പഹല്‍ഗാം ഭീകരാക്രമണം; കേരളത്തില്‍ നിന്നുള്ള 4 എംഎല്‍എമാരും, 3 ഹൈക്കോടതി ജഡ് ജിമാരും അടക്കം 258 മലയാളികള്‍ ജമ്മുവില്‍ കുടുങ്ങി; തിരിച്ചെത്തിക്കാന്‍ ശ്രമം
എം. മുകേഷ്, ടി സിദ്ദീഖ് എന്നിവരും ഇതില്‍പെടും

തിരുവനന്തപുരം: പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള 4 എംഎല്‍എമാരും, 3 ഹൈക്കോടതി ജഡ് ജിമാരും അടക്കം 258 മലയാളികള്‍ ജമ്മുവില്‍ കുടുങ്ങിയതായി നോര്‍ക്ക റൂട്ട് സ് ചീഫ് എക്സിക്യുട്ടീവ് ഓഫിസര്‍ അജിത് കോളശേരി. നോര്‍ക്ക ഹെല്‍പ് ഡെസ്‌കില്‍ 28 ഗ്രൂപ്പുകളിലായി 262 പേരാണ് കുടുങ്ങിയ വിവരം റജിസ്റ്റര്‍ ചെയ്തതെന്നും ഇതില്‍ നാലു പേര്‍ നാട്ടില്‍ തിരിച്ചെത്തിയതായും ബാക്കിയുള്ളവരെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
തിരൂരങ്ങാടി എംഎല്‍എ കെ.പി.എ മജീദ്, നെയ്യാറ്റിന്‍കര എംഎല്‍എ കെ. ആന്‍സലന്‍, കൊല്ലം എംഎല്‍എ എം. മുകേഷ്, കല്‍പറ്റ എംഎല്‍എ ടി.സിദ്ദിഖ് എന്നിവരും ഹൈക്കോടതി ജഡ്ജിമാരായ അനില്‍ കെ നരേന്ദ്രന്‍, പി.ജി അജിത് കുമാര്‍, ജസ്റ്റിസ് ജി. ഗിരീഷ് എന്നിവരുമാണ് കശ്മീരില്‍ കുടുങ്ങിയ മലയാളികള്‍. ഇവര്‍ എല്ലാവരും സുരക്ഷിതരാണെന്ന് നോര്‍ക്ക റൂട്ട് സ് അറിയിച്ചു.
കേരളത്തില്‍ നിന്നുള്ളവര്‍ക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിനായാണ് നോര്‍ക്ക ഹെല്‍പ് ഡെസ്‌ക്ക് തുടങ്ങിയത്. ഈ സേവനം ഉപയോഗപ്പെടുത്തുന്നതിന് നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ 18004253939 (ടോള്‍ ഫ്രീ നമ്പര്‍), 00918802012345 (മിസ്ഡ് കോള്‍) എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം. കശ്മീരില്‍ കുടുങ്ങിപോയവരില്‍ സഹായം ആവശ്യമായവര്‍ക്കും, ബന്ധുക്കളെ സംബന്ധിച്ച വിവരം തേടുന്നവര്‍ക്കും ഹെല്‍പ് ഡെസ്‌ക്ക് നമ്പരില്‍ വിളിച്ച് വിവരങ്ങള്‍ നല്‍കുകയും പേര് റജിസ്റ്റര്‍ ചെയ്യുകയും ചെയ്യാമെന്ന് നോര്‍ക്ക റൂട്ട്സ് സിഇഒ അറിയിച്ചു.
ചൊവ്വാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് മിനി സ്വിറ്റ് സര്‍ലന്റ് എന്നറിയപ്പെടുന്ന പഹല്‍ഗാമിലെ ബൈസരന്‍ താഴ് വരയില്‍ ഭീകരര്‍ കടന്നു കയറി വെടിയുതിര്‍ത്തത്. 28 ജീവനുകള്‍ പിടഞ്ഞുവീണ് മരിച്ചു. 17 പേര്‍ക്ക് പരിക്കേറ്റു.
ഭീകരാക്രമണത്തില്‍ മരിച്ചവരെയെല്ലാം തിരിച്ചറിഞ്ഞു. ഗുജറാത്തില്‍ നിന്ന് മൂന്ന് പേര്‍, കര്‍ണാടകയില്‍ നിന്ന് മൂന്ന് പേര്‍, മഹാരാഷ്ട്രയില്‍ നിന്ന് ആറ് പേര്‍, ബംഗാളില്‍ നിന്ന് രണ്ട് പേര്‍, ആന്ധ്രയില്‍ നിന്ന് ഒരാള്‍, കേരളത്തില്‍ നിന്ന് ഒരാള്‍, യുപി, ഒഡീഷ, ബീഹാര്‍, ചണ്ഡീഗഡ്, ഉത്തരാഖണ്ഡ്, ഹരിയാന, കശ്മീര്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തരുമാണ് മരിച്ചവരുടെ പട്ടികയിലുള്ളത്.
നേപ്പാളില്‍ നിന്നുള്ള ഒരാളും മരിച്ചു. ശ്രീനഗറില്‍ എത്തിച്ച മൃതദേഹങ്ങള്‍ ഇന്ന് തന്നെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടങ്ങി. കൊല്ലപ്പെട്ട മലയാളി കൊച്ചി സ്വദേശി രാമചന്ദ്രന്റെ മൃതദേഹം എയര്‍ ഇന്ത്യ വിമാനത്തില്‍ ഒരു മണിയോടെ ഡല്‍ഹിയില്‍ എത്തിക്കും. അവിടെ നിന്ന് 4.30 നുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ 7.30 ഓടുകൂടി നെടുമ്പാശേരിയിലെത്തിക്കും. അതേസമയം, ആക്രമണത്തില്‍ പരിക്കേറ്റ 17 പേരില്‍ മൂന്ന് പേരുടെ നില ഗുരുതരമായി തുടരുകയാണ്.
പഹല്‍ഗാമിലും, അനന്ത് നാഗിലുമുള്ള ആശുപത്രികളിലേക്ക് പരിക്കേറ്റവരെ മാറ്റി. ബുധനാഴ്ച പുലര്‍ച്ചെ 28 മൃതദേഹങ്ങളും ശ്രീനഗറിലെത്തിച്ചു.