കേരളം തന്നെക്കാള്‍ ഇളയതും ചെറുപ്പവും; ഏത് കണ്ണഞ്ചിപ്പിക്കുന്ന വികസനം ഉണ്ടെങ്കിലും വിശക്കുന്ന വയറിന് മുമ്പില്‍ ഒരു വികസനത്തിനും വിലയില്ലെന്ന് നടന്‍ മമ്മൂട്ടി

സാമൂഹിക ജീവിതം വികസിക്കണമെങ്കില്‍ ദാരിദ്ര്യം സമ്പൂര്‍ണമായി തുടച്ചുനീക്കപ്പെടണം എന്നും താരം

തിരുവനന്തപുരം: കേരളം തന്നെക്കാള്‍ ഇളയതും ചെറുപ്പവുമാണെന്ന് നടന്‍ മമ്മൂട്ടി. അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുന്ന ചടങ്ങില്‍ വിശിഷ്ടാതിഥി ആയി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷമാണ് മമ്മൂട്ടി പൊതുവേദിയില്‍ എത്തുന്നത്.

സാമൂഹ്യ സേവന രംഗത്ത് കേരളം ഒരുപാട് മുന്നിലാണെന്ന് പറഞ്ഞ മമ്മൂട്ടി നമ്മുടെ ജനാധ്യപത്യ ബോധത്തിന്റെ ഫലമാണ് കേരളത്തിന്റെ ഈ നേട്ടങ്ങളെല്ലാം എന്നും ചൂണ്ടിക്കാട്ടി. അതിദാരിദ്ര്യം മാത്രമേ മുക്തമാകുന്നുള്ളൂ. ദാരിദ്ര്യം ഇനിയും നമ്മുടെ മുന്നില്‍ ബാക്കിയാണ്. സ്വാതന്ത്ര്യം കിട്ടിയ കാലത്തെക്കാള്‍ നമ്മുടെ ദാരിദ്ര്യ രേഖ ഇന്ന് കുറഞ്ഞു. മുഖ്യമന്ത്രി വലിയ ഉത്തരവാദിത്തമാണ് ഏറ്റെടുക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞു.

ഏത് കണ്ണഞ്ചിപ്പിക്കുന്ന വികസനം ഉണ്ടെങ്കിലും വിശക്കുന്ന വയറിന് മുമ്പില്‍ ഒരു വികസനത്തിനും വിലയില്ല. ആ വയറുകള്‍ കൂടെ കണ്ടുതന്നെയാണ് വികസനങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതും.

'നമ്മുടെ സാമൂഹിക സൂചികകള്‍ പലപ്പോഴും ലോകത്തെ അമ്പരപ്പിച്ചിട്ടുണ്ട്. ലോകത്തിലെ അതിസമ്പന്ന രാജ്യങ്ങളുടെ 20-ല്‍ ഒരുഭാഗം പോലുമില്ലാത്ത കേരളമാണ് ഇത്രയും വലിയ നേട്ടങ്ങള്‍ കൊയ്യുന്നത്. സാമൂഹികസേവന രംഗങ്ങളില്‍ നമ്മള്‍മറ്റ് പലരേയും അപേക്ഷിച്ച് മുന്നിലാണ്. ഈ നേട്ടങ്ങളെല്ലാം നേടിയത് നമ്മുടെ സാമൂഹിക ബോധത്തിന്റെ, ജനാധിപത്യബോധത്തിന്റെ ഫലമായി തന്നെയാണ്', മമ്മൂട്ടി പറഞ്ഞു.

സാഹോദര്യവും സമര്‍പ്പണവും ജനങ്ങളില്‍ നിന്നും ഉണ്ടാകണം. അഞ്ചെട്ട് മാസമായി ഒരു പൊതുവേദിയിലോ നാട്ടിലോ ഇറങ്ങാത്ത ആളാണ് താന്‍. അത് കേരളപ്പിറവി ദിനത്തില്‍ തന്നെ ആയതില്‍ സന്തോഷമുണ്ട്. കേരളത്തിന് എന്നേക്കാള്‍ നാലഞ്ചുവയസ്സു കുറവാണ്. എന്നേക്കാള്‍ ഇളയതും ചെറുപ്പവുമാണ്', എന്നും മമ്മൂട്ടി പറഞ്ഞു.

എറണാകുളത്തുനിന്ന് യാത്ര ചെയ്താണ് താന്‍ തിരുവനന്തപുരത്തേക്ക് വന്നത്. ഇപ്പോള്‍ വന്നപ്പോള്‍ കണ്ണഞ്ചിപ്പിക്കുന്ന വികസനം ഉണ്ടായിട്ടുണ്ട്. രാജപാതകളും വലിയ കെട്ടിടങ്ങളും നിര്‍മിക്കുന്നതു കൊണ്ട് മാത്രം വികസനം കൈവരിക്കില്ല. സാമൂഹിക ജീവിതം വികസിക്കണമെങ്കില്‍ ദാരിദ്ര്യം സമ്പൂര്‍ണമായി തുടച്ചുനീക്കപ്പെടണം എന്നും മമ്മൂട്ടി പറഞ്ഞു.


Related Articles
Next Story
Share it