ആറളം കാട്ടാന ആക്രമണം; ദമ്പതികളുടെ പോസ്റ്റുമോര്‍ട്ടം ഉടന്‍; ഹര്‍ത്താല്‍ തുടരുന്നു

കണ്ണൂര്‍: ആറളം ഫാമില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ആദിവാസി ദമ്പതികളുടെ പോസ്റ്റുമോര്‍ട്ടം ഉടന്‍ നടത്തും. കൊല്ലപ്പെട്ട വെള്ളിയുടെയും ലീലയുടെയും മൃതദേഹങ്ങള്‍ കനത്ത പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് പരിയാരത്തേക്ക് മാറ്റിയത്. സബ്കളക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സമവായ ചര്‍ച്ച നടത്തിയെങ്കിലും ആദ്യം ഫലം കണ്ടില്ല. പിന്നീട് പൊലീസ് ഇടപെട്ട് സ്ഥിതി ശാന്തമാക്കുകയായിരുന്നു. ഇന്ന് വൈകീട്ട് മൂന്നിന് വനം മന്ത്രി എ.കെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ പ്രദേശത്ത് സര്‍വ്വകക്ഷിയോഗം ചേരും. കാട്ടാന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നാരോപിച്ച് യു.ഡി.എഫും ബി.ജെ.പിയും നടത്തുന്ന ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്. വന്യമൃഗ ശല്യം രൂക്ഷമായ ആറളത്ത് ഇതുവരെ 20 പേരാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച കശുവണ്ടി ശേഖരിക്കാന്‍ പോയതായിരുന്നു വെള്ളിയും ലീലയും. മടങ്ങിവരുമ്പോഴാണ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.