കേരളത്തില്‍ അതി ദാരിദ്ര്യമില്ല എന്ന് പറയാന്‍ ഒരു സൂപ്പര്‍ സ്ത്രീയെയും കിട്ടിയില്ലേ? സര്‍ക്കാരിനെതിരെ സംവിധായകന്‍ ജോയ് മാത്യു
മലയാളത്തില്‍ നടികള്‍ക്ക് അത്ര ദാരിദ്ര്യമോ എന്നും ചോദ്യം

കൊച്ചി: കേരളത്തില്‍ അതി ദാരിദ്ര്യമില്ല എന്ന് പറയാന്‍ ഒരു സൂപ്പര്‍ സ്ത്രീയെയും കിട്ടിയില്ലേ? സര്‍ക്കാരിന്റെ അതിദാരിദ്ര്യമുക്ത പ്രഖ്യാപന പരിപാടിയില്‍ വനിതാ താരങ്ങളെ അതിഥികളായി ക്ഷണിക്കാത്തതില്‍ വിമര്‍ശനവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംവിധായകന്റെ വിമര്‍ശനം. മലയാളത്തില്‍ നടികള്‍ക്ക് അത്ര ദാരിദ്ര്യമോ എന്നും താരം പോസ്റ്റില്‍ ചോദിക്കുന്നു.
'കമല്‍ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ എല്ലാവരും സൂപ്പര്‍. എന്നിട്ടും സ്ത്രീ ശാക്തീകരണം നടന്ന കേരളത്തില്‍ അതി ദാരിദ്ര്യമില്ല എന്നു പറയാന്‍ ഒരു സൂപ്പര്‍ സ്ത്രീയെയും കിട്ടിയില്ലേ? മലയാളത്തില്‍ നടികള്‍ക്ക് അത്ര ദാരിദ്ര്യമോ ? നാട്ടില്‍ അതിദാരിദ്ര്യമല്ല, ദരിദ്രജനതയാണുള്ളത് മൊയലാളീ'- എന്നാണ് ജോയ് മാത്യുവിന്റെ കുറിപ്പ്.
അതേസമയം, അതിദാരിദ്ര്യമുക്ത പ്രഖ്യാപന പരിപാടിയില്‍ കമല്‍ഹാസനും മോഹന്‍ലാലും പങ്കെടുക്കില്ല. കമല്‍ഹാസന് ചെന്നൈയിലും മോഹന്‍ലാലിന് ദുബായിലും ചില പരിപാടികളില്‍ പങ്കെടുക്കേണ്ടതിനാലാണ് ഇത്. ഇക്കാര്യം ഇരുവരും സര്‍ക്കാരിനെ അറിയിച്ചു. വൈകിട്ടു നടക്കുന്ന പരിപാടിയില്‍ മമ്മൂട്ടി മുഖ്യാതിഥിയാകും. മമ്മൂട്ടി രാവിലെ തന്നെ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. സര്‍ക്കാരിന്റെ ചടങ്ങില്‍ നിന്നും പ്രതിപക്ഷവും വിട്ടുനില്‍ക്കും.

