ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച കേസ്; അഭിഭാഷകന്‍ ബെയ് ലിന്‍ ദാസിന് ജാമ്യം

റിമാന്‍ഡിലായി നാലാം ദിവസമാണ് ജാമ്യം അനുവദിച്ചത്

തിരുവനന്തപുരം: ജൂനിയര്‍ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച കേസില്‍ പ്രതിയും അഭിഭാഷകനുമായ ബെയ്‌ലിന്‍ ദാസിന് കര്‍ശന ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. റിമാന്‍ഡിലായി നാലാം ദിവസമാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. ബെയ്ലിന്‍ ദാസിനെ കോടതി കഴിഞ്ഞ ദിവസമാണ് റിമാന്‍ഡ് ചെയ്തത്.

പൊലീസ് ഹാജരാക്കിയ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പരിഗണിച്ച ശേഷമാണ് ജാമ്യം നല്‍കിയിരിക്കുന്നത്. ഒരു തരത്തിലും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നത് ഉള്‍പ്പെടെ കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

സ്ത്രീത്വത്തെ അപമാനിച്ച സംഭവം ഗൗരവമുള്ളതാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. പരാതിക്കാരിക്ക് തൊഴിലിടത്തു സംഭവിച്ച ആക്രമണം അവരുടെ അന്തസ്സിനേറ്റ കളങ്കമായതിനാല്‍ ജാമ്യം നല്‍കുന്നത് നീതി നിഷേധിക്കലാകുമെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. കേസിലെ സാക്ഷികള്‍ പ്രതിയുടെ ഓഫീസിലെ അഭിഭാഷകരും ജീവനക്കാരുമാണ്, പ്രതിക്ക് ജാമ്യം ലഭിച്ചാല്‍ പ്രാഥമിക ഘട്ടത്തിലുള്ള അന്വേഷണം അട്ടിമറിക്കാന്‍ ഇടയുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതി അറിയിച്ചു.

എന്നാല്‍ അഭിഭാഷകന്റെ ഓഫിസിനുള്ളില്‍ രണ്ട് ജൂനിയര്‍ അഭിഭാഷകരുടെ തര്‍ക്കത്തിനൊടുവിലാണ് സംഭവം ഉണ്ടായതെന്ന വാദമാണ് പ്രതിഭാഗം ഉന്നയിച്ചത്. കോടതി നല്‍കുന്ന ഏത് ഉപാധിയും അംഗീകരിക്കാമെന്ന ബെയിലിന്‍ ദാസിന്റെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.

കഴിഞ്ഞ ചൊവാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഓഫിസില്‍ വച്ച് ബെയ്‌ലിന്‍ ദാസ് ജൂനിയര്‍ അഭിഭാഷകയായ ശ്യാമിലിയെ മര്‍ദിക്കുകയായിരുന്നു. ഇടത് കവിളില്‍ അടിയേറ്റു വീണ ശ്യാമിലി എഴുന്നേല്‍ക്കുന്നതിനിടയില്‍ കൈയില്‍ പിടിച്ച് തിരിച്ച ശേഷം ബെയ്ലിന്‍ ദാസ് വീണ്ടും കവിളില്‍ അടിക്കുകയായിരുന്നുവെന്നാണ് റിമാന്‍ഡ് അപേക്ഷയില്‍ പൊലീസ് വ്യക്തമാക്കുന്നത്.

അടിയേറ്റ് നിലത്ത് വീണെങ്കിലും ആരും അടുത്തേക്ക് എത്തിയില്ലെന്ന് ശ്യാമിലി നേരത്തെ പ്രതികരിച്ചിരുന്നു. ഗര്‍ഭിണിയായിരിക്കെ വക്കീല്‍ ഓഫീസിനകത്ത് വെച്ച് നേരത്തെയും തന്നെ ബെയിലന്‍ ദാസ് മര്‍ദിച്ചിരുന്നുവെന്നും അഭിഭാഷക വെളിപ്പെടുത്തിയിരുന്നു.

ആക്രമണത്തിനു ശേഷം ഒളിവില്‍ പോയ ബെയ്ലിന്‍ ദാസിനെ വ്യാഴാഴ്ച രാത്രി 7 മണിയോടെയാണ് തുമ്പ പൊലീസ് കസ്റ്റഡിയിലെടുത്തത്.

Related Articles
Next Story
Share it