അക്ഷര കുലപതിക്ക് വിട.. സ്മൃതിപഥത്തിൽ എം.ടിക്ക് ഇനി നിത്യനിദ്ര
കോഴിക്കോട്: മലയാളത്തിന്റെ സാഹിത്യ ഇതിഹാസം എം.ടി വാസുദേവന്‍ നായര്‍ക്ക് വിട. എഴുത്തിന്റെ പൂര്‍ണത പ്രകടമാവുന്ന സാഹിത്യ സപര്യയുടെ ഒരു യുഗത്തിന് അന്ത്യമായി. ഔദ്യോഗിക ബഹുമതികളോടെ കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തില്‍ എം.ടിയുടെ ഭൗതികദേഹം സംസ്‌കരിച്ചു. മലയാളത്തെ മഹോന്നതമാക്കിയ അക്ഷര കുലപതിക്ക് ഇനി നിത്യനിദ്ര. സ്മൃതിപഥം എന്ന പേരില്‍ പ്രത്യേകം ഒരുക്കിയ സ്ഥലത്തായിരുന്നു സംസ്‌കാരം. വൈകീട്ട് നാല് മണിയോടെ കോഴിക്കോട്ടെ വീട്ടില്‍ നിന്ന് മൃതദേഹം വിലാപ യാത്രയായി മാവൂര്‍ റോഡ് ശ്മശാനത്തിലെത്തിച്ചു. എം.ടിയുടെ കുടുംബങ്ങള്‍ക്കൊപ്പം ആയിരങ്ങളാണ് അന്ത്യയാത്രയില്‍ അനുഗമിച്ചത്.
ഒരു രാത്രിയും പകലും കോഴിക്കോട് നടക്കാവിലെ സിതാരയിലേക്ക് ഒഴുകിയെത്തിയത് എം.ടി എന്ന രണ്ടക്ഷരത്തെ സാഹിത്യപരമായും വ്യക്തിപരമായും നെഞ്ചോട് ചേര്‍ത്തവരായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ രാവിലെ വീട്ടിലേക്കെത്തി അന്തിമോപചാരമര്‍പ്പിച്ചു. ബുധനാഴ്ച രാത്രി 12 മണിയോടെയാണ് അദ്ദേഹത്തിൻ്റെ ഭൗതിക ശരീരം വീട്ടിലേക്ക് എത്തിച്ചത്. പൊതുദര്‍ശനം വേണ്ട, മോര്‍ച്ചറിയില്‍ അധികം കിടത്തരുത് എന്ന അനശ്വര കഥാകാരന്റെ ആഗ്രഹവും കുടുംബം പാലിച്ചു.
1933 ജൂലായ് 15-ന് പൊന്നാനി താലൂക്കിലെ കൂടല്ലൂരിലായിരുന്നു എം.ടിയുടെ ജനനം. പുന്നയൂർക്കുളം ടി. നാരായണൻ നായരും അമ്മാളുഅമ്മയുമാണ് മാതാപിതാക്കൾ. നാല് ആൺമക്കളിൽ ഇളയ മകൻ. മലമക്കാവ് എലിമെന്ററി സ്കൂൾ, കുമരനെല്ലൂർ ഹൈസ്കൂൾ എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പാലക്കാട് വിക്ടോറിയ കോളേജിൽനിന്ന് 1953-ൽ രസതന്ത്രത്തിൽ ബിരുദം നേടി. കുറച്ചുകാലം അധ്യാപകൻ. തുടർന്ന് 1956-ൽ മാതൃഭൂമിയിൽ സബ് എഡിറ്ററായി ദീർഘകാലത്തെ ഔദ്യോഗിക സേവനത്തിനു തുടക്കം.
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച പാതിരാവും പകൽവെളിച്ചവും ആണ് ആദ്യ നോവൽ. പുസ്തകരൂപത്തിൽ പുറത്തിറങ്ങിയ ആദ്യ നോവൽ നാലുകെട്ടാണ് (1958). അന്ന് 25 വയസ്സായിരുന്നു എം ടിയുടെ പ്രായം. 1959ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നാലുകെട്ടിനായിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കാലം (1969), വയലാര്‍ അവാര്‍ഡ് നേടിയ രണ്ടാമൂഴം (1984) , എൻ.പി.മുഹമ്മദും ചേർന്ന് എഴുതിയ അറബിപ്പൊന്ന് (1960), അസുരവിത്ത് (1962), മഞ്ഞ് (1964), വിലാപയാത്ര (1978), വാരാണസി (2002) എന്നിവയാണ് പ്രധാന നോവലുകള്‍. ഓടക്കുഴല്‍ അവാര്‍ഡ് നേടിയ വാനപ്രസ്ഥം, രക്തം പുരണ്ട മണ്‍ത്തരികള്‍, വെയിലും നിലാവും , വേദനയുടെ പൂക്കൾ, നിന്റെ ഓര്‍മയ്ക്ക്, ഓളവും തീരവും, ഇരുട്ടിന്റെ ആത്മാവ്, കുട്ട്യേടത്തി, നഷ്ടപ്പെട്ട ദിനങ്ങള്‍, ബന്ധനം, പതനം, കളിവീട്, ഡാർ എസ് സലാം, അജ്ഞാതന്റെ ഉയരാത്ത സ്മാരകം, അഭയം തേടി വീണ്ടും, സ്വര്‍ഗം തുറക്കുന്ന സമയം, ഷര്‍ലക്, തുടങ്ങി വായനക്കാര്‍ നെഞ്ചോടു ചേര്‍ത്ത നിരവധി കഥകളും എം ടിയുടെ തൂലികയില്‍ പിറന്നു.