പോട്ട ബാങ്ക് മോഷണം: പണം ഉള്‍പ്പെടെയുള്ള തൊണ്ടിമുതലുകള്‍ കണ്ടെടുത്തു

ചാലക്കുടി: പോട്ട ഫെഡറല്‍ ബാങ്കിലെ മോഷണവുമായി ബന്ധപ്പെട്ട് പണം അടക്കമുള്ള തൊണ്ടിമുതലുകള്‍ പൊലീസ് കണ്ടെടുത്തു. പിടിയിലായ പ്രതി റിജോയുടെ വീട്ടില്‍ നടത്തിയ തെളിവെടുപ്പിലാണ് തൊണ്ടിമുതലുകള്‍ കണ്ടെത്തിയത്. മോഷ്ടിച്ച പണവും ബാങ്ക് ജീവനക്കാരെ ഭീഷണിപ്പെടുത്തി ബന്ദിയാക്കാന്‍ ഉപയോഗിച്ച കത്തിയും മോഷണ സമയത്ത് പ്രതി ധരിച്ചിരുന്ന വസ്ത്രവുമാണ് ഇയാളുടെ വീട്ടില്‍നിന്ന് കണ്ടെടുത്തത്.

തിങ്കളാഴ്ച പുലര്‍ച്ചയോടെയാണ് അന്വേഷണസംഘം തെളിവെടുപ്പിനായി പ്രതിയുടെ വീട്ടിലെത്തിയത്. റിജോയെ സംഭവം നടന്ന ബാങ്കിലെത്തിച്ചും തെളിവെടുപ്പ് നടത്തുമെന്നും അതിനുശേഷം പ്രതിയെ ഉച്ചയോടെ കോടതിയില്‍ ഹാജരാക്കുമെന്നുമാണ് പൊലീസ് നല്‍കുന്ന വിവരം.

ബാങ്കില്‍നിന്ന് മോഷ്ടിച്ച 15 ലക്ഷം രൂപയില്‍ നിന്ന് 12 ലക്ഷം രൂപയാണ് പ്രതിയുടെ വീട്ടില്‍നിന്ന് കണ്ടെടുത്തത്. ബാക്കി തുകയില്‍ നിന്ന് 2,90,000 രൂപ വായ്പ വാങ്ങിയ അന്നനാട് സ്വദേശിക്ക് നല്‍കിയതായി പ്രതി മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു.

റിജോയെ അറസ്റ്റുചെയ്ത സമയത്തുതന്നെ അന്നനാട് സ്വദേശിയായ ഈ വ്യക്തി തനിക്ക് നല്‍കിയതായി പറയുന്ന പണം ചാലക്കുടി ഡിവൈ.എസ്.പി ഓഫീസില്‍ എത്തി കൈമാറിയതായും പൊലീസ് അറിയിച്ചു. കൊള്ളയടിച്ച പണം ഉപയോഗിച്ച് പ്രതി മദ്യം ഉള്‍പ്പെടെ വാങ്ങിയെന്നാണ് പൊലീസ് പറയുന്നത്.

ചാലക്കുടിക്കടുത്ത് പോട്ടയിലെ ഫെഡറല്‍ ബാങ്ക് ശാഖയില്‍ വെള്ളിയാഴ്ച ഉച്ചഭക്ഷണ സമയത്തായിരുന്നു നാടിനെ ഞെട്ടിച്ച കവര്‍ച്ച നടന്നത്. കറുത്ത ഹെല്‍മെറ്റും ജാക്കറ്റും കൈയുറകളും ധരിച്ചായിരുന്നു മോഷണം. പോട്ട ചെറുപുഷ്പം പള്ളിയുടെ നേരേ എതിര്‍വശത്ത് പഴയ ദേശീയപാതയിലാണ് ബാങ്ക് സ്ഥിതിചെയ്യുന്നത്.

രണ്ടു മുതല്‍ രണ്ടര വരെയാണ് ബാങ്കില്‍ ഉച്ചഭക്ഷണത്തിനുള്ള സമയം. കൃത്യം 2.12-നാണ് മോഷ്ടാവ് ബാങ്കിനുള്ളില്‍ പ്രവേശിച്ചത്. ബാങ്കിന് മുന്നില്‍ നിര്‍ത്തിയിട്ട കാറിന് പിന്നിലായി സ്‌കൂട്ടര്‍ നിര്‍ത്തിയാണ് ഇയാള്‍ അകത്ത് കയറിയത്.

ഏഴ് ജീവനക്കാരുള്ള ബാങ്കില്‍ സുരക്ഷാ ജീവനക്കാരില്ലായിരുന്നു. ഒരാള്‍ ഭക്ഷണം കഴിക്കാന്‍ പുറത്തുപോയിരുന്നു. മറ്റ് നാലുപേര്‍ മുറിയിലിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. മോഷണം നടന്ന് മൂന്നാമത്തെ ദിവസമാണ് പൊലീസ് പ്രതിയെ കണ്ടെത്തുന്നത്. ഈ മൂന്ന് ദിവസങ്ങളിലും പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഉറക്കമോ അവധിയോ ഇല്ലായിരുന്നു. എല്ലാ വഴികളും അടച്ചായിരുന്നു പ്രതി രക്ഷപ്പെട്ടത്. സിസിടിവി കേന്ദ്രീകരിച്ചായിരുന്നു തുടക്കത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചത്. തെളിവുകളോ സൂചനകളോ ഇല്ലാത്ത കേസില്‍ പൊലീസുകാര്‍ ഒത്തൊരുമയോടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി വലയിലായത്.

ഉന്നത പൊലീസ് അധികാരികളുമായി ദിവസവും പലവട്ടം വിഡിയോ കോണ്‍ഫറന്‍സ് നടത്തി അന്വേഷണം വിലയിരുത്തി. സൈബര്‍ ടീമുകളുടെ സഹായവും തേടി. ഒടുവില്‍ പ്രതി വലയിലാകുകയും ചെയ്തു. റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.

Related Articles
Next Story
Share it