പൊതുവിദ്യാഭ്യാസ മേഖല കൈവരിച്ച നേട്ടങ്ങള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ 'ഹരിതവിദ്യാലയം 4.0' റിയാലിറ്റി ഷോയുമായി കേരളം

കഴിഞ്ഞ മൂന്ന് പതിപ്പുകളും വന്‍ വിജയമാക്കിയതിന് പിന്നാലെയാണ് നാലാം സീസണ്‍ ആരംഭിക്കുന്നത്

തിരുവനന്തപുരം: നമ്മുടെ പൊതുവിദ്യാഭ്യാസ മേഖല കൈവരിച്ച അസൂയാവഹമായ നേട്ടങ്ങള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ 'ഹരിതവിദ്യാലയം 4.0' റിയാലിറ്റി ഷോയുമായി കേരളം. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ നാം നേടിയെടുത്ത ഭൗതികവും അക്കാദമികവുമായ മികവുകള്‍, ഓരോ വിദ്യാലയത്തിന്റെയും തനതായ മാതൃകകള്‍ എന്നിവ സമൂഹവുമായി പങ്കുവെക്കാനുള്ള ഒരു സവിശേഷ വേദിയാണിത് എന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

കഴിഞ്ഞ മൂന്ന് പതിപ്പുകളും വന്‍ വിജയമാക്കിയതിന് പിന്നാലെയാണ് നാലാം സീസണ്‍ ആരംഭിക്കുന്നത്. അക്കാദമിക നിലവാരം, ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ ഫലപ്രദമായ ഉപയോഗം, കലാ-കായിക രംഗത്തെ പ്രാഗത്ഭ്യം, സാമൂഹിക പ്രതിബദ്ധത, പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ഒരു വിദ്യാലയത്തിന്റെ സമഗ്രമായ പുരോഗതിയാണ് 'ഹരിതവിദ്യാലയം 4.0' വിലയിരുത്തുന്നത്.

ഓരോ പൊതുവിദ്യാലയവും ഒരു മികവിന്റെ കേന്ദ്രമാണ്. ആ നേട്ടങ്ങളെ പൊതുസമൂഹത്തിന് മുന്നില്‍ എത്തിക്കാനും, മികച്ച മാതൃകകള്‍ പരസ്പരം പങ്കുവെക്കാനും ഈ പരിപാടി സഹായകമാകും എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തല്‍. നമ്മുടെ കുട്ടികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നതും ഇതിന്റെ ലക്ഷ്യമാണ്.

'ഹരിതവിദ്യാലയം 4.0' ല്‍ എല്ലാ വിദ്യാലയങ്ങളുടെയും സജീവ പങ്കാളിത്തം ഉണ്ടാകണമെന്ന് വി ശിവന്‍കുട്ടി അഭ്യര്‍ത്ഥിച്ചു. നമ്മുടെ പൊതുവിദ്യാലയങ്ങളുടെ യശസ്സ് കൂടുതല്‍ ഉയരങ്ങളിലെത്തിക്കാന്‍ നമുക്കൊരുമിച്ച് മുന്നേറാം എന്നും അദ്ദേഹം പറഞ്ഞു.

Related Articles
Next Story
Share it