കൃത്യമായി വായ്പ തിരിച്ചടക്കുന്ന സംഘങ്ങള്‍ക്ക് പലിശ തുകയുടെ 5% ഇന്‍സെന്റീവ് നല്‍കാന്‍ കേരള ബാങ്ക്
2024-25 വര്‍ഷത്തെ വാര്‍ഷിക പൊതുയോഗത്തോടനുബന്ധിച്ചാണ് ഇതുസംബന്ധിച്ച തീരുമാനം

തിരുവനന്തപുരം: കൃത്യമായി വായ്പ തിരിച്ചടക്കുന്ന സംഘങ്ങള്‍ക്ക് പലിശ തുകയുടെ 5% ഇന്‍സെന്റീവ് നല്‍കാനുള്ള തീരുമാനവുമായി കേരള ബാങ്ക്. 2024-25 വര്‍ഷത്തെ വാര്‍ഷിക പൊതുയോഗത്തോടനുബന്ധിച്ചാണ് ഇതുസംബന്ധിച്ച തീരുമാനം. കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിയ്ക്കല്‍ ആണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം അല്‍സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വെള്ളിയാഴ്ചയാണ് പൊതുയോഗം ചേര്‍ന്നത്.
സംഘങ്ങള്‍ക്ക് അനുവദിച്ച് നല്‍കുന്ന ജനറല്‍ ബാങ്കിംഗ് ക്യാഷ് ക്രെഡിറ്റ് (GBCC) വായ്പകളുടെ പലിശ 10.25 ശതമാനത്തില്‍ നിന്ന് 9.75 ശതമാനമായും സംഘങ്ങള്‍ക്ക് നല്‍കുന്ന ഗോള്‍ഡ് ലോണ്‍ ക്യാഷ് ക്രെഡിറ്റ് വായ്പ പലിശ 9 ശതമാനത്തില്‍ നിന്ന് 8.90 ശതമാനമായും കുറച്ചിട്ടുണ്ട്. സംഘങ്ങളുടെയും വ്യക്തികളുടെയും 15 ലക്ഷം രൂപക്കു മുകളിലുള്ള ബള്‍ക്ക് നിക്ഷേപങ്ങള്‍ക്ക് 0.5% പലിശ കൂടുതല്‍ നല്‍കിവരുന്നതായും ഗോപി കോട്ടമുറിയ്ക്കല്‍ അറിയിച്ചു.
2020 നവംബറില്‍ ചുമതലയേറ്റ കേരള ബാങ്കിന്റെ തെരഞ്ഞെടുത്ത ആദ്യ ഭരണസമിതിയുടെ കാലാവധി ഈ വര്‍ഷം അവസാനിക്കുകയാണ്. അതിനിടെയാണ് പുതിയ തീരുമാനം. ഈ 5 വര്‍ഷത്തെ പ്രവര്‍ത്തനത്തിലൂടെ ബിസിനസില്‍ 19,912 കോടി രൂപയാണ് വര്‍ദ്ധിച്ചത്. 2019-20 ല്‍ 1,01,194 കോടി രൂപയായിരുന്ന ബിസിനസ് 2024-25 ല്‍ 1,21,106 കോടി രൂപയായി വര്‍ദ്ധിച്ചിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
ബാങ്കിന്റെ വായ്പാ ബാക്കിനില്‍പ്പ് നിലവില്‍ 51,000 കോടി രൂപയ്ക്കു മുകളിലാണ്. ഇതില്‍ 27% തുക ബാങ്കിന്റെ അഞ്ചര ലക്ഷത്തിലധികം വരുന്ന കാര്‍ഷിക വായ്പാ ഇടപാടുകാര്‍ക്കാണ് വിതരണം ചെയ്യുന്നത്. 12% തുക സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭ മേഖലക്കും 25% തുക പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്കുമാണ് അനുവദിച്ചിട്ടുള്ളതെന്നും യോഗം അറിയിച്ചു.
70,763.11 കോടി രൂപയുടെ നിക്ഷേപമാണ് കേരള ബാങ്കിലുളളത്. ബാങ്ക് നിലവില്‍ നടപ്പാക്കുന്ന 100 ദിന സ്വര്‍ണ്ണപ്പണയ വായ്പാ ക്യാമ്പെയിനിലൂടെ 57 ദിവസം കൊണ്ട് സ്വര്‍ണ്ണപ്പണയ വായ്പയില്‍ 1267 കോടി രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായതെന്നും യോഗം ചൂണ്ടിക്കാട്ടി.
14 വ്യത്യസ്ത സോഫ് റ്റ് വെയറില്‍ പ്രവര്‍ത്തിച്ചിരുന്ന ബാങ്കിന്റെ ഐടി സംയോജനം വളരെ വേഗം പൂര്‍ത്തികരിച്ച് യുപിഐ സേവനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ മൊബൈല്‍ ബാങ്കിംഗ് സേവനങ്ങളും 2023 മുതല്‍ കേരള ബാങ്ക് വഴി സഹകരണ മേഖലയിലെ ഉപഭോക്താക്കള്‍ക്ക് നല്‍കി. ചുരുങ്ങിയ കാലം കൊണ്ട് എട്ട് കോടിയിലധികം ഇടപാടുകളിലായി 16,000 കോടിയിലധികം രൂപയുടെ ഇടപാടുകള്‍ ബാങ്കിന്റെ യുപിഐ സേവനം വഴി നടന്നതായും യോഗം അറിയിച്ചു.