നന്തന്‍കോട് കൂട്ടക്കൊലക്കേസ്; കേദല്‍ ജിന്‍സണ്‍ രാജയ്ക്ക് ജീവപര്യന്തം തടവും 15 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി

തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ വിഷ്ണുവാണ് ശിക്ഷ വിധിച്ചത്

തിരുവനന്തപുരം: മനുഷ്യ മന:സാക്ഷിയെ ഞെട്ടിച്ച നന്തന്‍കോട് കൂട്ടക്കൊലക്കേസില്‍ ഏകപ്രതി കേദല്‍ ജിന്‍സണ്‍ രാജയ്ക്ക് ജീവപര്യന്തം തടവും 15 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ വിഷ്ണുവാണ് ശിക്ഷ വിധിച്ചത്. പിഴയായി നല്‍കുന്ന തുക അമ്മാവന്‍ ജോസ് സുന്ദരത്തിന് നല്‍കാനും കോടതി നിര്‍ദേശിച്ചു.

പ്രതിക്കെതിരെ കൊലക്കുറ്റം, തെളിവ് നശിപ്പിക്കല്‍, വീട് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതാണെന്ന് കോടതി വിധിച്ചു. കേദലിന് വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. എന്നാല്‍ അപൂര്‍വങ്ങളില്‍ അപൂര്‍വങ്ങളായ കേസായി കോടതി ഇത് പരിഗണിച്ചിട്ടില്ല. രാവിലെ 11 മണിക്ക് തന്നെ കോടതിയില്‍ വാദം ആരംഭിച്ചിരുന്നു.

ജീവപര്യന്തം തടവ് കൂടാതെ വീട് കത്തിച്ചതിനും തെളിവ് നശിപ്പിക്കലിനുമായി 12 വര്‍ഷം അധിക തടവും കേദല്‍ അനുഭവിക്കണം. സെഷന്‍ 302 പ്രകാരമുള്ള ജീവപര്യന്തം ശിക്ഷ ആരംഭിക്കുന്നതിന് മുമ്പ് ഈ 12 വര്‍ഷത്തെ തടവ് കേദല്‍ ജെന്‍സന്‍ അനുഭവിക്കണമെന്ന് പ്രോസിക്യൂട്ടര്‍ അറിയിച്ചു. കൊലപാതകത്തിനും മറ്റു കുറ്റങ്ങള്‍ക്കുമെല്ലാമായിട്ടാണ് 15 ലക്ഷം രൂപ പിഴ വിധിച്ചത്.

കുടുംബാംഗങ്ങളുടെ ആത്മാവ് ശരീരംവിട്ട് സ്വര്‍ഗത്തിലേക്ക് പറന്നുപോകുന്ന സാത്താന്‍ സേവയായ ആസ്ട്രല്‍ പ്രൊജക്ഷന്റെ ഭാഗമായാണ് താന്‍ കൊലപാതകം നടത്തിയതെന്നാണ് കേദലിന്റെ കുറ്റസമ്മത മൊഴി. പിന്നീട് മൊഴിമാറ്റിയ കേദല്‍, പ്ലസ്ടു വിദ്യാഭ്യാസയോഗ്യത മാത്രമുള്ള തന്നോട് വീട്ടുകാര്‍ കാണിച്ച നിരന്തര അവഗണനയാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നും പറഞ്ഞു. മനഃശാസ്ത്രജ്ഞര്‍ കേദലിന് സ്‌കിസോഫ്രീനിയ എന്ന മാനസികരോഗമാണെന്ന് ആദ്യം കണ്ടെത്തിയിരുന്നു.

2017 ഏപ്രില്‍ 5നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അച്ഛന്‍ പ്രൊഫസര്‍ രാജാ തങ്കം, അമ്മ ഡോക്ടര്‍ ജീന്‍ പത്മം, സഹോദരി കരോലിന്‍, ബന്ധുവായ ലളിത എന്നിവരെ കേദല്‍ മഴു കൊണ്ട് വെട്ടിക്കൊന്ന്, കത്തിക്കുകയായിരുന്നു. കേസില്‍ ഏകപ്രതിയായ കേദല്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. സംഭവം നടന്ന് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ വിധി വരുന്നത്.

കൊലപാതകം, തെളിവ് നശിപ്പിക്കല്‍, ആയുധം ഉപയോഗിച്ച് പരിക്കേല്‍പ്പിക്കുക എന്നീ കുറ്റങ്ങളാണ് പ്രതിക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. കേദലിനെതിരെ ചുമത്തിയിരിക്കുന്ന എല്ലാ കുറ്റങ്ങളും തെളിഞ്ഞതായി കോടതി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

കുടുംബാംഗങ്ങളോടുള്ള ഒടുങ്ങാത്ത പകയായിരുന്നു കൊലപാതകത്തിന് കാരണം എന്ന് കണ്ടെത്തിയിരുന്നു. രണ്ട് തവണ കേദലിനെ വിദേശത്ത് പഠിക്കാനയച്ചിരുന്നു. പക്ഷേ കേദല്‍ തിരിച്ചുവന്നു. ഇതോടെ അച്ഛന്‍ വഴക്കു പറഞ്ഞു. ഇതിനെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കൂട്ടക്കൊലപാതകത്തിലേക്ക് നയിച്ചത്. ആസൂത്രിതമായിട്ടാണ് കൊലപാതകം നടത്തിയത്. ഓണ്‍ലൈനായി രണ്ട് മഴുവാങ്ങി സൂക്ഷിച്ചു, തക്കം കിട്ടിയപ്പോള്‍ എല്ലാവരെയും കൊലപ്പെടുത്തി.

പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ദിലീപ് സത്യന്‍ ഹാജരായി. അഭിഭാഷകരായ റിയ, നിധിന്‍ എന്നിവര്‍ സഹായികളായി.

Related Articles
Next Story
Share it