക്കുന്നില്ലെങ്കിലും മട്ടന്നൂരിലും പെരുമാറ്റച്ചട്ടം ബാധകമായിരിക്കും. ആകെ 23576 വാര്‍ഡുകളിലേക്കായിട്ടാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
സംസ്ഥാനത്ത് ആകെ 33746 പോളിങ് സ്റ്റേഷനുകളായിരിക്കും ഉണ്ടാകുക. 1,37,922 ബാലറ്റ് യൂണിറ്റുകളാണ് തിരഞ്ഞെടുപ്പിനായി സജ്ജമാക്കിയിട്ടുള്ളത്. 50691 കണ്‍ട്രോള്‍ യൂണിറ്റുകളുമുണ്ടാകും. 1249 റിട്ടേണിങ് ഓഫീസര്‍മാരായിക്കും വോട്ടെടുപ്പിനായി ഉണ്ടാകുക. ആകെ 1.80 ലക്ഷം ഉദ്യോഗസ്ഥരെയായിരിക്കും വോട്ടെടുപ്പിനായി നിയോഗിക്കുക. സുരക്ഷക്കായി 70,000 പൊലീസുകാരെയും നിയോഗിക്കും. ആകെ 2.50 ലക്ഷം ഉദ്യോഗസ്ഥരായിരിക്കും തിരഞ്ഞെടുപ്പ് നടത്തുന്നതിനായി ഉണ്ടാകുക. പ്രശ്‌നബാധിത ബൂത്തുകളില്‍ അധിക സുരക്ഷ ഏര്‍പ്പെടുത്തും.
സംസ്ഥാനത്ത് നിലവില്‍ ത്രിതല പഞ്ചായത്ത് ഭരണസമിതികളിലെ ഭരണം -ആകെയുള്ള ആറ് കോര്‍പ്പറേഷനുകളില്‍ അഞ്ചിടത്തും ഇടതുമുന്നണിക്കാണ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശ്ശൂര്‍, കൊല്ലം കോര്‍പ്പറേഷനുകള്‍ എല്‍ഡിഎഫാണ് ഭരിക്കുന്നത്. കണ്ണൂരില്‍ മാത്രമാണ് യുഡിഎഫ് ഭരണമുള്ളത്. സംസ്ഥാനത്തെ നഗരസഭകളുടെ കാര്യം നോക്കിയാല്‍ ആകെയുള്ള 87 നഗരസഭകളില്‍ 44 നഗരസഭകളില്‍ ഇടതുമുന്നണിയാണ് ഭരിക്കുന്നത്. 41 നഗരസഭകളിലാണ് യു.ഡി.എഫ് ഭരിക്കുന്നത്.
പാലക്കാടും പന്തളത്തുമാണ് ബിജെപി ഭരണമുള്ളത്. 14 ജില്ലാ പഞ്ചായത്തുകളില്‍ 11 ഇടത്താണ് ഇടത് ഭരണമുള്ളത്. യുഡിഎഫ് ഭരണമുള്ളത് മൂന്ന് ജില്ലാ പഞ്ചായത്തുകളിലും.എറണാകുളം, വയനാട്, മലപ്പുറം ജില്ലകളിലാണ് യുഡിഎഫ് ഭരണമുള്ളത്. സംസ്ഥാനത്ത് ആകെയുള്ള 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് ഭരിക്കുന്നത് 113 ബ്ലോക്ക് പഞ്ചായത്തുകളിലാണ്. 38 ബ്ലോക്ക് പഞ്ചായത്തുകളിലാണ് യുഡിഎഫ് ഭരണമുള്ളത്. ആകെയുള്ളത് 941 ഗ്രാമ പഞ്ചായത്തുകളാണ്. അതില്‍ 571 ഉം ഭരിക്കുന്നത് ഇടതുമുന്നണിയാണ്. 351 പഞ്ചായത്തുകളിലാണ് യുഡിഎഫ് ഭരണമുള്ളത്. എന്‍ഡിഎ ഭരണമുള്ളത് 12 പഞ്ചായത്തുകളിലാണ്. മറ്റുള്ളവര്‍ 7 പഞ്ചായത്തുകളിലും ഭരണ സാരഥ്യത്തിലുണ്ട്.
വോട്ടെടുപ്പിന് വെബ് കാസ്റ്റിങ് നടത്തും. പ്രചാരണ സമയത്ത് രാത്രി പത്തിനും രാവിലെ ആറിനും ഇടയില്‍ ഉച്ചഭാഷിണി ഉപയോഗിക്കാന്‍ പാടില്ല. ഒരോ ജില്ലകളിലും നിരീക്ഷകരെ വെക്കും. തിരഞ്ഞെടുപ്പ് പ്രചാരണ ചെലവുകള്‍ നിരീക്ഷിക്കും. ഹരിത ചട്ടം പാലിച്ചായിരിക്കണം പ്രചാരണം നടത്തേണ്ടത്. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറുവരെയായിരിക്കും വോട്ടെടുപ്പെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.

