രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളം; പുതുയുഗപ്പിറവിയെന്ന് മുഖ്യമന്ത്രി
അതിദാരിദ്ര്യ നിര്‍മാര്‍ജന പ്രഖ്യാപനം തട്ടിപ്പാണെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം പുതുയുഗപ്പിറവിയില്‍ ആണെന്നും മുഖ്യമന്ത്രി പ്രഖ്യാപനത്തില്‍ പറഞ്ഞു. രാവിലെ 9 മണിക്ക് തുടങ്ങിയ പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ചരിത്രപരമായ നേട്ടമായതുകൊണ്ടാണ് നിയമസഭ വിളിച്ചു ചേര്‍ത്ത് ലോകത്തെ അറിയിക്കാന്‍ തീരുമാനിച്ചത്. തട്ടിപ്പ് എന്ന പ്രതികരണം സ്വന്തം ശീലങ്ങളില്‍ നിന്നു പറയുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സജീവ ജനപങ്കാളിത്തത്തോടെയാണ് പ്രക്രിയ നടന്നത്. എല്ലാ വിഭാഗം ജനങ്ങളെയും പങ്കെടുപ്പിച്ചു. അവരുടെ അഭിപ്രായങ്ങളിലൂടെ ഉരുത്തിരിഞ്ഞ ആശയങ്ങള്‍ ഉള്‍ക്കൊണ്ടു. പങ്കാളിത്ത അധിഷ്ഠിതമായ പ്രക്രിയയിലൂടെയാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്. ഓരോ കുടുംബത്തിനും മൈക്രോ പ്ലാനുകള്‍ തയ്യാറാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
2025-26 ല്‍ 60 കോടി രൂപ പ്രത്യേകം അനുവദിച്ചു. ഗ്രാമങ്ങളില്‍ 90.7 ശതമാനം, നഗരങ്ങളില്‍ 88.89 ശതമാനവും ദാരിദ്ര്യരേഖയ്ക്ക് താഴെയായിരുന്നു. അവിടെനിന്നാണ് കേരളം അതിദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്ത ആദ്യ സംസ്ഥാനമായി തലയുയര്‍ത്തി നില്‍ക്കുന്നത്. ആവശ്യമായ രേഖകള്‍ എല്ലാം ഇവര്‍ക്ക് എത്തിച്ചു. മൂന്നുനേരം ഭക്ഷണത്തിന് കഴിയാത്തവര്‍ക്ക് അതുറപ്പാക്കി. 4677 കുടുംബങ്ങള്‍ക്ക് വീട് ആവശ്യമായി വന്നു. ലൈഫ് മിഷന്‍ മുഖേന വീട് നിര്‍മാണം പൂര്‍ത്തിയാക്കി. 2711 കുടുംബങ്ങള്‍ക്ക് ആദ്യം ഭൂമി നല്‍കി. ഭവന നിര്‍മ്മാണത്തിന് നടപടികള്‍ സ്വീകരിച്ചു.
നടത്താന്‍ കഴിയുന്ന കാര്യങ്ങള്‍ മാത്രമേ സര്‍ക്കാര്‍ പറയാറുള്ളൂ. അത് നടപ്പാക്കുകയും ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിദാരിദ്ര്യ നിര്‍മാര്‍ജനം എന്നത് നേരത്തേ തന്നെ പറഞ്ഞിട്ടുളളതാണെന്നും അതില്‍ രഹസ്യമൊന്നും ഇല്ലെന്നും മുഖ്യമന്ത്രി എടുത്തുപറഞ്ഞു. അതിദരിദ്രരില്ലാത്ത രാജ്യത്തെ ആദ്യ സംസ്ഥാനമാക്കി കേരളത്തെ മാറ്റാന്‍ കഴിഞ്ഞുവെന്നും നവകേരള സൃഷ്ടിയുടെ ഒരു നാഴികക്കല്ലു കൂടി പിന്നിടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍ അതിദാരിദ്ര്യ നിര്‍മാര്‍ജന പ്രഖ്യാപനം തട്ടിപ്പാണെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി. സഭയോട് സഹകരിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ എല്ലാ പത്രങ്ങളിലും പരസ്യം ഉണ്ടെന്നും പറഞ്ഞു. തുടര്‍ന്ന് പ്രത്യേക സഭാ സമ്മേളനം ബഹിഷ്‌കരിച്ചു. കേരളം അതീവദാരിദ്ര മുക്ത സംസ്ഥാനമാണെന്നത് ശുദ്ധ തട്ടിപ്പാണെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് ചട്ടങ്ങള്‍ ലംഘിച്ചാണ് സഭ ചേരുന്നതെന്നും സഭയെ അവഹേളിക്കുകയാണെന്നും കുറ്റപ്പെടുത്തി. തുടര്‍ന്ന് മുദ്രാവാക്യങ്ങള്‍ വിളിച്ച് പ്രതിപക്ഷം സഭ വിട്ടു.
അതേസമയം, കേരളം കൈവരിച്ച ചരിത്രനേട്ടം സഹിക്കവയ്യാതെ ഇറങ്ങിപ്പോയ പ്രതിപക്ഷത്തെ കാലം വിലയിരുത്തുമെന്ന് തദ്ദേശമന്ത്രി എം.ബി.രാജേഷ് പറഞ്ഞു.

