1 മുതല്‍ 10 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാനുള്ള പദ്ധതിയുമായി കേരള സര്‍ക്കാര്‍
പദ്ധതിയില്‍ ഉള്‍പ്പെടുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കും

തിരുവനന്തപുരം: 1 മുതല്‍ 10 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാനുള്ള പദ്ധതിയുമായി കേരള സര്‍ക്കാര്‍. സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയില്‍ മറ്റൊരു വലിയ കുതിച്ചുചാട്ടം കുറിക്കുന്ന പദ്ധതിയാണ് സര്‍ക്കാര്‍ ഒരുക്കുന്നത്. 35 ലക്ഷത്തോളം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഗുണം ചെയ്യും.
സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സംസ്ഥാന സിലബസ് സ്‌കൂളുകളില്‍ പഠിക്കുന്ന 1 മുതല്‍ 10 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാന്‍ തത്വത്തില്‍ തീരുമാനമെടുത്തു. അടുത്ത അധ്യയന വര്‍ഷം മുതല്‍ നടപ്പിലാക്കാന്‍ പോകുന്ന ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കും. കൊല്ലത്തെ തേവലക്കര ബോയ്സ് ഹൈസ്‌കൂളില്‍ 13 വയസ്സുള്ള മിഥുന്‍ എന്ന വിദ്യാര്‍ഥി വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂളുകളില്‍ ആവര്‍ത്തിച്ചുള്ള അപകടങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് ഈ നീക്കം.
കഴിഞ്ഞ ആഴ്ച ധനമന്ത്രി കെ എന്‍ ബാലഗോപാലും പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും തമ്മില്‍ വിഷയം ചര്‍ച്ച ചെയ്യാനായി കൂടിക്കാഴ്ച നടത്തിയിരുന്നു.
'ഇതുമായി ബന്ധപ്പെട്ട് ഞങ്ങള്‍ പ്രാഥമിക ചര്‍ച്ചകള്‍ നടത്തി. വിദ്യാഭ്യാസ വകുപ്പ് പദ്ധതി പരിശോധിക്കും. വരാനിരിക്കുന്ന ബജറ്റ് സെഷനില്‍ ഇത് അവതരിപ്പിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു,' എന്നാണ് ഇതേകുറിച്ചുള്ള മന്ത്രിയുടെ പ്രതികരണം. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം, ഇന്‍ഷുറന്‍സ് വകുപ്പ് പദ്ധതിയുടെ സാധ്യതകളെക്കുറിച്ചുള്ള പ്രാഥമിക വിശകലനം നടത്തി. അപകട മരണത്തിനുള്ള ഓപ്ഷനുകളും പ്രീമിയങ്ങളും, അപകടത്തെത്തുടര്‍ന്നുള്ള ഇന്‍-പേഷ്യന്റ്, ഔട്ട്-പേഷ്യന്റ് കണ്‍സള്‍ട്ടേഷനുകളും ഉള്‍പ്പെടെ - ഇത് എങ്ങനെ നടപ്പിലാക്കാം എന്നതിനെക്കുറിച്ചുള്ള ഒരു ഡാറ്റാഷീറ്റ് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിന് ഇതിനകം നല്‍കിയിട്ടുണ്ടെന്ന് ഇന്‍ഷുറന്‍സ് വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ബുഷ്ര എസ് ദീപ പറഞ്ഞു.
നിലവിലെ പദ്ധതി പ്രകാരം, അപകടങ്ങളുമായി ബന്ധപ്പെട്ടവ ഒഴികെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ പദ്ധതിയുടെ പരിധിയില്‍ വരില്ല.
'കേന്ദ്ര സിലബസ് സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തുന്നത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല,' ബുഷ്ര പറഞ്ഞു. ഫണ്ട് തയ്യാറാണെങ്കില്‍, പ്രക്രിയ സുഗമമാക്കുന്നതിന് വകുപ്പിന് സഹ-ഇന്‍ഷുറന്‍സ് കണക്ഷനുകളുള്ള പൊതുമേഖലയിലെ ഇന്‍ഷുറന്‍സ് കമ്പനികളുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പദ്ധതി പൊതുമേഖലയില്‍ തന്നെ തുടരുമെന്ന് സര്‍ക്കാര്‍ ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.