'കോൺഗ്രസിൻ്റെ പത്ത് പിള്ളേര് മതി സി.പി.എമ്മിൻ്റെ ഓഫീസ് പൊളിക്കാൻ' കെ സുധാകരൻ
കണ്ണൂർ : പിണറായിയിൽ കോൺഗ്രസ് ബൂത്ത് കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിൽ വെല്ലുവിളിയുമായി കെ.പി.സി.സി പ്രസിഡൻ്റ് കെ. സുധാകരൻ. ആക്രമണത്തിന് പിന്നിൽ സി.പിഎം ആണെന്നും സി.പി.എം ഓഫീസുകൾ ഒറ്റ രാത്രി കൊണ്ട് പൊളിക്കാൻ കോൺഗ്രസിൻ്റെ പത്ത് പിള്ളേര് മതിയെന്നും സുധാകരൻ പറഞ്ഞു.പിണറായിയില്‍ അടിച്ചു തകര്‍ത്ത കോണ്‍ഗ്രസ് ഓഫീസ് ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു വെല്ലുവിളി. തങ്ങള്‍ക്ക് നിങ്ങളുടെ കെട്ടിടം പൊളിക്കാന്‍ കഴിയില്ലെന്നാണോ നിങ്ങള്‍ കരുതുന്നത്? പൊളിച്ചു കാണണം എന്ന് സിപിഐഎമ്മിന് ആഗ്രഹമുണ്ടോ? ഉണ്ടെങ്കില്‍ പറയണം. ആണ്‍കുട്ടികള്‍ ഇവിടെയുണ്ടെന്ന് കാണിച്ചു തരാമെന്നും കെ സുധാകരന്‍ പറഞ്ഞു.
ശനിയാഴ്ച രാത്രിയാണ് പിണറായി വെണ്ടുട്ടായിയില്‍ കോണ്‍ഗ്രസ് ഓഫീസ് അക്രമികള്‍ അടിച്ചു തകര്‍ത്തത്. സിസിടിവി ക്യാമറകള്‍ തകര്‍ത്തശേഷമായിരുന്നു ആക്രമണം. ജനല്‍ച്ചില്ലുകള്‍ തകര്‍ത്തതിനൊപ്പം പ്രധാനപ്പെട്ട വാതില്‍ തീയിട്ട് നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.